ഐ ലീഗില്‍ ഉത്തരേന്ത്യന്‍ ചരിതം

Posted on: March 9, 2018 9:24 am | Last updated: March 9, 2018 at 9:24 am

2007 ല്‍ ഐ ലീഗ് അവതരിക്കുന്നു. ഡെംപോ ഗോവ പ്രഥമ ചാമ്പ്യന്‍മാര്‍ എന്ന ലേബല്‍ സ്വന്തമാക്കി. ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഡെംപോ, സാല്‍ഗോക്കര്‍, ഡെംപോ, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഇങ്ങനെ കിരീടം മാറി മാറി ഗോവയിലേക്ക് തന്നെ യാത്ര ചെയ്തു. ഇതിനൊരു മാറ്റം സംഭവിച്ചത് 2013-14 ല്‍. കിരീടം ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ കോര്‍പറേറ്റ് ക്ലബ്ബായ ബെംഗളുര എഫ് സിക്ക്. തൊട്ടടുത്ത വര്‍ഷം മോഹന്‍ ബഗാന്‍ ഇന്ത്യയുടെ പശ്ചിമദിക്കിലേക്ക് കിരീടം കൊണ്ടു പോയി. ആ കിരീടം ബെംഗളുരു എഫ് സി തിരിച്ചുപിടിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ അഭിമാനം വീണ്ടും വാനിലുയര്‍ന്നു. കഴിഞ്ഞ വര്‍ഷം വന്‍ സംഭവമുണ്ടായി. ആദ്യമായി ഐ ലീഗ് കിരീടം വടക്ക് കിഴക്കിന്റെ മണ്ണിലേക്ക് പറന്നു. കൊണ്ടു പോയത് ഐസ്വാള്‍ എഫ് സി. ഇത്തവണ, ബഗാനും ഈസ്റ്റ് ബംഗാളും നെറോക എഫ് സിയും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ച് മിനര്‍വ പഞ്ചാബ് ചാമ്പ്യന്‍മാരായിരിക്കുന്നു – ഉത്തരേന്ത്യയിലേക്ക് ആദ്യമായിട്ട് ഐ ലീഗ് കിരീടം പോകുന്നു !
ഇന്ത്യന്‍ ഫുട്‌ബോളില്‍ മിനര്‍വ പഞ്ചാബ് ചരിത്രമെഴുതി – ഫുട്‌ബോളിന്റെ എല്ലാ അനിശ്ചിതത്വങ്ങളും മനോഹാരിതയും ചാലിച്ച ചരിത്രം !

ഐ ലീഗിന്റെ അവസാന ദിനം കിരീടത്തില്‍ ചുംബിക്കാന്‍ നാല് ടീമുകള്‍ തമ്മിലായിരുന്നു മത്സരം. മിനര്‍വ, നെറോ, മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാള്‍. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച മിനര്‍വ 35 പോയിന്റുമായി ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു. ഐ ലീഗ് ചരിത്രത്തില്‍ ഏറ്റവും വാശിയും നാടകീയതയും നിറഞ്ഞ ക്ലൈമാക്‌സ് ഡേ ഇത്തവണത്തേതായിരുന്നു. നെറോക എഫ് സിയും ഈസ്റ്റ്ബംഗാളും 1-1ന് സമനിലയായതോടെ മിനര്‍വക്ക് കിരീടധാരണം എളുപ്പമായി. മോഹന്‍ ബഗാനാകട്ടെ കോഴിക്കോട്ട് നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ് സിയുമായി സമനിലയായി (1-1).
കഴിഞ്ഞ വര്‍ഷം ഐസ്വാള്‍ എഫ് സി ചാമ്പ്യന്‍മാരായത് ഐ ലീഗ് കണ്ട ഏറ്റവും വലിയ അട്ടിമറിയായിരുന്നു. അത്തരമൊരു അതിശയിപ്പിക്കല്‍ പ്രകടനം ഇത്തവണ രണ്ട് ടീമുകള്‍ പുറത്തെടുത്തു. മിനര്‍വയും മണിപ്പൂരിന്റെ നെറോക എഫ് സിയും. മണിപ്പൂരി ക്ലബ്ബ് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മിനര്‍വ സ്ഥിരതയുള്ള ഫുട്‌ബോള്‍ പുറത്തെടുത്തു. ഐ ലീഗിന് ഉത്തരേന്ത്യയില്‍ നിന്ന് ആദ്യ അവകാശിയായി മിനര്‍വ മാറിയതിന്റെ രഹസ്യം ഇതാണ്.

