Connect with us

National

ബലാത്സംഗത്തിന് വധശിക്ഷ

Published

|

Last Updated

ജയ്പൂര്‍: പന്ത്രണ്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ഭേദഗതി ബില്‍ രാജസ്ഥാന്‍ നിയമസഭ പാസ്സാക്കി. ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കഠാരിയ അവതരിപ്പിച്ച ക്രിമിനല്‍ കുറ്റങ്ങള്‍ (രാജസ്ഥാന്‍ ഭേദഗതി) ബില്‍ 2018 ചര്‍ച്ചക്ക് ശേഷം ശബ്ദവോട്ടോടെ പാസ്സാക്കുകയായിരുന്നു.
പന്ത്രണ്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയോ 14 മുതല്‍ 20 വരെ വര്‍ഷത്തില്‍ കുറയാത്ത കഠിന തടവോ നല്‍കുമെന്നതാണ് ഭേദഗതി. ബാല പീഡകര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ നല്‍കുന്നതാണ് ഭേദഗതി ബില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 14 വര്‍ഷത്തെ തടവുശിക്ഷക്ക് ശേഷം പ്രതി ജയില്‍ വിടുന്നില്ലെന്നത് ഉറപ്പുവരുത്തും. മധ്യപ്രദേശിന് ശേഷം ബാലികകളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമായിരിക്കുകയാണ് ഇതോടെ രാജസ്ഥാന്‍. മധ്യപ്രദേശ് നിയമസഭ കഴിഞ്ഞ വര്‍ഷം സമാന ബില്‍ പാസ്സാക്കിയിരുന്നു.12ഉം അതിന് താഴെയുമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്ലാണ് മധ്യപ്രദേശ് പാസ്സാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ, രാജസ്ഥാനില്‍ കുട്ടികള്‍ക്കെതിരെയുള്ള കേസുകള്‍ കുതിച്ചുയര്‍ന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍ സി ആര്‍ ബി) റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ ഇത്തരം 4034 കേസുകളാണുണ്ടായത്. രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കെതിരായ കുറ്റങ്ങളുടെ 3.8 ശതമാനം വരുമിത്. 2015ല്‍ ഇത്തരം 3689 കേസുകളാണുണ്ടായത്.

Latest