കര്‍ണാടകയുടെ പതാകക്ക് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം

Posted on: March 9, 2018 9:01 am | Last updated: March 9, 2018 at 11:05 am

ബെംഗളൂരു: കര്‍ണാടകയുടെ സ്വന്തം പതാകക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. പതാകയുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാറിന് കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ സ്വന്തം പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി കര്‍ണാടക മാറും. ജമ്മു കാശ്മീരിനാണ് നിലവില്‍ സ്വന്തം പതാകയുള്ളത്.

കര്‍ണാടക സാംസ്‌കാരിക വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത പതാകക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. നാദ ധ്വജ എന്നാണ് പതാകക്ക് നാമകരണം ചെയ്തിട്ടുള്ളത്. മഞ്ഞ, വെള്ള, ചുവപ്പ് എന്നീ നിറത്തിലുള്ള പതാകയാണ് സമിതി ശിപാര്‍ശ ചെയ്തിരുന്നത്. വെള്ള നിറത്തിന്റെ മധ്യത്തില്‍ സര്‍ക്കാറിന്റെ ചിഹ്നവും പതിച്ചിട്ടുണ്ട്. കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എസ് ജി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പതാകയുടെ രൂപഘടന തയ്യാറാക്കിയത്. ഇന്നലെ രാവിലെ വിധാന്‍സൗധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമിതി പതാക കൈമാറി.

സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പതാകക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ സ്വന്തം പതാക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം കൈക്കൊള്ളുമോ എന്നത് സംബന്ധിച്ച് സംശയമുയര്‍ന്നിട്ടുണ്ട്.