മഹാരാഷ്ട്രയില്‍ കൂറ്റന്‍ കര്‍ഷക റാലി

തിങ്കളാഴ്ച നിയമസഭ വളയും റാലിയില്‍ കാല്‍ ലക്ഷം കര്‍ഷകര്‍
Posted on: March 10, 2018 6:15 am | Last updated: March 9, 2018 at 11:09 pm
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന
കര്‍ഷക റാലിയില്‍ നിന്ന്‌

താനെ: മഹാരാഷ്ട്ര സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കാല്‍ ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലി ആരംഭിച്ചു. ഇന്നലെ താനെയിലെത്തിയ റാലി മുംബൈയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണുള്ളത്. തിങ്കളാഴ്ച മഹാരാഷ്ട്ര നിയമസഭാ സമുച്ഛയം വളയുകയാണ് ലക്ഷ്യം.
ചുവപ്പ് കുപ്പായവും തൊപ്പിയും ധരിച്ച് അരിവാള്‍- ചുറ്റികയുള്ള കൊടിയുമേന്തിയാണ് കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുന്നത്. നാഷികില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് റാലി ആരംഭിച്ചത്. മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരം കാല്‍നടയായാണ് പോകുന്നത്. ഓരോ 30 കിലോമീറ്റര്‍ ദൂരമാകുമ്പോഴും വിശ്രമിക്കും. വായ്പ പൂര്‍ണമായും എഴുതിത്തള്ളുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.
കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരന്തരമുണ്ടാകുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ ഫട്‌നാവിസ് സര്‍ക്കാറിന് തലവേദനയാകുന്നുണ്ട്. വ്യവസ്ഥകളോടെ 34,000 കോടി രൂപയുടെ കര്‍ഷക വായ്പ ഇളവ് നല്‍കുമെന്ന് കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിച്ചില്ല. വായ്പാ ഇളവിന് അപേക്ഷിച്ചിട്ട് മൂന്ന് മാസമായിട്ടും നടപടിയുണ്ടായില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമി സ്വന്തം പേരിലായി ലഭിക്കാത്തതിലും കര്‍ഷകര്‍ക്ക് അമര്‍ഷമുണ്ട്. നാഷിക്, താനെ, പല്‍ഘാര്‍ എന്നിവിടങ്ങളില്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത നദി ബന്ധിപ്പിക്കല്‍ പദ്ധതി പൂര്‍ണമായും ഒഴിവാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. അഖിലേന്ത്യ കിസാന്‍ സഭയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂണ്‍ മുതല്‍ സംസ്ഥാനത്ത് 1753 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. അപ്രതീക്ഷിത മഴയിലും കീടാക്രമണത്തിലും വിള നഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരമായി 2400 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫണ്ട് ലഭിച്ചില്ലെന്ന് സംസ്ഥാന കൃഷി മന്ത്രി പണ്ഡുരാംഗ് ഫുന്ദ്കര്‍ പറഞ്ഞു.