എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുന്നത് പരിശോധിക്കണം

Posted on: March 10, 2018 6:13 am | Last updated: March 9, 2018 at 11:43 pm

ന്യൂഡല്‍ഹി:  കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ വിമാനത്താവളമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന് പുനഃപരിശോധിക്കാവുന്നതാണെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം ചോദ്യം ചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കേരളാ മുസ്‌ലിം ജമാഅത്തും നല്‍കിയ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമുണ്ടെന്ന് ടെക്നിക്കല്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് ഇക്കാര്യം പുനഃപരിശോധിക്കാവുന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കോടതിക്ക് ഉത്തരവിടാനാകില്ല. ഇതൊരു സാങ്കേതിക വിഷയമാണെന്നും ബഞ്ച് വ്യക്തമാക്കി.

തുടര്‍ച്ചയായി നാല് തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ രണ്ടായിരത്തില്‍ താഴെയാണെന്നും ഇവര്‍ക്ക് ഇക്കുറി അവസരം നല്‍കണമെന്നും ഹജ്ജ് കമ്മിറ്റി കോടതിയില്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യം ന്യായമാണെന്ന് വ്യക്തമാക്കിയ കോടതി, ഏതെങ്കിലും നിലയില്‍ ഇവര്‍ക്ക് ഇക്കുറി ഹജ്ജിന് അവസരം നല്‍കാനാകുമോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കുറി ഹജ്ജിന് പോകേണ്ടവരുടെ നറുക്കെടുപ്പ് കഴിഞ്ഞുവെന്നും അഡ്വാന്‍സ് തുക കൈപ്പറ്റിയെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇനി അതില്‍ മാറ്റം വരുത്താനാകില്ലെന്നും ഈ ഘട്ടത്തില്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സഊദി അറേബ്യ അധികമായി അനുവദിച്ച അയ്യായിരം സീറ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അലോട്ട് ചെയ്തിട്ടുണ്ട്. അതിലേക്കുള്ള നറുക്കെടുപ്പ് നടന്നിട്ടില്ലെങ്കിലും ഈ സീറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകര്‍ക്ക് കൊടുക്കേണ്ടി വരുമെന്നും ഇത് അഞ്ചാം തവണക്കാര്‍ക്ക് നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അഞ്ചാം തവണക്കാരായ എത്ര അപേക്ഷകരെ ഇക്കുറി ഹജ്ജിന് കൊണ്ടുപോകാന്‍ സാധിക്കുമെന്ന കാര്യം ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

കേരള മുസ്‌ലിം ജമാഅത്തിന് വേണ്ടി അഡ്വ. ഹര്‍ഷദ് വി ഹമീദ്, അഡ്വ. ദിലീപ് പൂലക്കോട്ട് എന്നിവര്‍ ഹാജരായി.