Connect with us

Kerala

ത്രിപുരയിലെ അക്രമങ്ങള്‍ ജനാധിപത്യവിരുദ്ധം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടക്കുന്ന അക്രമങ്ങള്‍ ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

പൗരജീവിതത്തെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത രാജ്യം ഇക്കാലം വരെ ഉണ്ടാക്കിയെടുത്ത മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം സാധരണ കാണുന്ന ആഹ്ലാദപ്രകടനമല്ല ത്രിപുരയില്‍ കണ്ടത്. മറിച്ച് പാവങ്ങളെ ഉന്നം വെച്ച് അക്രമിക്കുകയും സാധാരണക്കാരുടെ കടകളും വീടുകളും തീയിട്ടു നശിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ള അതിക്രമങ്ങളുമാണ്. ഇത്തരം സംഭവങ്ങളെ ഗൗരവപൂര്‍വം കാണുകയും അക്രമികളെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കുകയും വേണം.

ഇന്ത്യ പുറംലോകത്ത് പ്രശസ്തമായി നില്‍ക്കുന്നത് വിവിധ പ്രസ്ഥാനങ്ങള്‍ക്കും ചിന്താധാരകള്‍ക്കും സ്വതന്ത്രമായി ഭരണഘടനാപരമായി അനുമതി നല്‍കുന്ന രാജ്യം എന്ന നിലയിലാണ്. ഭൂരിപക്ഷം നേടിയവര്‍ രാഷ്ട്രീയമായ വിയോജിപ്പുള്ളവരെ ക്രൂരമായി നിഗ്രഹിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഏര്‍പ്പാടാണ്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ത്രിപുരയില്‍ സ്വസ്ഥജീവിതം പുനഃസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

Latest