അസ്തമിക്കാറായ ഇന്ത്യന്‍ ജനാധിപത്യം

Posted on: March 10, 2018 6:30 am | Last updated: March 9, 2018 at 10:57 pm

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി തീവ്ര ഹൈന്ദവതയുടെ രാഷ്ട്രീയ രൂപം അതിന്റെ വിജയക്കൊടി പറത്തി അധികാരത്തിലെത്തിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ പാര്‍ലിമെന്ററി ഡെമോക്രസിയെ ഉപയോഗിച്ചു കൊണ്ട് നേടിയ തിരഞ്ഞെടുപ്പ് വിജയം എന്നുള്ള നിലക്ക് ജനഹിതത്തിന്റെ പ്രതിഫലനമായിത്തന്നെ കരുതാം മോദിയും അമിത് ഷായും തന്ത്രം മെനഞ്ഞ് തരപ്പെടുത്തിയ ഈ വിജയത്തെ. അതില്‍ തന്നെ ഏറ്റവും ശ്രദ്ധേയവും ചര്‍ച്ച ചെയ്യപ്പെടുന്നതും കാല്‍ നൂറ്റാണ്ട് പിന്നിട്ട ത്രിപുരയിലെ മണിക്ക് സര്‍ക്കാറിന്റെ ഗവണ്‍മെന്റിനെ അട്ടിമറിച്ച് ബി ജെ പി നേടിയെടുത്ത വിജയമാണ്. കോണ്‍ഗ്രസ്, ജനതാദള്‍, സമാജ് വാദി പോലുള്ള കക്ഷികളില്‍ നിന്നും അധികാരം പിടിച്ചെടുക്കല്‍ ബി ജെ പി പലപ്പോഴും എളുപ്പത്തില്‍ സാധിച്ചെടുത്തതാണ്. യു പിയിലും ബിഹാറിലും മഹാരാഷ്ട്രയിലും എല്ലാം ഇത്തരം അധികാര മാറ്റത്തിന് സാക്ഷ്യം വഹിച്ചതാണ്. പക്ഷേ ഇടതുപക്ഷത്തിന്റെ കൈയില്‍ നിന്നും അധികാരത്തിന്റെ ചെങ്കോല്‍ അത്ര എളുപ്പത്തിലൊന്നും തട്ടിയെടുക്കാന്‍ ബി ജെ പിക്ക് കഴിയുമെന്ന് അധികപേരും കരുതിയതല്ല. ഒരു പക്ഷേ മോദിയും അമിത് ഷായും പോലും ഇതത്ര എളുപ്പത്തില്‍ ഒപ്പിച്ചെടുക്കാമെന്ന് കരുതിയിട്ടുണ്ടാവില്ല. കാരണം സി പി എം പോലുള്ള പാര്‍ട്ടിക്കുണ്ടെന്ന് നാം കരുതിയിരുന്ന കേഡര്‍ സ്വഭാവവും സംഘടനാ ചട്ടക്കൂടും ഭേദിക്കല്‍ അല്‍പ്പം ബുദ്ധിമുട്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതിയിരുന്നു. അത് മറികടന്ന് ഇന്ത്യന്‍ ഹൈന്ദവ വര്‍ഗീയതയെ ബദലായി തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ മോദിക്കും അമിത് ഷാക്കും കഴിഞ്ഞു.
