Connect with us

Gulf

സിറ്റിലാന്‍ഡ് മാള്‍ ഈ വര്‍ഷം അവസാനത്തോടെ

Published

|

Last Updated

ദുബൈ: തുറസ്സായ സ്ഥലത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രം ദുബൈ ലാന്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഈ വര്‍ഷാവസാനത്തോടെ കേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ. സിറ്റിലാന്‍ഡ് മാള്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
തണുപ്പുകാലത്ത് 5.7 ഏക്കറിലും വേനല്‍ക്കാലത്ത് 4.5 ഏക്കറിലും ആയിരിക്കും പ്രവര്‍ത്തിക്കുക. തുറസായ സ്ഥലമായതിനാല്‍ ധാരാളം ചെടികളും മരങ്ങളുമുണ്ടാകും. 120 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മിക്കുന്ന പദ്ധതിയില്‍ സെന്‍ട്രല്‍ പാര്‍ക്കായിരിക്കും ഏറ്റവും വലിയ സവിശേഷത. ഹരിതാഭമാര്‍ന്ന കേന്ദ്രത്തില്‍ ഈത്തപ്പനകളും മറ്റു ചെടികളും സന്ദര്‍ശകരുടെ മനം കവരും. പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന മാളിലെ എല്ലായിടത്തേക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കുമെന്നും ഇന്‍ഡോര്‍, ഔട് ഡോര്‍, പ്രവേശന കവാടം, ഫുഡ് ആന്‍ഡ് ബിവറേജ്, മറ്റു പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളും ആസ്വദിക്കാമെന്നും സിറ്റി ലാന്‍ഡ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ റാഹല്‍ പറഞ്ഞു.
കാര്‍ഫോര്‍ ഹൈപര്‍മാര്‍ക്കറ്റ്, വോക്‌സ് സിനിമ, ഫാബിലാന്‍ഡ് കുടുംബവിനോദ കേന്ദ്രം തുടങ്ങിയവയും സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാകും. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഗ്രോസറി വിഭാഗം നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ഈ മാസാവസാനത്തോടെ ഇവ ആവശ്യക്കാര്‍ക്ക് കൈമാറും. കൂടാതെ, സിനിമ, ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് പാര്‍ക് എന്നിവ ഏപ്രിലില്‍ ഒരുങ്ങും. ജൂണ്‍ അവസാനത്തോടെ വാടകക്കാര്‍ക്ക് മാളില്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ സജ്ജീകരണം നടത്താനാകുമെന്നും അബ്ദുല്‍ നാസര്‍ റാഹല്‍ പറഞ്ഞു. ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍ യാഥാര്‍ഥ്യമാക്കിയ കമ്പനിയാണ് സിറ്റിലാന്‍ഡ് ഗ്രൂപ്പ്.