ഹാദിയ- ഷെഫിന്‍ വിവാഹം നിയമപരമെന്ന് സുപ്രീം കോടതി; വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല

Posted on: March 8, 2018 2:55 pm | Last updated: March 9, 2018 at 10:08 am

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഹാദിയ-ഷെഫിന്‍ ജഹാന്‍ ദമ്പതികളുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീം കോടതി വിധിച്ചു. അതേസമയം, ഷെഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ കോടതി വിധി പൂര്‍ണമല്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ പ്രതികരിച്ചു. മകളുടേത് തട്ടിക്കൂട്ട് വിവാഹമാണെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും പിതാവ് പറഞ്ഞു.