Connect with us

Kerala

ലൈറ്റ് മെട്രോ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതിനുവേണ്ടുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. കേന്ദ്രാനുമതി ലഭിക്കുന്ന മുറക്ക് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ മുരളീധരന്റെ അടിയന്തിര പ്രമേയ നോട്ടീസിന്മേല്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം ലൈറ്റ് മെട്രോയില്‍ നിന്ന് ഇ ശ്രീധരനും ഡി എം ആര്‍ സിയും പിന്‍മാറിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ലൈറ്റ് മെട്രോ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ കേന്ദ്രാനുമതിയോടുകൂടി മാത്രമേ പദ്ധതി നടപ്പിലാക്കാനാകൂ. ഇല്ലെങ്കില്‍ 1278 കോടി രൂപ സര്‍ക്കാറിന്റെ ബാധ്യതയായി മാറും. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ഈ തുക കേരളത്തിന് താങ്ങാനാകുന്നതല്ല. സാമ്പത്തിക ബാധ്യത തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ഒരു ഉന്നതതല സമിതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇ ശ്രീധരനും ഡി എം ആര്‍ സിയും പോയാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വേറെ ആരുവരുമെന്ന് അടിയന്തിര പ്രമേയ നോട്ടീസ് അവതിരിപ്പിച്ച് മുരളീധരന്‍ ചോദിച്ചു. ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ച് 15 മാസമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ഇ ശ്രീധരന്റെ ഓഫീസ് അനുമതി ചോദിച്ചിട്ടും മുഖ്യമന്ത്രി സമയം അനുവദിച്ചില്ല. ശ്രീധരനിലും ഡി എം ആര്‍ സിയിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. ലൈറ്റ് മെട്രോയുടെ ലാഭനഷ്ടക്കണക്ക് നോക്കേണ്ടതില്ല. നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. മുഖ്യമന്ത്രി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഡി എം ആര്‍ സിയുടെ സംശയം ദൂരീകരിച്ച് പദ്ധതി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ലൈറ്റ് മെട്രോ പദ്ധതിയുടെ വരുമാനത്തില്‍ നിന്നുള്ള ലാഭ നഷ്ട കണക്ക് സര്‍ക്കാര്‍ കണക്കാക്കുന്നില്ലെന്നും പദ്ധതി യാഥാര്‍ഥ്യമാകുമെന്നതില്‍ ഒരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാകുന്നതിന് മുന്‍പുതന്നെ ചില പ്രാരംഭ നടപടികള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനും അതിനാവശ്യമായ സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നല്‍കി. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ കേശവദാസപുരം വരെയും കേഴിക്കോട് മാനാഞ്ചിറ മുതല്‍ മീഞ്ചന്തവരെയുള്ള പാത വികസനത്തിനും സ്ഥലമെടുപ്പിനും ഭരണാനുമതി നല്‍കി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ശ്രീകാര്യം ജംഗ്ഷനില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ഇന്ന് നടക്കാനിരിക്കയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിഷേധിക്കുകയായിരുന്നു.

ഇ ശ്രീധരനോട് ആദരവ് മാത്രം

തിരുവനന്തപുരം: രാജ്യത്തിനുവേണ്ടി വളരെ പ്രശസ്തമായ രീതിയില്‍ ഔദ്യോഗിക സേവനം നിര്‍വഹിക്കുന്ന വ്യക്തിയാണ് മെട്രോമാന്‍ ഇ ശ്രീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. അദ്ദേഹത്തോട് എന്നും നല്ല ആദരവുമാത്രമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. അദ്ദേഹത്തെ നിരവധി പ്രാവശ്യം നേരിട്ട് കണ്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇനിയും അദ്ദേഹത്തെ കാണാന്‍ തടസമൊന്നും സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈറ്റ് മെട്രോ പദ്ധതിയുമായി അദ്ദേഹം ഉദ്ദേശിക്കുന്ന അതേ ധൃതിയില്‍ മുന്നോട്ടു നീങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഴിയുന്നില്ല. അതുകൊണ്ട് കേന്ദ്ര അനുമതി ലഭിച്ചശേഷം മാത്രം നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാമെന്ന് ഇ ശ്രീധരനെ അറിയിച്ചു. ഇതു മാത്രമാണ് ഏക വിയോജിപ്പായി കാണാനാകുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് മറ്റേതെങ്കിലും തരത്തിലുള്ള അനാദരവ് സര്‍ക്കാര്‍ കാണിച്ചിട്ടില്ല.

 

Latest