Connect with us

Kerala

ബിഡിജെഎസിന്റെ പരാതി ഫലം കണ്ടു; തുഷാര്‍ രാജ്യസഭയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: എന്‍ ഡി എ അവഗണിക്കുന്നുവെന്ന പരാതികള്‍ക്കിടെ ബി ഡി ജെ എസിന് ബി ജെ പിയുടെ രാജ്യസഭാ സീറ്റ് വാഗ്ദാനം. ഉത്തര്‍പ്രദേശില്‍ നിന്നോ രാജസ്ഥാനില്‍ നിന്നോ ആയിരിക്കും മത്സരിക്കുക. ബി ഡി ജെ എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. ബി ഡി ജെ എസിന്റെ അക്കൗണ്ടില്‍ മുന്‍ ഡി ജി പി. ടി പി സെന്‍കുമാറിനെ രാജ്യസഭയിലേക്ക് അയക്കുകയെന്ന നിര്‍ദേശവും ബി ജെ പി മുന്നോട്ടുവെച്ചിട്ടുണ്ട്. തുഷാറിനെ മത്സരിപ്പിക്കണമെന്നാണ് ബി ഡി ജെ എസ് നിലപാട്.

അതേസമയം, തുഷാര്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനോട് വെള്ളാപ്പള്ളി നടേശന് യോജിപ്പില്ലെന്നും സൂചനയുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെ പ്രശ്‌നം പരിഹരിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായാണ് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി രൂപവത്കരിച്ച് എന്‍ ഡി എയുടെ ഭാഗമായപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ബി ഡി ജെ എസ് പരാതിപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ മുന്നണി വിടുമെന്ന ഭീഷണി പോലും മുഴക്കി. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി ജെ പി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതിനാല്‍ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബി ഡി ജെ എസിനെ അനുനയിപ്പിക്കണമെന്ന് സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം.
രാജ്യസഭയിലേക്ക് സീറ്റുണ്ടെന്ന കാര്യം ബി ഡി ജെ എസിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ബി ഡി ജെ എസിനെ പരിഗണിച്ചതിനൊപ്പം മറ്റു ഘടകകക്ഷികളെ അവഗണിക്കുന്നില്ലെന്ന് വരുത്താനും ശ്രമം നടത്തുന്നുണ്ട്. എന്‍ ഡി എയിലെ കേരളത്തില്‍ നിന്നുള്ള മറ്റു ഘടകകക്ഷികള്‍ക്കും പദവികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മറൈന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി രാജന്‍ കണ്ണാട്ടിന് ലഭിക്കും. പി എസ് പിയുടെ അധ്യക്ഷന്‍ കെ കെ പൊന്നപ്പന് ഫിഷറിസ് കോര്‍പറേഷനും ബി ഡി ജെ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന് നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവിയും ലഭിക്കും. ബി ഡി ജെ എസില്‍ നിന്ന് മറ്റു പതിനാല് പേരെ വിവിധ ഡയറക്ടര്‍ ബോര്‍ഡുകളിലേക്കും എടുക്കും.
തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക് മത്സരിക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന് എതിര്‍പ്പുണ്ടെന്നാണ് വിവരം. ബി ഡി ജെ എസ്, എന്‍ ഡി എ വിടണമെന്ന് ആവശ്യപ്പെടുന്ന വെള്ളാപ്പള്ളി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

Latest