Connect with us

Articles

സ്ത്രീ സുരക്ഷക്ക് സമൂഹത്തിന്റെ ജാഗ്രത

Published

|

Last Updated

സ്ത്രീകളുടെ അവകാശബോധത്തെപ്പോലും കച്ചവടച്ചരക്കാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളെ ഈ ഘട്ടത്തില്‍ കാണാതിരിക്കേണ്ട. സ്ത്രീകളുടെ സാമൂഹിക വളര്‍ച്ചയെ ഒരു എന്റര്‍ടൈന്‍മെന്റ് വിഷയമായി മാറ്റാനാണ് ശ്രമം. സ്ത്രീകളുടെ ഉണര്‍വിനെ കച്ചവടച്ചരക്കാക്കാന്‍ കഴിയുമോ എന്നാണ് കമ്പോളം ചിന്തിക്കുന്നത്. തിരിച്ചറിവുള്ളവരുടെ ഇടപെടലുകള്‍ ഈ രംഗത്ത് അനിവാര്യമായിരിക്കുന്നു. എഴുത്തുകാരും പ്രഭാഷകരും സാമൂഹിക പ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

സ്ത്രീകള്‍ക്കു വേണ്ടിയുള്ള ശബ്ദം ഇന്ന് ഒറ്റപ്പെട്ടതല്ല. അടക്കിവാഴേണ്ട വിഭാഗമായി സ്ത്രീകളെ കണ്ടിരുന്ന കാലഘട്ടത്തില്‍നിന്ന് അവര്‍ ആദരിക്കപ്പെടേണ്ടവളും അംഗീകരിക്കപ്പെടേണ്ടവളുമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം വന്നെത്തുകയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ലോകം അറിയുകയും പ്രതികരണമുണ്ടാകുകയും ചെയ്യുന്നത് അതിനാലാണ്. സ്ഥിതി വിവരണക്കണക്കുകളുടെ പുതിയ കാലത്ത് പക്ഷേ, സ്ത്രീക്ക് അര്‍ഹിക്കുന്നത് ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.
വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെല്ലാം സ്ത്രീ സമൂഹം മികവോടെ കടന്നുവരികയും മത്സരിച്ച് നേടാന്‍ പ്രാപ്തി നേടുകയും ചെയ്യുന്നത് ഇന്ന് അസാധാരണ ദൃശ്യമല്ല. ലോകം ശ്രദ്ധിക്കുന്ന ഓസ്‌കര്‍ സിനിമ അവാര്‍ഡ് വേദിയിലും ഇക്കുറി ഉയര്‍ന്നു കേട്ടത് സ്ത്രീപക്ഷ ഉണര്‍വിന്റെ ധ്വനികളായിരുന്നു. എന്നാല്‍ വേദികളില്‍ ആഘോഷിക്കപ്പെടുന്ന ഒരു ന്യൂനപക്ഷമല്ല സ്ത്രീ സമൂഹത്തെയാകെ പ്രതിനിധീകരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. വൈരുധ്യം നിറഞ്ഞ ഈ സാഹചര്യങ്ങളുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് മാറ്റത്തിനായി മുന്നോട്ട് പോകുകയാണ് ഇനി വേണ്ടത്.

സമൂഹത്തിന്റെ വികസന വീക്ഷണങ്ങള്‍ നിശ്ചയിക്കുന്ന വേദികളില്‍ സ്ത്രീകളുടെ സാന്നിധ്യം അംഗബലം കൊണ്ടുകൂടി പ്രകടമാകുമ്പോള്‍ മാത്രമേ അവര്‍ അര്‍ഹമായത് നേടാന്‍ ആരംഭിച്ചുവെന്ന് പറയാനാകൂ. തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യത്തിന്റെ തോത് വര്‍ധിച്ചുവരുന്നുണ്ടാകാം. എങ്കിലും നയിക്കാന്‍ പ്രാപ്തിയുള്ളവളായി സ്ത്രീയെ അംഗീകരിക്കുന്നതില്‍ നാം പിറകിലാണ്. സ്ത്രീപക്ഷ ചിന്തകളുടെ സജീവ സാന്നിധ്യമുള്ളതുകൊണ്ടാകണം ഭരണ നിര്‍വഹണ രംഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം ആവശ്യമാണെന്ന ബോധ്യത്തിലേക്ക് സമൂഹം എത്തുന്നത്. സ്ത്രീകളുടെ പൊതു ഇടങ്ങളെക്കുറിച്ചു പോലും ചര്‍ച്ച വളര്‍ന്നു വരുന്നുണ്ട്. സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ ഉന്നത സമിതികളില്‍ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കണമെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. സ്ത്രീപക്ഷ വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ മുമ്പില്ലാത്ത വിധം ഇടം കിട്ടാനും തുടങ്ങിയിരിക്കുന്നു.
എന്നാല്‍, നമ്മെയെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ചിന്താ മണ്ഡലം സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ ഇനിയും അറിഞ്ഞ് അംഗീകരിക്കുന്ന തലത്തിലേക്ക് എത്തിയിട്ടില്ല. രാഷ്ട്രീയവും മതപരവുമായ അടിത്തറയില്‍നിന്നും പാരമ്പര്യങ്ങളുടെ കെട്ടുപാടുകളില്‍നിന്നുമാണ് നിലവില്‍ സ്ത്രീയെക്കുറിച്ച കാഴ്ചപ്പാടുകള്‍ രൂപവത്കരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെ പുരോഗതിയിലേക്കുള്ള വഴിയും ഈ അടിത്തറകളിലാണ് നിശ്ചയിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പൊതുവായൊരു സ്ത്രീപക്ഷ സമീപനം എളുപ്പമല്ലെങ്കിലും പലതരം പരീക്ഷണങ്ങളിലൂടെ പൂതിയതും സര്‍വസമ്മതവുമായ കാഴ്ചപ്പാടില്‍ എത്തിച്ചേരാനാകുമെന്ന് കരുതാം. കാഴ്ചപ്പാടുകള്‍ ഭിന്നമാണെങ്കിലും മുദ്രാവാക്യങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍ ബോധ്യമുണ്ടെങ്കിലും സ്ത്രീപക്ഷത്ത് വളര്‍ന്നുവരുന്ന ഏതൊരു ശബ്ദവും പ്രതീക്ഷ പകരുന്നതാണ്. ഏതൊരു നീക്കത്തെയും നാം പ്രോത്സാഹിപ്പിക്കണം. കുറവുകള്‍ പരസ്പരം ചൂണ്ടിക്കാട്ടാനുള്ള പൊതുവേദികള്‍ ഉണ്ടായാല്‍ നീക്കങ്ങള്‍ ഗുണപരമായി മാറുന്നതിന് കളമൊരുങ്ങും.

