ബിജെപിക്ക് തിരിച്ചടി; ടിഡിപി മന്ത്രിമാര്‍ ഇന്ന് രാജിവെക്കും

Posted on: March 8, 2018 8:59 am | Last updated: March 8, 2018 at 11:43 am
SHARE

ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയിലെ ടി ഡി പി അംഗങ്ങള്‍ രാജിവെക്കും. എന്നാല്‍ തെലുഗുദേശം പാര്‍ട്ടി എന്‍ ഡി എ മുന്നണി തത്കാലം വിടില്ലെന്ന് ആന്ധ്രാ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി ചെയര്‍മാനുമായ എന്‍ ചന്ദ്ര ബാബു നായിഡു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് അമരാവതിയില്‍ അടിയന്തരമായി പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്.

ചന്ദ്രബാബു നായിഡു ഇന്നലെ രാത്രി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. ടി ഡി പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ എസ് ചൗധരി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഇന്ന് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറും.

രാജിവെക്കാന്‍ കേന്ദ്ര മന്ത്രിമാരോട് ചന്ദ്രബാബു നായിഡു ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാകും ചെയ്യുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ ഡി എ സഖ്യം ഉപേക്ഷിക്കാന്‍ ടി ഡി പി തീരുമാനം കൈക്കൊണ്ടത്. ആന്ധ്രയുടെ കാര്യത്തില്‍ അനുകൂല തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രത്തിനു മേല്‍ തന്നാലാവുന്ന വിധം ശ്രമം നടത്തിയതായി ചന്ദ്രബാബു നായിഡു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.