Connect with us

Editorial

വിജയാഘോഷമല്ല, ഫാസിസം

Published

|

Last Updated

ജനാധിപത്യത്തില്‍ ആശ വെക്കുന്നവരെ ആശങ്കാകുലരാക്കുന്ന വാര്‍ത്തകളാണ് ത്രിപുരയില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിന്റെ ഹുങ്കില്‍ ബി ജെ പിക്കാര്‍ തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കയാണ്. ദക്ഷിണ ത്രിപുരയിലെ ബെലോനിയ പട്ടണത്തിലും സബ്‌റൂം മോട്ടോര്‍ സ്റ്റാന്‍ഡിലും സ്ഥാപിച്ച ലെനിന്റെ പ്രതിമകള്‍ ബുള്‍ഡോസറുമായെത്തിയാണ് ഇവര്‍ തകര്‍ത്തത്. അഞ്ച് വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പില്‍ സി പി എം വിജയാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചതാണ് ഈ പ്രതിമകള്‍. സി പി എം പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 70-ഓളം ഓഫീസുകളും ഇരുനൂറോളം വീടുകളും അഗ്നിക്കിരയാക്കുകയും 140 ഓഫീസുകള്‍ തകര്‍ക്കുകയും 200-ലേറെ പാര്‍ട്ടി ഓഫീസുകള്‍ അതിക്രമിച്ചു കയറി കൈയടക്കുകയും 1600 ലധികം വീടുകള്‍ അക്രമിക്കുകയും ചെയ്തു. പലയിടങ്ങളിലും സി പി എം പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണത്രെ. പുറത്തിറങ്ങിയാല്‍ സംഘം ചേര്‍ന്ന് ആക്രമിക്കും. ഗുജറാത്തിലും മറ്റും സംഘ്പരിവാര്‍ നടത്തിയ വര്‍ഗീയ കലാപങ്ങളുടെ സമാന സ്വഭാവത്തിലുള്ള അക്രമങ്ങളാണ് ത്രിപുരയില്‍ നടക്കുന്നത്.