യാഥാസ്ഥിതികത്വത്തിന്റെ കെട്ടുകളെക്കുറിച്ച് പുതുതലമുറ നല്ല ബോധ്യമുള്ളവരാണ്. വിദ്യ കൊണ്ട് ഇനി നേടാനുള്ളത് സ്വയം നിര്‍ണയത്തിനുള്ള അവകാശമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. പലവിധ ആവിഷ്‌കാരങ്ങളും പരിപാടികളും പ്രതികരണങ്ങളുമായി അത് ക്യാമ്പസുകളിലും പുറത്തും പ്രകടമാകുന്നുണ്ട്. ഈ വളര്‍ച്ചയെ ഗുണപരമായ ചാലിലൂടെ വികസിപ്പിച്ചെടുക്കുകയാണ് വനിതാ കമ്മീഷന്റെ ലക്ഷ്യം. പുരുഷ മേധാവിത്ത ചിന്തയെ ഉള്ളില്‍ ഉപാസിക്കുന്നവരുടെ എണ്ണം കുറവല്ല. അതിനാല്‍ ഏതൊരു സ്ത്രീപക്ഷ ചിന്തയെയും വാദത്തെയും എതിര്‍വാദങ്ങളുയര്‍ത്തിയും കുതന്ത്രങ്ങള്‍ വഴിയും ചെറുത്തു തോല്‍പ്പിക്കാന്‍ ശ്രമമുണ്ടാകും. അത് ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതാണ് വിജയത്തിന്റെ ആദ്യപടി. തികഞ്ഞ രാഷ്ട്രീയ ബോധമാണ് അതിന് വേണ്ടത്. കക്ഷി രാഷ്ട്രീയത്തെക്കുറിച്ചല്ല ഇവിടെ സൂചിപ്പിച്ചത്. വീടും ചൂറ്റുപാടും നാടും നാടിന്റെ വളര്‍ച്ചയും ഏതേതു നയങ്ങളെയാണ് കൊണ്ടു നടക്കുന്നതെന്ന തിരിച്ചറിവോടെ മാറ്റത്തിനായി ഉയര്‍ത്തുന്ന ശരിയായ മുദ്രാവാക്യമാണ് ആ രാഷ്ട്രീയം.
സ്ത്രീപക്ഷ നിയമങ്ങള്‍ നമുക്ക് മുന്നിലുള്ളപ്പോഴും ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷയും സംരക്ഷണവും നല്‍കാന്‍ അവക്കായില്ലെങ്കില്‍ അതുകൊണ്ടെന്ത് കാര്യം? നിയമങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രയോഗിക്കാനുള്ള മനോഭാവം നീതി നിര്‍വഹണ മണ്ഡലങ്ങളിലെല്ലാം വേണം. സമൂഹത്തിന്റെ ജാഗ്രത കൊണ്ട് മാത്രമേ സ്ത്രീ സമൂഹത്തിന്റെ സുരക്ഷയും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ കഴിയൂ.
ഈ സാഹചര്യങ്ങള്‍ മുന്നില്‍ വെച്ചാണ് അന്താരാഷ്ട്ര വനിതാ ദിനം മുന്നോട്ടുവെക്കുന്ന സന്ദേശം ചര്‍ച്ച ചെയ്യേണ്ടത്. പുരോഗതിക്കുവേണ്ടിയുള്ള ശബ്ദമാണ് ഈ വര്‍ഷത്തെ വനിതാദിന പ്രമേയം. പുരോഗതി എന്നതിന്റെ വിവക്ഷ കൃത്യമായി നിര്‍ണയിച്ച് മാത്രമേ കര്‍മ പരിപാടികളിലേക്ക് കടക്കാനാകൂ. ഈ പ്രമേയത്തെ കേരളീയ പശ്ചാത്തലത്തിലും ഇന്ത്യന്‍ പശ്ചാത്തലത്തിലും നാം വായിച്ചെടുക്കണം. നയപരിപാടികളുടെ രൂപവത്കരണത്തിന് ഒരു അടിസ്ഥാന വായന അനിവാര്യമാണ്. സധൈര്യം സ്ത്രീസമൂഹം മുന്നോട്ട് കുതിക്കണമെന്ന ആഹ്വാനമാണ് ഈ വര്‍ഷത്തെ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഈ വീക്ഷണമാണ് കേരള വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നതും. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുതിയ വകുപ്പ് രൂപീകരണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വിവേചനങ്ങളില്ലാത്ത സ്ത്രീ സമൂഹത്തിന്റെ സൃഷ്ടിപ്പിന് സധൈര്യം മുന്നോട്ട് എന്ന പേരില്‍ സര്‍ക്കാര്‍ വിപുലവും ആഴത്തിലുള്ളതുമായ കര്‍മരേഖ മുന്നില്‍വെക്കുന്നുണ്ട്. വനിതാ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുമുണ്ട്.
സ്ത്രീസുരക്ഷക്ക് മുന്തിയ പരിഗണന പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പുതിയ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്ത് വനിതാ കമ്മീഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആരെയും വിളിച്ചുവരുത്താനുള്ള അധികാരം കമ്മീഷന് നല്‍കുന്ന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. കേസ് തീര്‍പ്പാക്കല്‍ കുറേക്കൂടി കാര്യക്ഷമമാക്കാനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യബോധത്തോടെയുള്ളതാക്കാനും കമ്മീഷന്‍ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ബജറ്റില്‍ കമ്മീഷന് വേണ്ടി പ്രഖ്യാപിച്ച റീജിയനല്‍ ഓഫീസ് കോഴിക്കോട്ട് ആരംഭിക്കുന്നതോടെ വടക്കന്‍ ജില്ലകളിലുള്ള സ്ത്രീകള്‍ക്ക് കൂറേക്കൂടി വേഗത്തില്‍ കമ്മീഷന്റെ മുന്നില്‍ എത്താന്‍ കഴിയും.

കേരള വനിതാ കമ്മീഷന്‍ അടുത്ത കാലത്തായി നടത്തിയ സ്ത്രീപക്ഷ ഇടപെടലുകളെക്കുറിച്ച് മലയാളികള്‍ക്ക് ബോധ്യമുണ്ട്. അടിയന്തര ഘട്ടങ്ങളിലുള്‍പ്പെടെ നീതിക്ക് വേണ്ടി ഒപ്പം നില്‍ക്കാന്‍ കമ്മീഷന്‍ കൂടെയുണ്ടെന്ന് വനിതകള്‍ തിരിച്ചറിയുന്നുവെന്നത് ആഹ്ലാദകരമാണ്. നിയമങ്ങള്‍ രക്ഷ നല്‍കേണ്ട ഇടങ്ങളില്‍ കടമ്പകളായി നില്‍ക്കുന്ന താത്പര്യങ്ങളെയും ശക്തികളെയും വകഞ്ഞുമാറ്റി സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് കമ്മീഷന്‍ ശ്രമിച്ചുവരുന്നു. കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ വൈപുല്യവും വൈവിധ്യവും അതിശയിപ്പിക്കുന്നതായി മാറിയിരിക്കുന്നു.
സ്ത്രീകളുടെ അന്തസ്സും പദവിയും ഉയര്‍ത്തുന്നതിനും നീതി നിഷേധിക്കപ്പെടുമ്പോള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിനുമാണ് കേരള വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലെ ചുവടുവെപ്പുകള്‍ക്ക് എല്ലാവിഭാഗം സംഘടനകളുമായും സംവിധാനങ്ങളുമായും ഒരുമിച്ച് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നു.
സ്ത്രീകളുടെ അവകാശബോധത്തെപ്പോലും കച്ചവടച്ചരക്കാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളെയും ഈ ഘട്ടത്തില്‍ കാണാതിരിക്കേണ്ട. സ്ത്രീകളുടെ സാമൂഹിക വളര്‍ച്ചയെ ഒരു എന്റര്‍ടൈന്‍മെന്റ് വിഷയമായി മാറ്റാനാണ് ശ്രമം. സ്ത്രീകളുടെ ഉണര്‍വിനെ കച്ചവടച്ചരക്കാക്കാന്‍ കഴിയുമോ എന്നാണ് കമ്പോളം ചിന്തിക്കുന്നത്. തിരിച്ചറിവുള്ളവരുടെ ഇടപെടലുകള്‍ ഈ രംഗത്ത് അനിവാര്യമായിരിക്കുന്നു. എഴുത്തുകാരും പ്രഭാഷകരും സാമൂഹിക പ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഓരോ പുരുഷന്റേയും വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടെന്ന അലങ്കാര വാക്ക് നമുക്ക് അറിയാം. ഇനി വിജയങ്ങള്‍ക്ക് മുന്നിലാകട്ടെ സ്ത്രീയുടെ സ്ഥാനം. കുടുംബത്തിലും പുറത്തും. നീ പെണ്ണാണ് എങ്കിലും പറയാനുള്ളത് പറഞ്ഞോളൂ എന്നാണല്ലോ ഇത്രകാലം നാം പഠിച്ചതും അറിഞ്ഞതും. നീ പെണ്ണാണ് അതിനാല്‍ നീ തന്നെ പറയുക എന്നാവട്ടെ പുതുതായി ഉയരേണ്ട ശബ്ദം. കുടുംബങ്ങളിലും തൊഴിലിടങ്ങളിലും ഭരണകേന്ദ്രങ്ങളിലും ഈ നിലയില്‍ കാഴ്ചപ്പാട് മാറി വരണം. അപ്പോള്‍ മാത്രമേ സ്ത്രീ സുരക്ഷിതയും പദവി അര്‍ഹിക്കുന്നവളുമായി മാറുകയുള്ളൂ. ഈ ചിന്താഗതിയിലേക്കുള്ള പാത കഠിനമാണെങ്കിലും അപ്രാപ്യമല്ല.

 

കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