Connect with us

Ongoing News

ഗോകുലത്തിന് ഇന്ന് ലാസ്റ്റ് മാച്ച്; ജയിച്ചാല്‍ സൂപ്പര്‍ കപ്പ് യോഗ്യത

Published

|

Last Updated

ഗോകുലം ടീം പരിശീലനത്തില്‍

കോഴിക്കോട്; ഐ ലീഗില്‍ അവസാന ഹോം മത്സരത്തില്‍ ഗോകുലം എഫ് സി ഇന്ന് കിരീട പ്രതീക്ഷയുള്ള മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും. ഐ ലീഗ് ടീമുകളും ഐ എസ് എല്‍ ടീമുകളും മാറ്റുരക്കുന്ന സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ യോഗ്യത ഉറപ്പാക്കുന്നതിനുള്ള അന്തിമ പോരാട്ടം എന്ന നിലക്ക് ഗോകുലം എഫ് സിക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഹോം മാച്ച്.

ഇന്ന് മൂന്ന് മണിക്ക് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ചാമ്പ്യന്മാരാകണമെങ്കില്‍ മോഹന്‍ ബഗാന് ജയിച്ചേ തീരൂ എന്നിരിക്കെ ബഗാന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഹോം മത്സരത്തില്‍ ഗോകുലത്തോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടെങ്കിലും തന്റെ ടീമിന് എവേ മാച്ചില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് ബഗാന്‍ കോച്ച് പറഞ്ഞു. കാലാവസ്ഥ തങ്ങള്‍ക്ക് പ്രതികൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
ബഗാനെ പോലുള്ള വലിയ ബജറ്റും ഇന്ത്യന്‍ താരങ്ങളും മികച്ച വിദേശികളും ഉള്‍പ്പെടുന്ന ബഗാന്‍ തങ്ങളെ ഭയക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗോകുലം കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. അര്‍ജുന് ചെറിയപരുക്കൊഴിച്ചാല്‍ മറ്റ് താരങ്ങള്‍ക്ക് പരുക്കില്ല.

കൂടാതെ തുടര്‍ച്ചയായുള്ള ഹോം മത്സരങ്ങള്‍ക്കായുള്ള യാത്രാക്ഷീണവും ടീമിനെ അലട്ടുന്നുണ്ട്. നേരത്തെ ഫെബ്രുവരി 20ന് നടത്താന്‍ നിശ്ചയിച്ച മത്സരം മാര്‍ച്ച് ആറിന് രാത്രി എട്ടിലേക്ക് മാറ്റിയിരുന്നു. ഐ ലീഗ് കിരീട സാധ്യതക്ക് ഇത്തവണ ഈസ്റ്റ്ബംഗാളും മിനര്‍വ പഞ്ചാബും മോഹന്‍ ബഗാനും നെരോക്ക എഫ് സിയും തുല്യനിലയിലായതിനാലാണ് മത്സരം പുനക്രമീകരിച്ചത്. ബഗാന്റെ ഹോം ഗ്രൗണ്ടില്‍ അവരെ പരാജയപ്പെടുത്തിയ ഗോകുലം ഹോം ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളിനേയും പരാജയപ്പെടുത്തിയിരുന്നു. എവേ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴിനോട് സമനിലയും ഐസ്വാളിനോട് തോല്‍വിയും ഏറ്റുവാങ്ങിയ ഗോകുലം കേരളക്ക് സൂപ്പര്‍ കപ്പ് യോഗ്യത നേടാന്‍ വിജയം അനിവാര്യമാണ്. മത്സരത്തിന് മുന്നോടിയായി ഇരുടീമുകളും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും പരിശീലനം നടത്തി. സീസണില്‍ ആദ്യം ഗോകുലം നല്ല ഫോമിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ഫോമിലായത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

മുന്‍ താരങ്ങള്‍ക്ക് ആദരം
കോഴിക്കോട്: ഐ ലീഗ് അവസാന പോരാട്ടത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ സീനിയര്‍ മലയാളി താരങ്ങളെ ഗോകുലം കേരള എഫ് സി ഇന്ന് ആദരിക്കുന്നു. ഇന്ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഐ ലീഗിലെ അവസാന മത്സരമായ ഗോകുലം മോഹന്‍ ബഗാന്‍ പോരാട്ടത്തിന് ശേഷം െൈവകീട്ട് 4.45നാണ് ആദരിക്കല്‍ ചടങ്ങ് നടക്കുക. 35ലേറെ രാജ്യാന്തര താരങ്ങള്‍ പങ്കെടുക്കും. ഐ.എം വിജയന്‍, കെ ടി ചാക്കോ, സി വി പാപ്പച്ചന്‍, സേവ്യര്‍ പയസ്, യു ഷറഫലി, പ്രേംനാഥ് ഫിലിപ്പ് , കെ പി സേതുമാധവന്‍, കുരികേശ് മാത്യു, എന്‍ പി പ്രദീപ്, എം പി അശോകന്‍, അബ്ദുല്‍ ഹക്കീം, എം എം പൗലോസ് തുടങ്ങിയ മുന്‍ ഇന്റര്‍നാഷനലുകളെയാണ് ആദരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ കാള്‍ട്ടന്‍ ചാപ്മാനും പരിശീലകന്‍ ടി കെ ചാത്തുണ്ണിയും ചടങ്ങില്‍ മുഖ്യാതിഥികളാകും. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനാണ് താരങ്ങളെ ആദരിക്കുക.

---- facebook comment plugin here -----

Latest