സന്നദ്ധ സഹായം എത്തിക്കൊണ്ടിരിക്കുന്നതിനിടെ ഗൗതയില്‍ വീണ്ടും വ്യോമാക്രമണം

ആക്രമണത്തില്‍ ഇതുവരെ 931 പേര്‍ കൊല്ലപ്പെട്ടു
Posted on: March 10, 2018 6:02 am | Last updated: March 9, 2018 at 10:41 pm

ദമസ്‌കസ്: കിഴക്കന്‍ ഗൗതയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ദൗമക്ക് നേരെ സിറിയന്‍ സൈന്യം വ്യോമാക്രമണം പുനരാരംഭിച്ചു. ഈ പ്രദേശത്തേക്ക് ദുരിതാശ്വാസ സഹായവുമായി 13 ട്രക്കുകള്‍ എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ആരംഭിച്ചിരിക്കുന്നതെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസി(ഐ സി ആര്‍ സി)ന്റെ ദുരിതാശ്വാസ സഹായമാണ് ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നും സംഘര്‍ഷം കാരണം ഇതുവരെയും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇങ്ങോട്ട് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ലെന്നും സന്നദ്ധസംഘങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ പത്ത് ദിവസമായി ദൗമക്ക് നേരെ സിറിയന്‍ സൈന്യം ഒരിക്കല്‍ പോലും വ്യോമാക്രമണം നടത്തിയിരുന്നില്ലെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. ഈ സാഹചര്യത്തിലാണ് സന്നദ്ധ സഹായവുമായി ട്രക്കുകള്‍ ഇങ്ങോട്ട് പ്രവേശിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ വ്യോമാക്രമണം സിറിയന്‍ സൈന്യം പുനരാരംഭിച്ചെന്നും സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.

ദൗമയില്‍ നാല് ലക്ഷത്തോളം പേര്‍ ഇപ്പോള്‍ ദുരിതം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവരില്‍ 12,000 പേര്‍ക്കുള്ള ദുരിതാശ്വാസ സഹായവുമായാണ് ട്രക്കുകള്‍ ഇങ്ങോട്ടെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങളുമായി ട്രക്കുകള്‍ എത്തുമെന്നും കണക്കാക്കപ്പെടുന്നു. അതേസമയം, സന്നദ്ധ സഹായവുമായി എത്തിയ ട്രക്കുകളില്‍ ചികിത്സിക്കാനാവശ്യമായ വസ്തുക്കളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമതര്‍ ഇവ ഉപയോഗപ്പെടുത്തുമെന്ന് സിറിയന്‍ സര്‍ക്കാര്‍ ആശങ്കപ്പെടുന്നതിനാലാണ് ഇവക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും കരുതപ്പെടുന്നു.

രണ്ടാഴ്ചക്കിടെ സിറിയന്‍ സൈന്യം കിഴക്കന്‍ ഗൗതയിലെ വിമതരില്‍ നിന്ന് പകുതിയിലധികം പ്രദേശം തിരിച്ചുപിടിച്ചിട്ടുണ്ട്. ഫെബ്രുവരി 18ന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെയായി 931 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.