ലെനിന്‍ വിദേശിയായതു കൊണ്ടാണ് പ്രതിമകള്‍ തകര്‍ത്തതെന്നും ഇന്ത്യന്‍ നേതാക്കളുടെ പതിമകള്‍ ആരും തൊടില്ലായിരുന്നുവെന്നുമാണ് സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ബി ജെ പി നേതാക്കള്‍ പറഞ്ഞത്. “ആരാണു ലെനിന്‍? ഇന്ത്യയുമായി എന്താണു അദ്ദേഹത്തിന് ബന്ധം? കമ്യൂണിസത്തിനു രാജ്യവുമായി എങ്ങനെയാണു ബന്ധം” ബി ജെ പി ദേശീയ സെക്രട്ടറി എച്ച് രാജ ചോദിക്കുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ മധുരയില്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഇന്ത്യക്കാരനായ പെരിയോറിന്റെ (ഇ വി രാമസ്വാമി)പ്രതിമ ബി ജെ പി തകര്‍ത്തത്. ജാതിഭ്രാന്തനായിരുന്നു പെരിയോറെന്നും അദ്ദേഹത്തിന്റെ പ്രതിമ തകര്‍ക്കുമെന്നും എച്ച് രാജ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വിദേശി,സ്വദേശി പ്രശ്‌നമല്ല, തങ്ങള്‍ക്കിഷ്ടമില്ലാത്തതെന്തിനെയും നശിപ്പിക്കുകയെന്നതാണ് ഇവരുടെ നയമെന്നാണ് മധുര സംഭവം വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികളുടെ വിജയവും പരാജയവും സാധാരണമാണ്. എന്നാല്‍ ജയിക്കുന്ന കക്ഷികളും പരാജിതരും തമ്മിലുള്ള ബന്ധം തികച്ചും ആരോഗ്യപരമായിരിക്കണം. ഇരു വിഭാഗവും പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. അതാണ് ജനാധിപത്യം ഉദ്‌ഘോഷിക്കുന്നത്. പ്രചാരണ ഘട്ടത്തില്‍ അന്യോന്യം ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചെന്ന് വരാം. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അതെല്ലാം മാറ്റിവെക്കുന്നതാണ് മനുഷ്യത്വവും രാഷ്ട്രീയ മാന്യതയും. പകരം പരാജയപ്പെടുന്ന കക്ഷികളെ അക്രമിക്കുകയും അവരുടെ ചിഹ്നങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് ഭൂഷണമല്ല.
നേരത്തെ ദീര്‍ഘകാലം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളില്‍ മറ്റു കക്ഷികള്‍ അധികാരത്തിലേറിയിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും വിജയികള്‍ പരാജയപ്പെട്ടവരെ അക്രമിക്കുകയോ ഓഫീസുകള്‍ തകര്‍ക്കുകയോ ചെയ്യുകയുണ്ടായില്ല. വിജയാഹ്ലാദത്തിനിടയില്‍ ത്രിപുരയില്‍ ഇപ്പോള്‍ അരങ്ങേറിയതു പോലുള്ള അക്രമവും വിജയികളുടെ തേര്‍വാഴ്ചയും രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ഇതര രാഷ്ട്രീയ സംസ്‌കാരവും സംഘ്പരിവാര്‍ രാഷ്ട്രീയ സംസ്‌കാരവും തമ്മിലുള്ള പ്രകടമായ അന്തരമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നത്. വിരുദ്ധാശയങ്ങളെ സംവാദത്തിലൂടെയും സമാധാനപരമായ മറ്റു മാര്‍ഗങ്ങളിലൂടെയും നേരിടുകയെന്നതാണ് മതേതര ജനാധിപത്യ സംസ്‌കാരം. ഫാസിസത്തിന്റെ ശൈലിയായ അസഹിഷ്ണുതയും അടിച്ചൊതുക്കല്‍ സംസ്‌കാരവുമാണ് സംഘ്പരിവാര്‍ പുറത്തെടുക്കുന്നത്.

ത്രിപുരയിലെ അക്രമങ്ങള്‍ക്ക് ഉടനെ അറുതി വരുത്തിയില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും അക്രമം വ്യാപിച്ചേക്കും. കേന്ദ്ര സര്‍ക്കാറും ബി ജെ പി നേതൃത്വവും വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും അക്രമം അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അക്രമത്തെ ന്യായീകരിക്കുന്ന തരത്തില്‍ ചില ബി ജെ പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും അവസാനിപ്പിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമാധാനത്തിന്റെ ദൂതുമായി പ്രത്യക്ഷപ്പെടേണ്ട ഗവര്‍ണറുടെ പ്രതികരണം തീര്‍ത്തും അമാന്യവും പദവിക്ക് നിരക്കാത്തതുമായിപ്പോയി. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം ജനാധിപത്യത്തിലൂടെ തന്നെ അധികാരത്തിലേറിയ മറ്റൊരു സര്‍ക്കാറിന് തിരുത്താമെന്നായിരുന്നു പ്രതിമ തകര്‍ത്തതിനെക്കുറിച്ചു ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി പറഞ്ഞത്. അപലപിക്കേണ്ടതിന് പകരം അതിനെ ന്യായീകരിക്കുകയാണദ്ദേഹം. മുന്‍ സര്‍ക്കാറില്‍ നിന്ന് എന്തെങ്കിലും അപാകങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് പിന്നീട് വരുന്ന സര്‍ക്കാറുകളാണ്. അല്ലാതെ ആള്‍ക്കൂട്ടമല്ല. ആള്‍ക്കൂട്ടങ്ങള്‍ ഈ രീതിയില്‍ നിയമം കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ എന്തിനാണ് ഇവിടെ സര്‍ക്കാറുകളും കോടതികളും?