യൂസുഫലി ഏറ്റവും സമ്പന്നനായ മലയാളി

ലോക സമ്പന്ന സ്ഥാനം ബില്‍ഗേറ്റ്‌സിന് നഷ്ടമായി; പകരം ജെഫ് ബെസോസ്
Posted on: March 8, 2018 9:07 am | Last updated: March 10, 2018 at 3:10 pm
എംഎ യൂസുഫലി, രവി പിള്ള

ദുബൈ: ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി പദവി അരക്കിട്ടുറപ്പിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. ഈ വര്‍ഷത്തെ ഫോബ്‌സ് പട്ടിക പുറത്തുവന്നപ്പോള്‍ യൂസുഫലിയുടെ ആസ്തി 500 കോടി ഡോളറായി (32,500 കോടി രൂപ) ഉയര്‍ന്നു. രണ്ടാം സ്ഥാനം ആര്‍ പി ഗ്രൂപ് ചെയര്‍മാന്‍ രവി പിള്ളക്കാണ്. 390 കോടി ഡോളര്‍ (25,300 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. യൂസുഫലി ലോകത്ത് 388ാം സ്ഥാനത്തും രവി പിള്ള 572ാം സ്ഥാനത്തുമാണ്.

ജോയ് ആലുക്കാസ്‌

ദുബൈ ആസ്ഥാനമായ ജെംസ് ഗ്രൂപ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (240 കോടി ഡോളര്‍), ക്രിസ് ഗോപാലകൃഷ്ണന്‍ (180 കോടി ഡോളര്‍), പി എന്‍ സി മേനോന്‍ (150 കോടി ഡോളര്‍), ഡോ. ഷംഷീര്‍ വയലില്‍ (150 കോടി ഡോളര്‍), ജോയ് ആലുക്കാസ് (150 കോടി ഡോളര്‍), ടി എസ് കല്യാണരാമന്‍ (140 കോടി ഡോളര്‍), എസ് ഡി ഷിബു ലാല്‍ (120 കോടി ഡോളര്‍), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (120 കോടി ഡോളര്‍) എന്നീ മലയാളികളും പട്ടികയിലുണ്ട്. ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ ഇടയില്‍ 19ാം സ്ഥാനമാണ് യുസുഫലിക്ക്. 4,010 കോടി ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിക്കാണ് ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനം.

ആമസോണ്‍ ഡോട് കോം ഉടമ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും സമ്പന്നന്‍. 11,200 കോടി ഡോളറാണ് ആസ്തി. ബില്‍ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തേക്ക് പോയി. 18 വര്‍ഷമായി ഈ പദവി അലങ്കരിച്ചത് ബില്‍ഗേറ്റ്‌സ് ആണ്. ഭരണാധികാരികളുടെ കൂട്ടത്തില്‍ ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച ഏക വ്യക്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. 310 കോടി ഡോളറാണ് ആസ്തി. അറബ് രാജ്യങ്ങളിലെ 31 പേര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈജിപ്തിലെ നാസിഫ് സാവിരിസാണ് ഏറ്റവും സമ്പന്നനായ അറബ് പൗരന്‍. 660 കോടി ഡോളറാണ് ആസ്തി.
സഊദിയിലെ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഇത്തവണ പട്ടികയിലില്ല. രണ്ടാം സ്ഥാനം യു എ ഇ യിലെ അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ ഗുറൈറിനാണ്. 590 കോടി ഡോളറാണ് ആസ്തി. ഒമാനിലെ സുഹൈല്‍ ബഹ്വാന്‍ അറബികള്‍ക്കിടയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, സഊദി അറേബ്യയിലെ ആരും ആദ്യ പത്തില്‍ ഇടം പിടിച്ചില്ല.

ഏതാനും ദിവസം മുമ്പ് ഹുറൂണ്‍ പുറത്തിറക്കിയ പട്ടികയിലും ലോകത്തെ ഏറ്റവും സമ്പന്ന മലയാളി യൂസുഫലി തന്നെ. യുവാക്കളില്‍ ഡോ. ഷംഷീര്‍ വയലിലാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്. 2694 ശതകോടീശ്വരന്മാര്‍ ലോകത്തുണ്ടെന്നാണ് ഹുറൂണിന്റെ കണ്ടെത്തല്‍.