നിയമസഭയിലെ സലഫി അനുകൂല പ്രസംഗം; ന്യായീകരണവുമായി കെഎം ഷാജി

Posted on: March 9, 2018 7:28 pm | Last updated: March 10, 2018 at 9:36 am

കോഴിക്കോട്: അറസ്റ്റിലായ സലഫീ പ്രചാരകന്‍ എം എം അക്ബറിന് വേണ്ടി വാദിക്കുന്നതിനിടയില്‍ നിയമസഭയില്‍ നടത്തിയ വിവാദ പ്രസംഗത്തിന് വിശദീകരണവുമായി കെ എം ഷാജി എം എല്‍ എ. 10 മിനിറ്റിനുള്ളില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു തീര്‍ക്കുമ്പോഴുണ്ടാകുന്ന ധൃതിക്കിടയില്‍ സംഭവിച്ചതാണെന്നാണ് ഇന്ന് ഫെസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ന്യായീകരിക്കുന്നത്.

താനടക്കമുള്ള യൂത്ത്ലീഗിന്റെയും എം എസ് എമ്മിന്റെയും എസ് കെ എസ് എസ് എഫിന്റെയും പ്രവര്‍ത്തകരെ തീവ്രവാദ നിലപാടിലേക്ക് പോകാതെ മതേതരപക്ഷത്ത് നിര്‍ത്തുന്നതില്‍ വലിയപങ്ക് വഹിച്ചയാളാണ് അക്ബറെന്നു ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പെങ്കെടുത്തുകൊണ്ട് ഷാജി പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലടക്കം വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് വിശദീകരണം. സമസ്തയെയും ലീഗിനെയും ഒക്കെ തമ്മില്‍ തല്ലിച്ചു അതിന്റെ ചലം കുടിചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ എം ഷാജിയെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുതെന്നും പോസ്റ്റില്‍ പറയുന്നു. ബാബരിക്കനന്തരമുള്ള കേരളത്തെ മതതീവ്രതയിലേക്കു നയിക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തെ അന്നു ചെറുക്കാന്‍ ആശയപരവും സര്‍ഗ്ഗാത്മകവുമായ ആ പോരാട്ടത്തിനു എം എം അഖ്ബറിനെ പൊലെയുള്ളവര്‍ ഞങ്ങളുടെ പിറകിലുണ്ടായിരുന്നെന്ന് പോസ്റ്റില്‍ ആവര്‍ത്തിക്കുന്നു. അക്ബറിനൊപ്പം നിയമസഭയില്‍ ഉദ്ധരിക്കാത്ത അബ്ദുസ്സമദ് പൂക്കോട്ടൂരിനെയും പോസ്റ്റില്‍ ചേര്‍ത്തുപറയുന്നുണ്ട്.

തന്റെ പ്രസംഗത്തെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമം സാമാന്യ ബോധമുള്ള ആരും ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നു വ്യക്തമാക്കുന്നതോടൊപ്പമാണ് ഇതേ വിഷയത്തില്‍ ഷാജി വിശദീകരണം നല്‍കിയിരിക്കുന്നതും. ഷാജി സലഫിയാണെന്നുള്ള ആരോപണം നിഷേധിച്ചുകൊണ്ട് താന്‍ താന്‍ ഒരു മത സംഘടയിലും അംഗമല്ലെന്നും അദ്ദേഹം പോസറ്റില്‍ വ്യക്തമാക്കുന്നു.