പുസ്തക സമ്പാദ്യവുമായി മണിക് സര്‍ക്കാര്‍ ഇനി പാര്‍ട്ടി ഓഫീസില്‍

Posted on: March 9, 2018 9:54 am | Last updated: March 9, 2018 at 9:54 am
SHARE

അഗര്‍ത്തല: മാര്‍ക്‌സ്- ഏംഗല്‍സ് റോഡിലെ ഔദ്യോഗിക വസതി വിട്ട്, മുഖ്യമന്ത്രിയല്ലാത്ത മണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിലേക്ക്. ഇന്നലെ അദ്ദേഹവും ഭാര്യയും പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റിയതായി സി പി എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ പറഞ്ഞു. സര്‍ക്കാറും ഭാര്യ പാഞ്ചാലി ഭട്ടാചാര്യയും താമസിക്കാനെത്തുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസായ ദശരഥ് ദേബ് സ്മൃതി ഭവനില്‍ തിരക്കിട്ട ഒരുക്കങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയത്.
ബി ജെ പിയുടെ ബിപ്ലവ് കുമാര്‍ ദേബ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ്, നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞത്. നിസ്സാര തുക ബേങ്ക് നിക്ഷേപമുള്ള, രാജ്യത്തെ ഏറ്റവും ‘ദരിദ്രനായ മുഖ്യമന്ത്രി’ എന്നാണ് 69കാരനായ സര്‍ക്കാര്‍ അറിയപ്പെടുന്നത്.

സ്വന്തമായി വീടില്ലാത്ത സര്‍ക്കാര്‍ ദമ്പതികള്‍ക്ക് പാര്‍ട്ടി ഓഫീസിലും ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാറിന് നിലവിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടരും. വസ്ത്രവും ഏതാനും പുസ്തകങ്ങളും സി ഡിയുമായി പാര്‍ട്ടി വാഹനത്തിലാണ് ദശരഥ് ദേബ് സ്മൃതി ഭവനില്‍ സര്‍ക്കാര്‍ എത്തിയത്. രണ്ട് മുറികളും ഒരു ടി വിയുമാണ് ഇവിടെ സര്‍ക്കാറിന് അനുവദിച്ചിരിക്കുന്നത്. പാര്‍ട്ടി ഓഫീസില്‍ പാചകം ചെയ്യുന്നത് തന്നെയായിരിക്കും സര്‍ക്കാറിനും ഭാര്യക്കും ഭക്ഷണം.

അതേസമയം, സര്‍ക്കാറിന്റെ ഭാര്യയുടെ പേരില്‍ ഫഌറ്റ് നിര്‍മാണം നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയാകുന്ന മുറക്ക് അങ്ങോട്ട് താമസം മാറിയേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി. സര്‍ക്കാറിനെ കൂടാതെ, സ്വന്തമായി വീടില്ലാത്ത ആറ് എം എല്‍ എമാരും നിലവില്‍ പാര്‍ട്ടി ഓഫീസില്‍ കഴിയുന്നുണ്ട്. മുന്‍ ഗതാഗത മന്ത്രി മണിക് ഡെ അവരില്‍ ഒരാളാണ്. ഇവര്‍ എം എല്‍ എ ഹോസ്റ്റലിലേക്ക് മാറാന്‍ ആലോചിക്കുന്നുണ്ട്.