കോണ്‍ഗ്രസും സി പി ഐ യും യോജിക്കണം: ജോയ് മാത്യു

Posted on: March 9, 2018 10:11 pm | Last updated: March 9, 2018 at 10:11 pm

ദുബൈ: തത്കാലം കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്നു നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ജോയ് മാത്യു.
ജോയ് മാത്യു രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. ‘ഞാന്‍ ഇടതുപക്ഷക്കാരനാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ എല്ലാവരും ഇടതുപക്ഷമാണ്. ആ അര്‍ഥത്തില്‍ ബി ജെ പി യില്‍ പോലും ഇടതുപക്ഷക്കാരുണ്ട്. കേരളീയ സമൂഹം കുറേക്കൂടി പരിഷ്‌കൃതമാകേണ്ടതുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. മക്കള്‍ നഷ്ടപ്പെടുന്ന അമ്മമാരെക്കുറിച്ചു ഏവരും ഓര്‍ക്കണം. അമ്മമാരും ഓര്‍ക്കണം. കൊലപാതകം നടത്തുന്ന മക്കളെ അമ്മമാര്‍ തള്ളിപ്പറയണം. കണ്ണൂരില്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ കൂട്ടായ്മ ഉരുത്തിരിയണം.
കേരളത്തില്‍ രാഷ്ട്രീയ സന്തുലിതത്വം വേണമെങ്കില്‍ കോണ്‍ഗ്രസ്സും സി പി ഐ യും യോജിക്കണം. സി പി എമ്മിനു മികച്ച ബദല്‍ അതായിരിക്കും. ഇത്തവണത്തെ സംസ്ഥാന സിനിമാ പുരസ്‌കാരം നീതിയുക്തമാണെന്ന് ജോയ് മാത്യു പറഞ്ഞു. മുമ്പ് താരമൂല്യം നോക്കിയായിരുന്നു പുരസ്‌കാരങ്ങള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ അതിനു മാറ്റമുണ്ട്. വിനായകന്‍, ഇന്ദ്രന്‍സ് എന്നിങ്ങനെ പ്രതിഭയുള്ളവരെ തെരഞ്ഞെടുക്കുക വഴി പുരസ്‌കാര മൂല്യം വര്‍ധിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളുടെ ഇടപെടല്‍ വലിയ മാറ്റത്തിന് കാരണമായതായും ജോയ് മാത്യു പറഞ്ഞു. ജോയ് മാത്യു കഥയെഴുതി നിര്‍മിച്ച മമ്മൂട്ടി ചിത്രം ഏപ്രില്‍ ഒടുവില്‍ പുറത്തിറങ്ങാന്‍ ഇരിക്കയാണ്.