അറബ് സംസ്‌കാരത്തിന്റെ നന്മ, അഗതികള്‍ക്കൊരു വസ്ത്രം; ‘ആശ്രയം’ പദ്ധതിയുമായി പ്രവാസി യുവാവ്

Posted on: March 9, 2018 10:15 pm | Last updated: March 9, 2018 at 10:17 pm
ഫാസില്‍ മുസ്തഫയും പങ്കാളികളും

ദുബൈ: സഹജീവി സ്‌നേഹത്തിലൂന്നിയുള്ള അറബ് സംസ്‌കാരത്തിന്റെ നന്മ കേരളത്തിലും പകര്‍ന്ന് പ്രവാസി യുവാവ്. യു എ ഇയിലെ വിവിധയിടങ്ങളില്‍ സ്ഥാപിതമായ ഡ്രസ്സ് ബേങ്കിന്റെ മാതൃകയില്‍ കേരളത്തിലും നടപ്പിലാക്കുകയാണ് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ പാലക്കാട് വടക്കാഞ്ചേരി സ്വദേശി ഫാസില്‍ മുസ്തഫ. അറബ് നാട്ടിലെത്തി ഇവിടുത്തെ ജീവിത രീതികള്‍ പകര്‍ത്തി തൊഴിലില്‍ വ്യാപൃതരായി അതില്‍ നിന്നുള്ള വരുമാനം മാത്രമാണ് നാം നാട്ടിലേക്കയക്കാറ്. എന്നാല്‍ ഇവിടുത്തെ ഭരണാധികാരികള്‍ നടപ്പിലാക്കുന്ന നന്മയും നാട്ടിലേക്ക് കൊണ്ട് പോകുകയാണ് താനെന്ന് ഫാസില്‍ മുസ്തഫ പറയുന്നു.
ഓഖി ദുരന്തം, റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം എന്നിവ ഏര്‍പെടുത്തുന്ന ഘട്ടത്തിലാണ് കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സ്ഥിരമായി വസ്ത്ര വിതരണം നടത്തുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്ക് നാട്ടില്‍ അവധിക്ക് പോയ ഘട്ടത്തിലാണ് തിരുവനന്തപുരത്ത് ഇവിടുത്തെ മാതൃകയില്‍ ഡ്രസ്സ് ബേങ്ക് സംവിധാനം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ഫെയ്സ്ബൂക്കിലൂടെ തന്റെ സുഹൃത്തുക്കളെ വിഷയം അറിയിച്ചു. പദ്ധതിക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്. തുടര്‍ന്ന് സിയാദ്, ഷിബു, എബനീഷ് എന്നിവരുടെ സഹായത്തോടെ ഡ്രസ്സ് ബേങ്ക് പദ്ധതി നടപ്പിലാക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ലിയോ രാധാകൃഷ്ണന്‍ പദ്ധതിയുടെ ഭാഗമായി. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഇവരുടെ നേതൃത്വത്തില്‍ പ്രത്യേക വാട്‌സ്അപ്പ് കൂട്ടായ്മയും രൂപപ്പെടുത്തി. ഇവിടെ നിന്നും രണ്ടു മാസിലൊരിക്കല്‍ വസ്ത്രങ്ങള്‍ ശേഖരിച്ചു അമരവിള വൃദ്ധ സദനം, ശിശു ക്ഷേമ കേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നു.
പെരുമ്പടപ്പിലും നീലഗിരി ബോയ്‌സിന്റെ സഹകരണത്തോടെ നീലഗിരിയിലും പദ്ധതി നടപ്പിലാക്കുന്നതിന് കഴിഞ്ഞെന്ന് ഫാസില്‍ പറഞ്ഞു. നീലഗിരിയില്‍ രണ്ട് മാസിലൊരിക്കല്‍ മറ്റ് വിദ്യാലയങ്ങളിലേക്ക് ബേങ്ക് മാറ്റി സ്ഥാപിക്കും. ഇത്തരത്തില്‍ നിരവധി വിദ്യാലയങ്ങളില്‍ രണ്ട് മാസത്തിലൊരിക്കല്‍ പദ്ധതി എത്തുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സേവനത്തിന്റെ ഭാഗമാകാന്‍ കഴിയുന്നു. ഇന്ത്യയിലെ ആദ്യ മൊബൈല്‍ ഡ്രസ്സ് ബേങ്ക് സംവിധാനമാണിതെന്ന് ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
പെരുമ്പടപ്പിലെ ടീം പര്‍പസിന്റെ സഹകരണത്തോടെ സമീപ പ്രദേശങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കിടയില്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിലും വസ്ത്ര വിതരണം നീലഗിരി ബോയ്‌സിന്റെ സഹകരണത്തോടെ നടത്തുന്നുണ്ടെന്ന് ഫാസില്‍ വ്യക്തമാക്കി.
കോഴിക്കോട് നഗരത്തില്‍ നടക്കാവില്‍ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറുടെയും കോര്‍പറേഷന്‍ അധികൃതരുടെയും സഹകരണത്തോടെ ആസൂത്രണം നടത്തി വരികയാണ്. ഏപ്രില്‍ മാസത്തോടെ പദ്ധതി ആരംഭിക്കുമെന്ന് ഫാസില്‍ പറയുന്നു. ആറ്റിങ്ങലില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെ ആറ്റിങ്ങല്‍ ട്രാഫിക് എസ് ഐ അമരീഷിന്റെ ആവശ്യപ്രകാരം ടൗണില്‍ ഡ്രസ്സ് ബേങ്ക് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രസ്സ് ബേങ്ക് പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് അതാത് പ്രദേശങ്ങളിലെ കച്ചവട സമൂഹവുമായി സഹകരിച്ചു നിരീക്ഷണ കാമറകളും സ്ഥാപിച്ചുവെന്ന് ഫാസില്‍ പറഞ്ഞു.
യുവ സമൂഹത്തിനിടയില്‍ സഹജീവി സ്‌നേഹം വളര്‍ത്തുന്നതിന് ജീവകാരുണ്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ കഴിയുമെന്ന് അനുഭവത്തിലൂടെ പറയുന്ന അദ്ദേഹം ആശ്രയം എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി കേരളത്തില്‍ എല്ലാ ജില്ലകളില്‍ വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ പേരെ ഈ ഉദ്യമത്തില്‍ സഹകാരികളാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.