ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി, ലിജോ പല്ലിശേരി സംവിധായകന്‍

Posted on: March 8, 2018 3:31 pm | Last updated: March 9, 2018 at 10:08 am
SHARE

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് പാര്‍വതിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ടേക്ക് ഓഫ് അഞ്ചും ഒറ്റമുറി വെളിച്ചം നാല് പുരസ്‌കാരങ്ങള്‍ക്കും അര്‍ഹമായി. ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം. ഒറ്റമുറി വെളിച്ചം മികച്ച ചിത്രമായും ഇ മ യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശേരിയെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു.

ഷഹബാസ് അമന്‍ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. മായാനദി എന്ന ചിത്രത്തിലെ മിഴിയില്‍ നിന്നും മിഴിയിലേക്ക് എന്ന ഗാനമാണ് പുരസ്‌കാരത്തിന് ഷഹബാസിനെ അര്‍ഹനാക്കിയത്. വിമാനം എന്ന ചിത്രത്തിലെ വാനം അകലുന്നു എന്ന ഗാനം പാടിയ സിതാര കൃഷ്ണകുമാര്‍ മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ഇ.മ.യൗ ചിത്രത്തിലെ പ്രകടനത്തിന് പോളി വത്സന്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ കിണര്‍ എന്ന ചിത്രത്തിന് കഥയൊരുക്കിയ എം.എ.നിഷാദ് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടി.

ക്ലിന്റ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ച പ്രഭാവര്‍മയാണ് മികച്ച ഗാനരചയിതാവ്. ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഒരുക്കിയ എം.കെ.അര്‍ജുനന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം ടോക്ക് ഓഫ് എന്ന ചിത്രത്തിനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയത്. ഏദന്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രന്‍, ഡോ.ബിജു, ജെറി അമല്‍ദേവ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here