ദയാവധമല്ല, നരഹത്യ

Posted on: March 10, 2018 6:29 am | Last updated: March 9, 2018 at 10:58 pm
SHARE

രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും നിരക്കാത്തതാണ് ദയാവധത്തെക്കുറിച്ച് ഇന്നലെ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവം. ഒരു രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയാല്‍ ദയാവധം അനുവദിക്കാെമന്നാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. ഭാവിയെക്കുറിച്ചു പ്രതീക്ഷയില്ലാത്ത രോഗികള്‍ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍കൂട്ടി മരണപത്രം എഴുതി ആശുപത്രികള്‍ക്കോ ബന്ധുക്കള്‍ക്കോ കോടതികള്‍ക്കോ കൈമാറാമെന്നും കോടതി വിധിച്ചു. എന്നാല്‍ രോഗി അബോധാവസ്ഥയില്‍ ആയതിനു ശേഷം മാത്രമേ പത്രിക ഉപയോഗിക്കാകൂ. മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ മാന്യമായി മരിക്കാനുള്ള അവകാശവും വ്യക്തികള്‍ക്ക് നല്‍കണമെന്നും വിധിക്ക് ഉപോത്ബലകമായി കോടതി അഭിപ്രായപ്പെട്ടു. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്നു വെക്കുകയാണ് ദയാവധത്തിന് കോടതി നിര്‍ദേശിക്കുന്ന മാര്‍ഗം. മരുന്നു കുത്തിവെച്ച് പെട്ടെന്ന് മരിപ്പിക്കുന്നതിനോട് കോടതിക്ക് യോജിപ്പില്ല.
ശരീരാഘാതം, മസ്തിഷ്‌കാഘാതം എന്നിവ മൂലം ഉണരാത്ത ദീര്‍ഘ അബോധാവസ്ഥയില്‍ നിന്ന് തിരിച്ചുവരാത്ത നിലയിലുള്ളവരെയോ, അസുഖം ഭേദമാകാന്‍ യാതൊരു സാധ്യതയും ഇല്ലാത്തവരെയോ, അതികഠിന വേദനയുള്ള അസുഖങ്ങള്‍ ഉള്ളവരെയോ വേദനയില്ലാത്ത രീതിയില്‍ വധിക്കുന്നതിനെയാണ് ദയാവധം എന്ന് വിവക്ഷിക്കുന്നത്. ചിലയിടങ്ങളില്‍ മാനസിക അസ്വാസ്ഥ്യം ഭേദമാക്കാന്‍ കഴിയാത്തവരെയും ദയാവധത്തിന് വിധേയമാക്കുന്നുണ്ട്. ബെല്‍ജിയത്തിലെ ബ്രദേഴ്‌സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ഇത്തരത്തിലുള്ള വധങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ആഗോള ജനതയിലും രാഷ്ട്രങ്ങളിലും ദയാവധത്തെ അനുകൂലിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്. ദയാവധത്തിന് ശ്രമിക്കുന്നവര്‍ക്കു മേല്‍ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കേസെടുക്കണമെന്നാണ് യു എസിലെ നിയമം. എന്നാല്‍ മിക്ക യുറോപ്യന്‍ രാജ്യങ്ങളിലും അനുകൂല സമീപനമാണ.് ഭിഷഗ്വരന്മാരടക്കം ആഗോളതലത്തില്‍ ഭൂരിപക്ഷവും ഇതിനോട് വിയോജിക്കുന്നവരാണ്. ദയാവധം നിയമവത്കരിക്കാനായി 2007 നവംബര്‍ 30ന് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. വൈദ്യ ശാസ്ത്ര രംഗത്തുള്ളവരും, മതമേധാവികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ ബില്‍ മരവിപ്പിക്കുകയാണുണ്ടായത്. പിന്നീട് കൂട്ട മാനഭംഗത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മുംബൈയിലെ അരുണ ഷാന്‍ബാഗ് എന്ന നഴ്‌സിന് ദയാവധം അനുവദിക്കണമെന്ന ആവശ്യം 2011ല്‍ സുപ്രീം കോടതി മുമ്പാകെ എത്തിയപ്പോള്‍ ആദ്യത്തില്‍ രണ്ടംഗ ബഞ്ച് അനുവാദം നല്‍കിയെങ്കിലും ദയാവധം അനുവദിക്കണമെങ്കില്‍ മാര്‍ഗനിര്‍ദേശം തയാറാക്കേണ്ടതുണ്ടെന്നു പറഞ്ഞ് മൂന്നംഗ ബഞ്ച് ആ വിധി റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെ ദയാവധത്തിന്റെ നടപടിക്രമം സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനെ ചുമതലപ്പെടുത്തി. രണ്ടു വര്‍ഷത്തെ പഠനത്തിനൊടുവില്‍ കഴിഞ്ഞ ജൂണില്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിനിടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സംഘടന ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഈ ഹരജിയിലാണ് ഇന്നലത്തെ കോടതി വിധി.
ആരോഗ്യപരമായി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളവരെ പിന്നെയും അതേ നിലയില്‍ നിലനിര്‍ത്തുന്നത് കൊണ്ട് എന്ത് കാര്യമെന്നും രോഗിക്കും ബന്ധുക്കള്‍ക്കും അത് കഠിന പ്രയാസങ്ങള്‍ക്കിടയാക്കില്ലേ എന്നുമാണ് ദയാവധത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. എന്നാല്‍ ഒരു രോഗിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഖണ്ഡിതമായി ആര്‍ക്കാണ് വിധിക്കാനാകുക? ഗുരുതരമായ രോഗം ബാധിച്ച് വൈദ്യശാസ്ത്രം നാളുകള്‍ പ്രവചിച്ച എത്രയോ രോഗികള്‍ രോഗം ഭേദപ്പെട്ട് വര്‍ഷങ്ങളോളം ജീവിച്ച ചരിത്രമുണ്ട്. മരിച്ചെന്നു വിധിയെഴുതിയ രോഗികള്‍ പോലും തിരിച്ചു വന്നതും ഉണ്ട്. അതുകൊണ്ടു തന്നെ കോടതി അഭിപ്രായപ്പെട്ടത് പോലെ ജില്ലാ മജിസ്‌ട്രേറ്റ് രൂപം നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ആധികാരികമെന്ന് പറയാനാകില്ല.
ഏതൊരു മനുഷ്യനെയും ജീവന്‍ സ്വയം വേര്‍പ്പെടുന്നതു വരെ ജീവിക്കാന്‍ അനുവദിക്കുകയും എത്ര വലിയ മാരക രോഗം ബാധിച്ചവരെയും അവസാന നിമിഷം വരെയും രക്ഷിക്കാനുള്ള ശ്രമം നടത്തുകയുമാണ് ബന്ധുക്കളും വൈദ്യശാസ്ത്രവും സമൂഹവും സര്‍ക്കാറും ചെയ്യേണ്ടത്. നരഹത്യയുടെ ഗണത്തില്‍ പെടുത്തേണ്ടതും ക്രൂരവുമാണ് ദയാവധം. മാത്രമല്ല, സര്‍ക്കാറോ നീതിപീഠങ്ങളോ ഇതിന് അനുമതി നല്‍കിയാല്‍ ദുരുപയോഗത്തിനുള്ള സാധ്യതയും കാണേണ്ടതുണ്ട്. രാജ്യത്ത് സ്വത്ത് തര്‍ക്കങ്ങളും കള്ളക്കേസുകളും വ്യാജ വില്‍പ്പത്രങ്ങളും സ്ത്രീധന മരണങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ദയാവധം നിയമ വിധേയമാക്കിയ രാജ്യങ്ങളിലെ കണക്കുകളും ദുരുപയോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. 2016 ജൂണിലാണ് കാനഡയില്‍ ദയാവധം നിയമവിധേയമാക്കിയത്. അതിന് ശേഷമുള്ള ഒന്നരവര്‍ഷത്തിനിടയില്‍ അവിടെ 2000ത്തോളം പേരെ ദയാവധത്തിന് വിധേയരാക്കി. ഇത്രയും പേര്‍ ജീവിതത്തിലേക്കു തിരിച്ചു വരാത്ത വിധം അത്യാസന്നരായിരുന്നുവെന്ന് വിശ്വസിക്കുക പ്രയാസം. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി ഉത്തരവിനെതിരെ മനുഷ്യസ്‌നേഹികളും മനുഷ്യാവകാശ സംഘടനകളും മതധാര്‍മിക സംഘടനകളും ശക്തമായി രംഗത്തു വരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here