അമ്മ മനസ് കെഞ്ചുന്നു; മക്കളുടെ സ്‌നേഹ സാമീപ്യത്തിനായി

വാര്‍ധക്യത്തിന് ശിക്ഷ നടതള്ളല്‍
Posted on: March 10, 2018 6:30 am | Last updated: March 9, 2018 at 11:37 pm
ഗൗരിക്കുട്ടിയമ്മ

കൊച്ചി: നടതള്ളിയ മക്കള്‍ ഒരു നാള്‍ തിരിച്ചുവിളിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ജീവിതസായാഹ്നത്തില്‍ ഒരമ്മ. അഞ്ച് മക്കളെ നൊന്ത് പ്രസവിച്ച് പോറ്റി വളര്‍ത്തിയ എണ്‍പത്തഞ്ചുകാരിയായ ഗൗരിക്കുട്ടിയമ്മക്ക് ഇന്ന് ആഗ്രഹം ഒന്നേയുള്ളൂ; എത്രയും പെട്ടെന്ന് മക്കളുടെ അരികിലെത്തണം, അവരെ ശുശ്രൂഷിച്ച് മരണം വരെ അവര്‍ക്കിടയില്‍ കരുതലിന്റെയും കാരുണ്യത്തിന്റെയും കരങ്ങളായി ജീവിക്കണം. എന്നാല്‍ അഹങ്കാരത്തിന്റെ ജീവിതപ്പാച്ചിലിനിടെ മക്കള്‍ അമ്മയെ സംരക്ഷിക്കാനാകില്ലെന്ന് തറപ്പിച്ച് പറയുന്നു.

കഴിഞ്ഞ മൂന്ന് ആഴ്ചയായി തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത് പാമ്പന്‍ റെയില്‍വേ സ്റ്റേഷനില്‍ അവശ നിലയില്‍ കഴിയുകയായിരുന്നു കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശിനിയായ ഗൗരിക്കുട്ടിയമ്മ. ഇവരുടെ അഞ്ച് മക്കളില്‍ രണ്ട് പേര്‍ നേരത്തെ മരിച്ചു. അമ്മയെ മറന്നും അവഗണിച്ചും കഴിയുന്ന ശേഷിക്കുന്ന മക്കളുടെ ന്യായീകരണമാണ് ഏറെ പരിതാപകരം. അമ്മയെ നോക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന ന്യായമാണ് ഒരു മകന് പറയാനുള്ളത്. ഗള്‍ഫിലുള്ള മറ്റൊരു മകന് പ്രായമായ അമ്മയെ വേണ്ടത്രെ. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നാണ് ഏക മകള്‍ പറയുന്നത്. സ്വയം ഇറങ്ങിപ്പോയ അമ്മ സ്വയം തിരിച്ചുവരട്ടെയെന്നാണ് മകളുടെ നിലപാട്.

ഇടത് കൈയിലെ മുട്ടിന് താഴെ ആഴത്തില്‍ രൂപപ്പെട്ട മുറിവിന് ആവശ്യമായ പരിചരണം പോലും ലഭിക്കാതെ റെയില്‍വേ സ്റ്റേഷന്‍ വരാന്തയില്‍ പേപ്പര്‍ വിരിച്ചാണ് ഗൗരിക്കുട്ടിയമ്മയുടെ കിടപ്പ്. മലയാളം മാത്രം അറിയുന്ന വയോധിക പാമ്പന്‍ സ്റ്റേഷനില്‍ അവശതയോടെ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പീപ്പിള്‍സ് വോയ്‌സ് ഓഫ് കേരളയുടെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വിവരം തിരക്കുകയായിരുന്നു. രമണിക്കുട്ടിയെന്നാണ് പേരെന്നും ആനന്ദന്‍, രാജന്‍, ലത എന്നിവര്‍ മക്കളാണെന്നും കുറ്റിപ്പുറം ആലുംപീടികയാണ് സ്വദേശമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് അന്വേഷണം നടത്തിയെങ്കിലും ഉറ്റവരാരേയും കണ്ടെത്താനായില്ല. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ജില്ലയിലെ ഓച്ചിറ ആലുംപീടികയാണ് ഇവരുടെ സ്വദേശമെന്ന് കണ്ടെത്തിയത്. ഇവരുടെ പേര് രമണിക്കുട്ടിയല്ലെന്നും ഗൗരിക്കുട്ടിയെന്നാണെന്നും പിന്നീട് തിരിച്ചറിഞ്ഞു.

സ്റ്റേഷനില്‍ ട്രെയിനുകള്‍ എത്തുമ്പോഴെല്ലാം കുറ്റിപ്പുറത്ത് പോകുമോയെന്ന്് ആരായുന്ന ഗൗരിക്കുട്ടിയമ്മക്ക് കൂട്ടിന് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മാത്രമാണുള്ളത്. രണ്ട് മാസത്തിലേറെ കാലം ഓച്ചിറ അമ്പലത്തിന്റെ പരിസരത്ത് ഗൗരിക്കുട്ടിയമ്മയെ കണ്ടതായി പരിസരവാസികള്‍ പറയുന്നു. ഇവരെ അമ്പലത്തില്‍ നടതള്ളിയതാകാമെന്നാണ് കരുതുന്നത്. പിന്നീട് പാമ്പന്‍ സ്റ്റേഷനില്‍ എത്തിപ്പെടുകയായിരുന്നു.
പീപ്പിള്‍സ് വോയ്‌സ് ഓഫ് കേരളയുടെ നേതൃത്വത്തില്‍ ഗൗരിക്കുട്ടിയമ്മയെ സ്വദേശത്തേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും ഏറ്റെടുക്കാന്‍ മക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആ ശ്രമം പാളി. വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ ചെലവുകളെല്ലാം ഉറപ്പ് നല്‍കിയിട്ടും മക്കളുടെ മനസലിയുന്നില്ല. ഗൗരിക്കുട്ടിയമ്മയുടെ അന്തിമ ആഗ്രഹമെങ്കിലും സഫലമാകാന്‍ അധികാരികള്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് വോയ്‌സ് ഓഫ് കേരള.