ചൂട് കൂടുന്നു; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക, ജാഗ്രതൈ !!

Posted on: March 9, 2018 9:07 am | Last updated: March 9, 2018 at 11:53 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് കനത്ത സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യാഘാതവുമായി എത്തുന്നവര്‍ക്ക് ആശുപത്രികളില്‍ ചികിത്സക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ശരീര താപനില 103 ഡിഗ്രി എഫ് എച്ചിന് മുകളില്‍ ഉയരുക, ശരീരം വറ്റിവരണ്ട് ചുവന്ന് ചൂടായനിലയില്‍ ആവുക, നേര്‍ത്ത വേഗതയിലുള്ള നാഡിമിഡിപ്പ്, ശക്തമായ തലവേദന, പേശിവേദന, തലകറക്കം ഇവയുണ്ടാവുക, മാനസികാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകുകയും തുടര്‍ന്ന് അബോധാവസ്ഥയിലേക്കെത്തുകയും ചെയ്യുക എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍, യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
സൂര്യാഘാതമാണെന്ന് തോന്നിയാല്‍ ഉടന്‍ ചെയ്യേണ്ടത്: വെയിലത്തുനിന്നും രോഗിയെ തണലത്തേക്ക് മാറ്റണം. ശരീരം തണുത്ത വെള്ളംകൊണ്ട് തുടയ്ക്കുകയും വീശുകയും ചെയ്യണം. പറ്റുമെങ്കില്‍ എ സിയിലോ ഫാനിന്റെ കീഴിലോ രോഗിയെ കിടത്തണം. ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കണം. കട്ടികുറഞ്ഞ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം.
സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്: ഇടവിട്ട് ധാരാളം വെള്ളം കുടിക്കുക. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങാവെള്ളമോ കുടിക്കുക. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ തണലത്തേക്ക് മാറി നില്‍ക്കുക. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്ന് വരെയുള്ള വെയില്‍ ഒഴിവാക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കുകയോ സ്‌കൂള്‍ അസംബ്ലി പോലുള്ള സന്ദര്‍ഭങ്ങളില്‍ ദീര്‍ഘനേരം വെയിലത്ത് നിര്‍ത്തുകയോ ചെയ്യരുത്.

ചൂട് കൂടുതലുള്ളപ്പോള്‍ വീടിനകത്തോ മരണത്തണലിലോ ചെലവഴിക്കുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടണ്‍ വസ്്ത്രങ്ങള്‍ ധരിക്കുക. പ്രായാധിഖ്യമുള്ളവരും കൊച്ചു കുഞ്ഞുങ്ങളും ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവ ഉള്ളവരും മറ്റു രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരും മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടിനകത്ത് വായുസഞ്ചാരം ഉറപ്പുവരുത്താന്‍ ജനലുകളും വാതിലുകളും തുറന്നിടണം. പകല്‍ സമയം വെയിലത്ത് പണിയെടുക്കുന്നവര്‍ മദ്യപിച്ചാല്‍ അപായസാധ്യത കൂടും.

അടുക്കളയില്‍ പാചകം ചെയ്യുന്നവര്‍ ചൂട് കുറക്കാനായി ജനലുകളും വാതിലുകളും തുറന്നിടണം. വായു പുറത്തേക്ക് വിടാനുള്ള എക്‌സ്‌ഹോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ കുട്ടികളെ തനിച്ചാക്കിയിട്ട് പോകരുത്. വീടിനുള്ളില്‍ മാത്രം കഴിയുന്ന പ്രായമായവര്‍, കിടപ്പിലായവര്‍ എന്നിവരെയും അന്തരീക്ഷതാപം കൂടുന്നത് ബാധിക്കാമെന്നതിനാല്‍ ഇവരുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം.