Connect with us

International

ഫിലിപ്പൈന്‍സ് പ്രസിഡന്റിന് മാനസിക ചികിത്സ അനിവാര്യം: യു എന്‍

Published

|

Last Updated

മനില: ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്‌റിഗോ ഡൂറ്റര്‍ടെയെ മാനസിക ചികിത്സക്ക് വിധേയമാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി സൈദ് റഅദ് അല്‍ഹുസൈന്‍. ഐക്യരാഷ്ട്ര സഭയുടെ ചില പ്രതിനിധികള്‍ക്കെതിരെ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ചില നടപടികളെ തുടര്‍ന്നാണ് പ്രസിഡന്റിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സൈദ് റഅദ് രംഗത്തെത്തിയത്. ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധിക്കെതിരെ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഭീകരവാദ കുറ്റം ചുമത്തിയിരുന്നു. ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്‌റിഗോ ഡൂറ്റര്‍ടെക്ക് മാനസികാരോഗ്യ ചികിത്സ അനിവാര്യമായിരിക്കുന്നു എന്ന കാര്യം വിശ്വസിക്കേണ്ടിവന്നിരിക്കുകയാണെന്ന് ഇതിനോടുള്ള പ്രതികരണത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി വ്യക്തമാക്കി.
നേരത്തെ മയക്കുമരുന്നിനെതിരെ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ആരംഭിച്ച രക്തരൂക്ഷിത സൈനിക നടപടികള്‍ ഐക്യരാഷ്ട്ര സഭ സംശയത്തോടെയാണ് നിരീക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനക്കിടെ 4100ലധികം മയക്കുമരുന്ന് കുറ്റവാളികളെ വധിച്ചിരുന്നു. എന്നാല്‍ എണ്ണായിരത്തിലധികം പേരെ സൈന്യവും പോലീസും ചേര്‍ന്ന് വകവരുത്തിയെന്നും ഇത് മനുഷ്യത്വവിരുദ്ധമായ നടപടിയാണെന്നും ഫിലിപ്പൈന്‍സിലെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു.

 

Latest