Connect with us

Kerala

ജയില്‍ ചാടിയ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

Published

|

Last Updated

കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്ക് ശേഷം പിടികൂടി. അയല്‍വാസിയുടെ വീടിന് തീവെച്ച സംഭവത്തില്‍ ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കൂട്ടാലിട അവിടനല്ലൂര്‍ ഒച്ചുമ്മല്‍ അനില്‍കുമാറാ(39)ണ് ഇന്നലെ രാവിലെ 9.30ഓടെ രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കേസിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ അനില്‍കുമാര്‍ എത്തിയത്. റിമാന്‍ഡ് പ്രതിയായതിനാല്‍ ഇയാളെ തോട്ടം ജോലിക്കായി പുറത്തിറക്കാറുണ്ട്. തേങ്ങ പറിക്കാരനായ അനില്‍കുമാറിനെ ഇന്നലെ പതിവ് പോലെ ഏഴ് മണിയോടെ പുറത്തിറക്കിയപ്പോഴാണ് ജയില്‍ വാര്‍ഡന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലാ ജയില്‍ സൂപ്രണ്ട് പി അനില്‍ കുമാറിന്റെ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം 5.30ന് വീടിനടുത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
രക്ഷപ്പെട്ട പ്രതി വീട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജില്ലാ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ബൈജുവിന്റെ നേതൃത്വത്തിലുള്ള ജയില്‍ ഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങിയത്. വീടിനടുത്തുള്ള വയലിലൂടെ 15 മിനുട്ടോളം ഓടിയ പ്രതിയെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കസബ സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest