Connect with us

National

നിതീഷ് കുമാറിന് പരീക്ഷണമാകും

Published

|

Last Updated

പാറ്റ്‌ന: ബിഹാറില്‍ മഹാസഖ്യം ഉപേക്ഷിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷണം നേരിടാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍. നാളെയാണ് ഉപതിരഞ്ഞെടുപ്പ്. അരാരിയ ലോക്‌സഭാ സീറ്റിലേക്കും ഭാബുവ, ജിഹാനാബാദ് നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ്. ജിഹാനാബാദില്‍ ജെ ഡി (യു)വും മറ്റ് സീറ്റുകളില്‍ ബി ജെ പിയുമാണ് മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ ജെ ഡി (യു) സ്ഥാനാര്‍ഥികള്‍ മാത്രം മതിയെന്നായിരുന്നു നിതീഷ് കുമാറിന്റെ നിലപാട്. എന്നാല്‍, പിന്നീട് ബി ജെ പിയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടി വന്നു. എന്‍ ഡി എക്കും കോണ്‍ഗ്രസും ആര്‍ ജെ ഡിയും അടങ്ങുന്ന മറുപക്ഷത്തിനും അഭിമാന പോരാട്ടമായിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പ്. ഭാബുവയില്‍ കോണ്‍ഗ്രസും മറ്റിടങ്ങളില്‍ ആര്‍ ജെ ഡിയുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ആര്‍ ജെ ഡിയുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് ജെ ഡി (യു) ബി ജെ പിയുമായി സഖ്യത്തിലായത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് ഏറെ സഹായകമായ മുസ്‌ലിം- ദളിത് സമൂഹങ്ങളുടെ പിന്തുണ ഇപ്പോഴും നിതീഷ് കുമാറിനുണ്ടോയെന്നതും തിരഞ്ഞെടുപ്പ് തെളിയിക്കും. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ എന്‍ ഡി എയിലെ ശക്തമായ കക്ഷി കൂടിയായി ജെ ഡി (യു) മാറും.
നിതീഷ് കുമാര്‍ എന്‍ ഡി എയിലായിരുന്ന 2004, 2009 കാലങ്ങളില്‍ അരാരിയ ലോക്‌സഭാ സീറ്റില്‍ ബി ജെ പിയാണ് വിജയിച്ചത്. മഹാസഖ്യം രൂപവത്കരിച്ചതിന് ശേഷമുള്ള 2014ലെ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയുടെ തസ്‌ലിമുദ്ദീന്‍ ബി ജെ പിയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ചു. മുസ്‌ലിംകള്‍ ധാരാളമുള്ള സീമാഞ്ചല്‍ മേഖലയിലാണ് ഈ ലോക്‌സഭാ മണ്ഡലം.