ശുഐബ് വധത്തില്‍ സിബിഐ; സി പി എമ്മിനും സര്‍ക്കാറിനും തിരിച്ചടി, കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടം

Posted on: March 8, 2018 9:53 am | Last updated: March 8, 2018 at 9:53 am

കണ്ണൂര്‍: രാഷ്ട്രീയമായി സി പി എമ്മിനെ വലിയ പ്രതിരോധത്തിലാക്കിയ ശുഐബ് വധക്കേസ് സി ബി ഐക്ക് വിട്ട കോടതി നടപടി സി പി എമ്മിനും സര്‍ക്കാറിനും കനത്ത തിരിച്ചടി നല്‍കിയതിനൊപ്പം കോണ്‍ഗ്രസിന് ലഭിച്ചത് മികച്ച രാഷ്ടീയ നേട്ടം.
കൊലപാതകത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന, സാമ്പത്തിക സ്രോതസ് എന്നിവയടക്കം കണ്ടെത്താന്‍ സി ബി ഐ അന്വേഷണം അനിവാര്യമാണെന്ന് കാട്ടി ശുഐബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയപ്പോള്‍, സി ബി ഐ വേണ്ടെന്ന സര്‍ക്കാറിന്റെ കര്‍ക്കശ നിലപാടിനേറ്റ ആഘാതത്തിനുമപ്പുറം രാഷ്ട്രീയമായി സി പി എമ്മിന് വലിയ ക്ഷീണവുമായി.

ശുഐബ് വധത്തില്‍ രാഷ്ട്രീയ സമരത്തില്‍ ഇടറിപ്പോയ കോണ്‍ഗ്രസിന് ഹൈക്കോടതി വിധി വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്. വധക്കേസില്‍ തുടക്കത്തില്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് ശക്തമായ സമരവുമായി രംഗത്തെത്തിയെങ്കിലും സുപ്രധാന ആവശ്യങ്ങളൊന്നും നേടാനാവാതെ പിന്‍വലിക്കേണ്ടി വന്നത് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു.
ഇന്നലെ നടന്ന കെപിസിസി യോഗത്തില്‍ കെ സുധാകരന്‍ സംസ്ഥാന നേതൃത്തിനെതിരേ ഇക്കാര്യം ചൂണ്ടിക്കാട്ടി ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കോടതി വിധിയെത്തിയത്. കോണ്‍ഗ്രസിന്റെ ശക്തമായ രഷ്ട്രീയ തിരിച്ചുവരവിനു നിദാനമായ കേസില്‍ തങ്ങളുന്നയിച്ച വാദങ്ങളെല്ലാം കോടതി അതേപടി അംഗീകരിച്ചെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തുടക്കത്തില്‍ പിടികൂടിയത് ഡമ്മി പ്രതികളാണെന്ന് വാദിച്ചാണ് കോണ്‍ഗ്രസ് സമരം തുടങ്ങിയതെങ്കിലും പിന്നെ സാക്ഷികള്‍ തന്നെ പ്രതികളെ തിരിച്ചറിഞ്ഞതോടെ കൊല്ലിച്ചവരെ കണ്ടെത്താന്‍ സി ബി ഐ വേണമെന്ന ആവശ്യം ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് സമരം ഒമ്പത് ദിവസം നീണ്ടത്. പാര്‍ലിമെന്റ്തിരഞ്ഞെടുപ്പിലെ പരാജയവും ഉദുമ നിയമസഭാ മണ്ഡലത്തിലെ തോല്‍വിയുമുണ്ടാക്കിയ മുറിവുകളില്‍ ക്ഷീണിതനായിരിക്കുകയായിരുന്ന കെ സുധാകരന് കനത്ത ഊര്‍ജ്ജം ലഭിച്ചതിനൊപ്പം ജില്ലയിലെ കോണ്‍ഗ്രസിനും കരുത്ത് ലഭിക്കാന്‍ സമരം നിമിത്തമായി.അതിനിടെ മുഖ്യമന്ത്രിയുടെ ജില്ലയില്‍ തന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചതോടെ പ്രതിസന്ധിയിലായ സിപിഎമ്മിന് ഒരു കേസില്‍ കൂടി സിബിഐ എത്തുന്നത് കനത്ത തിരിച്ചടിയാവും.

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സി എത്തുന്നതാണ് രാഷ്ട്രീയമായ തിരിച്ചടിക്കു കാരണമാകുക. അതേസമയം, ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പോലീസ് അന്വേഷണം കുറേക്കൂടി വേഗത്തിലാകുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ച് പ്രതികളെ പിടികൂടിയ പോലീസ് ഗൂഢാലോചന നടത്തിയവരെ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കിയിരുന്നു. കേസില്‍ സി പിഎം പ്രവര്‍ത്തകരായ 11 പ്രതികള്‍ നിലവില്‍ പിടിയിലായിക്കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഗൂഢാലോചന നടത്താന്‍ ശ്രമിച്ചവരെക്കൂടി വലയിലാക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്നും തുടങ്ങിയത്. ശുഐബ് കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് കോടതിയുടെ കടുത്ത വിമര്‍ശത്തിനുമിടയാക്കിയിരുന്നു. പിന്നീട് രണ്ട് ഘട്ടങ്ങളിലായാണ് വാളുകളും മഴുവുമടങ്ങിയ ആയുധ ശേഖരം കണ്ടെത്തിയത്.