Connect with us

Gulf

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബ്ലാക്ക്‌മെയിലിംഗ് കരുതിയിരിക്കണമെന്ന് വിദ്യാര്‍ഥികളോട് ഷാര്‍ജ പോലീസ്

Published

|

Last Updated

ഷാര്‍ജ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബ്ലാക്ക് മെയിലിംഗ് കരുതിയിരിക്കണമെന്ന് വിദ്യാര്‍ഥികളോട് ഷാര്‍ജ പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സര്‍വകലാശാല വിദ്യാര്‍ഥികളെ തിരഞ്ഞു പിടിച്ചു ബ്ലാക്ക് മെയ്‌ലിങ്ങിന് ഉപയോഗിക്കുന്നുവെന്ന പരാതികള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ചങ്ങാത്തം സ്ഥാപിച്ചു അവരുടെ സ്വകാര്യ ചിത്രങ്ങളും മറ്റും കരസ്ഥമാക്കിയാണ് ഇത്തരക്കാര്‍ വഞ്ചനക്ക് ഉപയോഗിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങള്‍, സുഹൃദ കാലഘട്ടത്തില്‍ പകര്‍ത്തിയ ഒന്നിച്ചുള്ള ചിത്രങ്ങള്‍, ഒന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നിവ ഉപയോഗിച്ചാണ് വഞ്ചനക്ക് വിധേയമാക്കുകയെന്ന് ഷാര്‍ജ പോലീസിന് കീഴിലെ ഇലക്ട്രോണിക്‌സ് സ്‌കാം ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹ്‌സിന്‍ അഹ്മദ് പറഞ്ഞു. ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനാണ് വഞ്ചന നടത്തുന്നവര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹ മാധ്യമങ്ങളിലെ തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്ന പ്രചാരണത്തോടെ എമിറേറ്റിലെ നിരവധി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലീസ് കാമ്പയിന്‍ നടത്തി. അറബിക്, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളില്‍ പുറത്തിറക്കിയ ലഘു ലേഖകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലീസ് വിതരണം ചെയ്തു.
രക്ഷിതാക്കള്‍ കുട്ടികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള നീക്കങ്ങള്‍ നിരീക്ഷിക്കണം. ചില കേസുകളില്‍ വഞ്ചനക്ക് വിധേരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വരെ സംഭവത്തില്‍ ഇടപെട്ട് ആഭരണങ്ങള്‍ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ നല്‍കി സംഭവങ്ങളെ ഒതുക്കി തീര്‍ക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലാക്ക് മെയിലിംഗ് കേസുകള്‍ വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിനും പരാജയപ്പെടുത്തുന്നതിനും ഷാര്‍ജ പോലീസ് സുസജ്ജമാണ്. ഇത്തരം സംഭവങ്ങള്‍ പോലീസ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് ഷാര്‍ജ പോലീസിന് കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം മുസബ്ബ അല്‍ അജല്‍ പറഞ്ഞു. ഷാര്‍ജ പോലീസിന്റെ 06 5943228 എന്ന നമ്പറിലോ ലേരവരൃശാല@െവെഷു ീഹശരല.ഴീ്.മല എന്ന ഇമെയില്‍ വിലാസത്തിലോ സംഭവങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest