Connect with us

Kerala

ടിഡിപി മന്ത്രിമാരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: തെലുഗുദേശം പാര്‍ട്ടി (ടി ഡി പി) മന്ത്രിമാരായ അശോക് ഗജപതി റാവു, വൈ എസ് ചൗധരി എന്നിവരുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപിയുടെ തീരുമാനപ്രകാരമായിരുന്നു രാജി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്. ഇന്ന് രാവിലെയാണ് രാഷ്ട്രപതി രാജി സ്വീകരിച്ചത്.

ടി ഡി പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. നായിഡുവുമായി മോദി സംസാരിച്ചതിന് പിന്നാലെയാണ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചത്.

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ആന്ധ്രാപ്രദേശില്‍ ബി ജെ പി- ടി ഡി പി സഖ്യം രൂപവത്കരിച്ചത്. ബുധനാഴ്ച രാത്രി അമരാവതിയില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ടി ഡി പി മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം ചന്ദ്രബാബു നായിഡു അറിയിച്ചത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാനാകില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കാമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതിനു പിന്നാലെയായിരുന്നു മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം. എന്നാല്‍, എന്‍ ഡി എയില്‍ തുടരുമെന്ന് ടി ഡി പി വ്യക്തമാക്കിയിട്ടുണ്ട്.