ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ നിര്‍ദേശങ്ങളുമായി ഡി ജി പി

Posted on: March 10, 2018 11:59 am | Last updated: March 10, 2018 at 11:59 am

തിരുവനന്തപുരം: സംസ്ഥാനത്ത് ചുമതലയേറ്റ 203 പോലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കിയ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് അധിക നിര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പുറപ്പെടുവിച്ചു. എസ് എച്ച് ഒമാരായി ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചത് കാര്യക്ഷമതയും പ്രവര്‍ത്തനമികവും വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. അത് കൂടുതല്‍ ഫലപ്രദവും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശങ്ങള്‍.
ഇനിമുതല്‍ ഇന്‍സ്‌പെക്ര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കായിരിക്കും അവരവര്‍ക്ക് ചുമതല നല്‍കിയിട്ടുള്ള സ്റ്റേഷനുകളുടെ പൂര്‍ണ ഉത്തരവാദിത്വം. ഇത്തരം എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്രമസമാധാനപാലനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ചുമതലക്കാരായി രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടായിരിക്കും. ഓരോ സ്റ്റേഷന്റെയും സാഹചര്യത്തിനനുസരിച്ച് കുറ്റാന്വേഷണ വിഭാഗത്തിന് വേണ്ട അംഗസംഖ്യ ജില്ല പോലീസ് മേധാവി വിഭജിച്ചു നല്‍കണം.
സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി നോട്ട് ബുക്ക് എഴുതുക, പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുക, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കുക, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, സമന്‍സിന്റെയും വാറണ്ടിന്റെയും അടക്കം ചുമതലകള്‍ എന്നിവ സ്റ്റേഷനുകളിലെ ക്രമസമാധാന ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍മാരാണ് നിര്‍വഹിക്കേണ്ടത്. ഗൗരവസ്വഭാവമുള്ള പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ പരിഗണനക്കും ഉത്തരവിലേക്കുമായി കൈമാറ്റം ചെയ്യണം. കേസ് രജിസ്റ്റര്‍ ചെയ്യുന്നപക്ഷം അന്വേഷണത്തിന് ക്രൈം സബ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തണം.
കേസന്വേഷണങ്ങളുടെ ആകെ മേല്‍നോട്ടവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഗുരുതര കേസുകളിലെ അന്വേഷണ ചുമതലയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നിര്‍വഹിക്കണം. മുമ്പുണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസുകള്‍ പോലീസ് സ്റ്റേഷന്‍ നിലനില്‍ക്കുന്ന കോമ്പൗണ്ടില്‍ തന്നെയാണെങ്കില്‍ പ്രസ്തുത ഓഫീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഓഫീസായി ഉപയോഗിക്കണം. പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്താണ് സര്‍ക്കിള്‍ ഓഫീസുകളെങ്കില്‍ അത് പോലീസുദ്യോഗസ്ഥരുടെ വിശ്രമമുറിയായോ കേസ് എഴുതാനിരിക്കുന്നവരുടെ മുറിയായോ ഉപയോഗപ്പെടുത്തണം. പഴയ സര്‍ക്കിള്‍ ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന സര്‍ക്കിളിലെ മറ്റു പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ അതത് പോലീസ് സ്റ്റേഷനുകളികളിലേക്ക് തിരിച്ചയക്കണം. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും ഉറപ്പാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.