Connect with us

National

ടിഡിപി- ബിജെപി ബന്ധം പൊട്ടിത്തെറിയിലേക്ക്; ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് ടിഡിപി- ബിജെപി ബന്ധം പൊട്ടിത്തെറിയിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭയിലെ ടി ഡി പി അംഗങ്ങള്‍ ഇന്ന് രാജി നല്‍കാനിരിക്കെ ആന്ധ്രയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ഇതോടെ പ്രതിസന്ധി രൂക്ഷമായിരിക്കയാണ്.

രാജിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടിയിട്ടുണ്ടെന്നും ടിഡിപി മന്ത്രിമാരായ അശോക് ഗജപതിരാജുവും വൈ എസ് ചൗധരിയും വ്യക്തമാക്കി. അതിനിടെ, ടിഡിപി തീരുമാനത്തെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സ്വാഗതം ചെയ്തു. കേന്ദ്ര മന്ത്രിസഭയിലെ ടി ഡി പി അംഗങ്ങള്‍ രാജിവെക്കുമെന്നും എന്നാല്‍ തെലുഗുദേശം പാര്‍ട്ടി എന്‍ ഡി എ മുന്നണി തത്കാലം വിടില്ലെന്നും ആന്ധ്രാ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി ചെയര്‍മാനുമായ എന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് അമരാവതിയില്‍ അടിയന്തരമായി പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. ചന്ദ്രബാബു നായിഡു ഇന്നലെ രാത്രി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.

രാജിവെക്കാന്‍ കേന്ദ്ര മന്ത്രിമാരോട് ചന്ദ്രബാബു നായിഡു ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാകും ചെയ്യുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ ഡി എ സഖ്യം ഉപേക്ഷിക്കാന്‍ ടി ഡി പി തീരുമാനം കൈക്കൊണ്ടത്.
ആന്ധ്രയുടെ കാര്യത്തില്‍ അനുകൂല തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രത്തിനു മേല്‍ തന്നാലാവുന്ന വിധം ശ്രമം നടത്തിയതായി ചന്ദ്രബാബു നായിഡു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Latest