ഇതൊരു ചെറിയ കാര്യമല്ല. തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ എന്നും ഏറ്റവും വലിയ വിലങ്ങുതടിയായി നിലകൊണ്ടിരുന്നത് ഇടതുപക്ഷം ആണെന്ന് അവര്‍ മുമ്പേ തിരിച്ചറിഞ്ഞതാണ്. അതിന്റെ ഒരു പ്രധാന കാരണം ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ സംഘട്ടനത്തിന്റെ ഭാഗം കൂടിയായി കണക്കാക്കണം. ഇന്ത്യയിലെ വലതുപക്ഷങ്ങള്‍ തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ അന്തരം വളരെ നേര്‍ത്തതാണ്. തീവ്ര ഹൈന്ദവത വേണോ മൃദുഹിന്ദുത്വം മതിയോ പോലുള്ള വര്‍ഗീയ അജന്‍ഡകള്‍ മാത്രമാണ് വലതുപക്ഷങ്ങള്‍ക്കിടയിലെ ആശയപരമായ ഭിന്നതകള്‍. മറ്റു സാമ്പത്തിക നയങ്ങളിലും ഉദാരീകരണത്തോടും ആഗോള ഭീമന്‍ കുത്തകകളോടുമുള്ള സമീപനങ്ങളില്‍ ഇന്ത്യയിലെ ഭരണവലതുപക്ഷവും പ്രതിപക്ഷ വലതുപക്ഷവും തമ്മില്‍ പറയത്തക്ക അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. അപ്പോള്‍ പിന്നെ ബി ജെ പി, ആര്‍ എസ് എസ് പോലുള്ള തീവ്രവലതുപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് അവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ തടസ്സമായി വരിക സ്വഭാവികമായും കമ്മ്യൂണിസ്റ്റുകള്‍ അടങ്ങുന്ന ഇടതുപക്ഷങ്ങള്‍ തന്നെയാകും. അതിനെ നേരിട്ടുള്ള ശക്തമായ ഒരു പോരാട്ടത്തിലൂടെ മറികടന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കില്‍ കൂടി ത്രിപുരയില്‍ ബി ജെ പി നേടിയെടുത്ത വിജയത്തെ കുറച്ചു കാണേണ്ടതില്ല. ഇത് ശക്തമായൊരു സൂചന തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ ഭംഗിയായി ഹൈജാക്ക് ചെയ്തുകൊണ്ട് അതിന്റെ ശോഭ കെടുത്തി പതിയെപ്പതിയേ ഏകാധിപത്യത്തിലേക്കും അതുവഴി മതതീവ്രതയുടെ മുഖാവരണമണിഞ്ഞ അര്‍ധ ഫാസിസത്തിലേക്കും ഇന്ത്യയെ എത്തിക്കുന്നതില്‍ മോദിയും സംഘവും ഇപ്പോള്‍ത്തന്നെ വിജയിച്ച മട്ടാണ്.
കാര്യങ്ങള്‍ ഈ തരത്തില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അത് ജനാധിപത്യ വ്യവസ്ഥിതിയുടെ അസ്തമയത്തിലേക്കും അതുവഴി പിറക്കാനിരിക്കുന്ന ഏകാധിപത്യത്തിലേക്കും ഒരു പക്ഷേ വംശീയതയുടെ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ ഫാസിസം അതിന്റെ സമ്പൂര്‍ണതയിലേക്കും എത്തിച്ചേരലായിരിക്കും ആത്യന്തിക ഫലം. ഡെമോക്രസിയെ ആയുധമാക്കിത്തന്നെ ഇത്രയേറെ മുന്നേറാന്‍ ആര്‍ എസ് എസിനും ബി ജെ പിക്കും കഴിഞ്ഞതില്‍ വര്‍ഗീയതയുടെ കടന്നുകയറ്റം തന്നെയാണ് വലിയ പങ്കുവഹിച്ചതെന്നു കാണാം. ഇങ്ങ് ദക്ഷിണേന്ത്യയില്‍ കേരളം പോലുള്ള ഒരു തുരുത്തിനെ മാറ്റിനിറുത്തിയാല്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളിലെല്ലാം സമര്‍ഥമായി ഉപയോഗിച്ചാല്‍ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ പറ്റിയ മുന്തിയ അസംസ്‌കൃത വസ്തുവാണ് വര്‍ഗീയത. ബി ജെ പിയും ആര്‍ എസ് എസും അത് പരമാവധി ഉപയോഗിക്കുന്നതിനാല്‍ അവര്‍ തിരഞ്ഞെടുപ്പില്‍ മാത്രമല്ല വിജയിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലും നിയമ വ്യവസ്ഥയില്‍ പോലും വര്‍ഗീയതയുടെ പിടിമുറുക്കം ശക്തിപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞതോടെ ജനാധിപത്യത്തിന്റെ സുതാര്യതയില്‍ നിന്നും ഇന്ത്യയുടെ തിരിഞ്ഞു നടത്തത്തിനും വേഗത ഏറിയതായി കണക്കാക്കാം. ബി ജെ പിയെ ഗുജറാത്തില്‍ ശക്തമായ പോരാട്ടത്തിലൂടെ നേരിട്ടപ്പോള്‍ അവിടെ കോണ്‍ഗ്രസിനും ഹൈന്ദവ വര്‍ഗീയതയോട് മൃദു സമീപനം സ്വീകരിക്കേണ്ടി വന്നതോര്‍ക്കുക. എന്നിട്ടും ഉദ്ദേശിച്ച പ്രതിഫലനം സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞില്ല. അതിനര്‍ഥം അടിസ്ഥാനപരമായി ഇന്ത്യയിലെ ഗ്രാമീണരായ ദരിദ്ര നാരായണന്‍മാരില്‍ പോലും ഇളക്കമുണ്ടാക്കാന്‍ പോന്ന ശക്തിയുള്ള ഒന്ന് മതവികാരവും ജാതീയതയും സവര്‍ണരോടുള്ള ആരാധനാ മനോഭാവവും ഒക്കെ കൂടിക്കലര്‍ന്ന ഒരു വികാരമാണ് സ്വാധീനം ചെലുത്തുന്നത് എന്നാണ്. കോണ്‍ഗ്രസ് വിട്ടാല്‍ ഉടന്‍ തന്നെ ബി ജെ പിയില്‍ ചേക്കേറാന്‍ നേതാക്കള്‍ക്കു പോലും വലിയ വൈമനസ്യമൊന്നും കാണാത്തത് ഈയൊരു വികാരത്തിന്റെ ഭാഗം തന്നെയാണ്.
ഇവിടെയാണ് ഇടതുപക്ഷം തീര്‍ത്തും വ്യത്യസ്തമായി രണ്ടു മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒരു ചെറുത്ത് നില്‍പ്പിന്റെ പ്രതീകമായി നിലനിന്നിരുന്നത്. ബംഗാളില്‍ പാര്‍ട്ടി തന്നെ വരുത്തിയ വലിയ പിഴവിന്റെ ഭാഗമായി മമതാ ബാനര്‍ജിയുടെ മുമ്പില്‍ ഇടതുപക്ഷത്തിന് അടിയറവ് പറയേണ്ടിവന്നു. അപ്പോള്‍ പോലും ആ തകര്‍ച്ച ബി ജെ പിക്ക് മുമ്പിലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഇന്ത്യയിലെ മതേതര ശക്തികള്‍. പക്ഷേ, അവിടെയും സംഗതി മാറിമറിയുന്നു. ഇടതിനെ പിന്തള്ളി ബി ജെ പിക്ക് രണ്ടാമതെത്താന്‍ ഇപ്പോള്‍ ആവുന്നുവെങ്കില്‍ ഒരു പക്ഷേ മമതയെന്ന മധ്യവര്‍ഗ വലതുപക്ഷത്തിന്റെ ആശാ കേന്ദ്രത്തെ സമീപ ഭാവിയില്‍ മറികടക്കാന്‍ തീവ്രവലതുപക്ഷ കോര്‍പറേറ്റ് ശക്തികള്‍ക്കായേക്കും. ത്രിപുരയില്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ വലിയൊരു നിര തന്നെ ബി ജെ പിയിലേക്ക് ചേക്കേറിയപ്പോള്‍ അണികള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ ബി ജെ പിയെ പുല്‍കുകയാണുണ്ടായത്. അതു കൊണ്ട് തന്നെ ക്ലീന്‍ ഇമേജിന്റെ വലിയ ആനുകൂല്യമുണ്ടായിട്ടും ക്രമസമാധാനത്തില്‍ മികച്ച റെക്കാര്‍ഡുള്ള ഭരണം കാഴ്ചവെച്ചിട്ടും ദീര്‍ഘകാലത്തെ സി പി എം ഭരണത്തെ കടപുഴക്കി എറിയാന്‍ ബി ജെ പിക്കായി.
ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇതില്‍ നിന്നും വലിയൊരു പാഠം ഉള്‍ക്കൊള്ളാനുണ്ട്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ചുവടുറപ്പിക്കണമെങ്കില്‍ തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിലൂന്നിയ മാര്‍ക്‌സ് വിഭാവനം ചെയ്ത വര്‍ഗ സംഘട്ടനത്തിന്റെ പാതയില്‍ സഞ്ചരിക്കാനാവില്ല എന്നതാണത്. ജാതിയും മതവും അസംഖ്യം ആചാരങ്ങളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ ജനതയിലേക്ക് പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്ന ഒരു മാര്‍ക്‌സിയന്‍ ശൈലികൊണ്ട് സാധിക്കില്ല. വലിയൊരു നവോത്ഥാന മുന്നേറ്റത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കേരളത്തില്‍ വേരൂന്നിയ ഇടതുപക്ഷ മതേതര ചിന്തകളില്‍ വരെ വിള്ളല്‍ വീഴ്ത്താന്‍ തീവ്രവലതുപക്ഷം കൊണ്ടുപിടിച്ചു ശ്രമിക്കുന്ന കാലമാണിത്. അതിനെ കേരളത്തില്‍ പോലും ചെറുത്ത് നില്‍ക്കണമെങ്കില്‍ വലതുപക്ഷം ‘അഡ്രസ്സ് ചെയ്യുന്ന’ മതത്തെ വൈകാരികമായി എടുക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കടന്നുചെന്ന് കൊണ്ട് അവരില്‍ മതേതര ബോധം വളര്‍ത്തി എടുക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളുമായി കടന്നു ചെന്നേ മതിയാവൂ. അതിനുപകരിക്കുന്ന തരത്തിലുള്ള തന്ത്രങ്ങള്‍ മെനയുന്നതോടൊപ്പം പ്രയോഗത്തില്‍ വലതുപക്ഷത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രവര്‍ത്തനവും പരിപാടിയുമാണ് തങ്ങള്‍ക്കുള്ളതെന്ന് ജനത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കലും അത്യന്താപേക്ഷിതമാണ്.
ഒ വി വിജയന്‍ മുമ്പൊരിക്കല്‍ എഴുതിയത് ഇപ്പോള്‍ ഓര്‍മ വരുന്നു. ‘ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹൈന്ദവതയുടെ തുറസ്സില്‍ മാര്‍ക്‌സിസം അതിന്റെ ഊര്‍ജത്തെ പ്രവേശിപ്പിക്കണം.’ പ്രവചന സ്വഭാവമുണ്ടായിരുന്ന വിജയന്റെ എഴുത്തിലെ ഈ വരികള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് എങ്ങനെയാണ് സ്വീകാര്യമാക്കുക എന്നത് കാര്യമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. അടിക്കടി മങ്ങലേറ്റു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണമായും അസ്തമിക്കുന്നതിന് മുമ്പായി അതിനെ സംരക്ഷിക്കാന്‍ ഇടതുപക്ഷം കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. കേരളവും ഹൈന്ദവ വര്‍ഗീയതക്ക് കീഴടക്കാനാകാത്ത മല അല്ലാതാവുന്നതിനു മുമ്പ് അത് ചെയ്യുക. ഒരു പൂര്‍ണ തകര്‍ച്ച ഒഴിവാക്കാന്‍ കുറുക്കുവഴികളല്ല പ്രായോഗിക മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടതെന്ന തിരിച്ചറിവ് ഇടതുപക്ഷത്തിനു തന്നെയാണു ണ്ടാവേണ്ടതെന്ന ബോധമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍.