യു എ ഇയിലേക്ക് തൊഴില്‍ വിസ: പാസ്‌പോര്‍ട്ട് ഓഫീസുകള്‍ നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റ് തള്ളുന്നു

Posted on: March 10, 2018 6:22 am | Last updated: March 9, 2018 at 11:59 pm
SHARE

മലപ്പുറം: യു എ ഇയിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴി നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) വിദേശകാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് തള്ളുന്നു. ജില്ലാ പോലീസ് ഓഫീസ്, ലോക്കല്‍ പോലീസ് ലഭിച്ച സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്ന നിര്‍ബന്ധമാണ് ഓണ്‍ലെനായി അപേക്ഷിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നത്. ഫെബ്രുവരി നാലിനാണ് യു എ ഇ പുതിയ നിയമം നടപ്പാക്കിയത്. പിന്നീട് ദുബൈ ഈ നിയമം പിന്‍വലിച്ചെങ്കിലും മറ്റ് ആറ് എമിറേറ്റുകളിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് ബാധകമാണ്.
ഓണ്‍ലൈനായി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുമ്പോള്‍ തന്നെ 500 രൂപ ഫീസടച്ച് അപേക്ഷ നല്‍കുന്നവര്‍ക്ക് ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റുകളാണ് അറ്റസ്റ്റ് ചെയ്യാതെ തിരിച്ചയക്കുന്നത്. ഇത്തരത്തില്‍ നൂറുകണക്കിന് പേരുടെ അപേക്ഷകളാണ് ദിവസവും മടങ്ങുന്നത്. അപേക്ഷകന്റെ പേരില്‍ എന്തെങ്കിലും കേസുണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിവരം പോലീസിനാണ് കൃത്യമായി ലഭ്യമാകുക എന്നതാണ് പോലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രം അംഗീകരിച്ചാല്‍ മതിയെന്ന തീരുമാനത്തിന് പിന്നില്‍.

ഒരു മാസം മുമ്പ് മാത്രം നിലവില്‍ വന്ന നിയമത്തെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരാണ് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്. ഇവരാണ് വെട്ടിലാകുന്നതും. നോട്ടറി, സംസ്ഥാന ആഭ്യന്തര വകുപ്പ്, വിദേശകാര്യ മന്ത്രാലയം, യു എ ഇ കോണ്‍സുലേറ്റ് എന്നിവരുടെയെല്ലാം അറ്റസ്റ്റേഷന്‍ ലഭിച്ചാല്‍ മാത്രമേ വിസയടിക്കാന്‍ സാധിക്കുകയുള്ളൂ. ജില്ലാ പോലീസ്, ലോക്കല്‍ പോലീസ് വഴി അപേക്ഷിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നുണ്ട്.

തിരുവനന്തപുരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിലെ അറ്റസ്റ്റേഷന് അപേക്ഷകന് നേരിട്ട് ഹാജരാകാന്‍ കഴിയില്ല. ഇതിന് അംഗീകൃത ഏജന്റുമാര്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. ഇവിടെ നിന്ന് അഞ്ച് ദിവസം കൊണ്ട് അറ്റസ്റ്റ് ചെയ്ത് ലഭിക്കുന്നതായി ട്രാവല്‍സ് ഉടമകള്‍ പറയുന്നു. അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അപേക്ഷന്‍ തിരുവനന്തപുരത്ത് തന്നെയുള്ള യു എ ഇ കോണ്‍സുലേറ്റില്‍ നേരിട്ട് ഹാജരാകണം. യു എ ഇ കോണ്‍സുലേറ്റില്‍ 155 ദിര്‍ഹത്തിന് സമാനമായി സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 3300 രൂപ നല്‍കണം. ഇന്ത്യന്‍ രൂപയായി സ്വീകരിക്കാത്തതിനാല്‍ താത്കാലിക ക്രെഡിറ്റ് കാര്‍ഡ് നല്‍കി ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് രീതി. ബയോ മെട്രിക് പരിശോധന, വിസ സ്റ്റാമ്പിംഗ് എന്നിവക്കായി 6250 രൂപ, മെഡിക്കല്‍ അറ്റസ്റ്റേഷന് 3300 രൂപയും നല്‍കണം.

പുതിയ നിയമപ്രകാരം നേരത്തെ യു എ ഇയില്‍ നിന്ന് മാത്രം മതിയായിരുന്ന മെഡിക്കല്‍ പരിശോധന ഇവിടെ വെച്ച് തന്നെ നടത്തേണ്ടതുണ്ട്. ഇതിന് 5000 രൂപയാണ് ചെലവ് വരുന്നത്. യാത്ര ഉള്‍പ്പടെ ഇരുപതിനായിരം രൂപയോളം ഇതിനെല്ലാമായി അപേക്ഷകന് ചെലവിടേണ്ടി വരുന്നുണ്ട്. ഇതേ നടപടിക്രമങ്ങളെല്ലാം യു എ ഇയില്‍ എത്തിയിട്ടും ചെയ്യണം.
യു എ ഇ സര്‍ക്കാറിന് ഗുണകരമാകുന്ന ഈ നിയമം യാത്രക്കാര്‍ക്ക് സാമ്പത്തിക ചെലവേറിയതാണ്. വിദേശത്തെത്തി മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെടുന്നതും പാസ്‌പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ കാരണവും നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകുമെന്നതാണ് യാത്രക്കാര്‍ക്കുള്ള ഗുണം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പരമാവധി ഒഴിവാക്കുക എന്നതാണ് യു എ ഇ സര്‍ക്കാര്‍ ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

സ്വഭാവ സര്‍ട്ടിഫിക്കറ്റ് അപേക്ഷ പോലീസ് വഴിയാക്കുക

വിദേശത്തേക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റിന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്ക് പകരം ജില്ലാ പോലീസ് ഓഫീസ്, താമസ പരിധിയിലെ പോലീസ് സ്റ്റേഷന്‍ വഴി അപേക്ഷിക്കുന്നതാണ് ഉചിതം. പാസ്‌പോര്‍ട്ട് (ഒറിജിനലും കോപ്പിയും), ആധാര്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍ മാത്രം) എന്നിവയാണ് അപേക്ഷക്കൊപ്പം ഹാജരാക്കേണ്ടത്. 14 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിര്‍ദേശമുള്ളതെങ്കിലും അഞ്ച് ദിവസത്തിനകം ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here