മാത്രമല്ല, കഴിഞ്ഞ രണ്ട് വര്‍ഷവും ചാമ്പ്യന്‍മാരായവര്‍ റെലഗേഷന്‍ സോണില്‍ നിന്ന് തിരിച്ചു കയറിയവരാണ് എന്ന പ്രത്യേകതയുണ്ട്.
ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ മിനര്‍വയുടെ വിജയഗോള്‍ കുറിച്ചത് വില്യം അസെയ്ദു ഒപോകുവാണ്. ചെഞ്ചോ ഗില്‍ഷെന്‍, വില്യം, ഗിരിക് ഖോസ്ല എന്നിവരാണ് മിനര്‍വയുടെ അറ്റാക്കിംഗിന് ചടുല താളമേകിയത്. എട്ടാം മിനുട്ടില്‍ തന്നെ ലീഡ് നേടാനുള്ള അവസരം ചെഞ്ചോയുടെ നീക്കത്തില്‍ നിന്നുണ്ടായി. ഖോസ്ലയുടെ ക്രോസ് ഒസാഗിക്ക് കൃത്യമായി ടാപ് ചെയ്യാന്‍ സാധിച്ചില്ല. തക്കം പാര്‍ത്തു നിന്ന ഭൂട്ടാന്‍ താരം ചെഞ്ചോ വലയിലേക്ക് ഷോട്ട് ചെയ്‌തെങ്കിലും പിഴച്ചു.
പതിനാറാം മിനുട്ടില്‍ മിനര്‍വ കാത്തിരുന്ന നിമിഷം പിറന്നു. ഖോസ്ലയുടെ ഷോട്ട് റീബൗണ്ട് ചെയ്തത് വില്യം വലക്കുള്ളിലാക്കിയത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി. ആദ്യ പകുതിയില്‍ 1-0ന് മുന്നിട്ട് നിന്ന മിനര്‍വയെ രണ്ടാം പകുതിയില്‍ ചര്‍ച്ചില്‍ നേരിട്ടത് തുടരെ ആക്രമിച്ചു കൊണ്ട്. എന്നാല്‍, മിനര്‍വയുടെ പ്രതിരോധം ഗോള്‍ വഴങ്ങാന്‍ തയ്യാറായില്ല.

ഖാലിദ് ജമീലിന് പിഴച്ചു
കഴിഞ്ഞ സീസണില്‍ ഐസ്വാള്‍ എഫ് സിയെ ചാമ്പ്യന്‍മാരാക്കിയ പരിശീലകന്‍ ഖാലിദ് ജമീലിന് ഇത്തവണ ഈസ്റ്റ് ബംഗാളിന്റെ കിരീടസ്വപ്‌നം പൂവണിയിക്കാന്‍ സാധിച്ചില്ല. നെറോക എഫ് സിയുമായി 1-1ന് പിരിഞ്ഞതോടെയാണ് പ്രതീക്ഷകള്‍ അസ്തമിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ഷില്ലോംഗ് ലജോംഗുമായി 2-2ന് സമനിലയായ ഈസ്റ്റ്ബംഗാള്‍ ടീമില്‍ ആറ് മാറ്റങ്ങളാണ് ഖാലിദ് ജമീല്‍ വരുത്തിയത്. അന്‍സുമാന ക്രോമയെ പുറത്തിരുത്തി. ഡുഡുവിനൊപ്പം മുന്നേറ്റ നിരയില്‍ യുവതാരം ജോബി ജസ്റ്റിന് അവസരം നല്‍കി.
രണ്ടാം ഡിവിഷനില്‍ നിന്ന് ഒന്നാം ഡിവിഷനിലെത്തിയ നെറോക എഫ് സി റണ്ണേഴ്‌സപ്പ് സ്ഥാനം കരസ്ഥമാക്കിയതും ചരിത്ര സംഭവമാണ്.