Connect with us

Kerala

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും പെന്‍ഷന്‍ പ്രായം കുട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്നുള്ള നിര്‍ദേശമാണ് അദ്ദേഹം യോഗത്തില്‍ വെച്ചത്.
ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൊണ്ടുമാത്രമേ കെ എസ് ആര്‍ ടി സിയിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകൂ. അല്ലാതെ സര്‍ക്കാറിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. പെന്‍ഷന്‍ നല്‍കാന്‍ എല്ലാക്കാലവും സഹകരണ ബേങ്കുകളെ ആശ്രയിക്കാനാകില്ല. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തള്ളിയില്ലെങ്കിലും കൂട്ടായ ആലോചന വേണമെന്ന നിലപാടാണ് സി പി ഐ സ്വീകരിച്ചത്. ഇടതുമുന്നണിയിലെ എല്ലാ പാര്‍ട്ടികളും പൊതുവേ പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ എതിരാണ്. വി എസ് സര്‍ക്കാറിന്റെ കാലത്തും കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, ഇതിന് ഇടതുമുന്നണി അന്ന് അനുവാദം നല്‍കിയില്ല. പ്രതിഷേധം കണക്കിലെടുത്താണ് അങ്ങനെയൊരു തീരുമാനമെടുക്കാത്തതെന്നും സി പി ഐ നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. ഇതോടെ പാര്‍ട്ടികളില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമറിയിക്കാമെന്ന് മറ്റു പാര്‍ട്ടികളും നിലപാടെടുത്തു.
എന്നാല്‍, എത്രയും വേഗം തീരുമാനിക്കണമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ വിഷയം അവസാനിപ്പിക്കുകയായിരുന്നു.