ലൈറ്റ് മെട്രോ പദ്ധതി നിലക്കാന്‍ കാരണം സര്‍ക്കാറിന്റെ അനാസ്ഥ: ഇ ശ്രീധരന്‍

Posted on: March 8, 2018 12:34 pm | Last updated: March 9, 2018 at 10:08 am

കൊച്ചി: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ രംഗത്ത്. സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനാലാണ് പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നും ഇതില്‍ വലിയ ദുഖമുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സിയുടെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പ്രാഥമിക ജോലികള്‍ ഉടന്‍ തുടങ്ങാമെന്ന ഉറപ്പിന്മേലാണ് 15 മാസം മുന്‍പ് ഡിഎംആര്‍സി ലൈറ്റ് മെട്രോക്കായി രണ്ട് ഓഫീസുകള്‍ കേരളത്തില്‍ തുറന്നത്. മാസം 15 ലക്ഷത്തോളം മുടക്കിയാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 15 മാസം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയാറായില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചോളം യോഗങ്ങളും ചേര്‍ന്നിരുന്നു. എന്നാല്‍ അന്തിമ കരാര്‍ എന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തിയില്ല. പദ്ധതി നടത്തിപ്പിനായി പല തവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പദ്ധതിയില്‍ നിന്ന് പിന്മാറും മുമ്പായി അവസാനമായി മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല.. പിന്നെ, പിന്മാറുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പദ്ധതിയില്‍ ഇനി ഡിഎംആര്‍സി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.