Connect with us

Kerala

ശുഐബ് വധം സിബിഐക്ക്; സര്‍ക്കാറിന് കനത്ത തിരിച്ചടി

Published

|

Last Updated

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ ശുഐബിന്റെ വധം ഹൈക്കോടതി സിബിഐക്ക് വിട്ടു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കോടതിയുടെ വിധി. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.

കേസില്‍ സര്‍ക്കാറിനെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. കേസില്‍ പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് തുറന്നടിച്ച കോടതി നടപടികള്‍ ഫലപ്രദമല്ലെന്നും പറഞ്ഞു. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തത് തന്നെ കള്ളക്കളിയാണെന്ന് കോടതി പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കുന്നില്ലെന്ന ഹരജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ട്. രാഷ്ട്രീയ കൊലപാതങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഇതിന് അറുതി വരുത്തണമെന്നും കോടതി വ്യക്തമാക്കി.

വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ഹര്‍ജി പരിഗണിക്കേണ്ടത് ഡിവിഷന്‍ ബഞ്ചാണെന്ന് വാദിച്ചതും കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. താന്‍ മുന്‍പും സിബിഐ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റിസ് കമാല്‍പാഷ ഓര്‍മിപ്പിച്ചു.

അതേസമയം, കോടതി പറഞ്ഞാല്‍ ശുഐബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.. കേസിന്റെ ഇപ്പൊഴത്തെ അവസ്ഥ എന്താണെന്നറിയില്ലെന്നും കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും സിബിഐ വ്യക്തമാക്കുകയുണ്ടായി.
ശുഐബിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശുഐബിന്റെ പേരില്‍ 11 കേസുകളുണ്ടായിരുന്നു. കേസിലെ പ്രതിയായ ബിനുവിനെ മുമ്പ് ശുഐബ് മര്‍ദിച്ചിരുന്നു. ഇതും ആക്രമണത്തിന് കാരണമായി. കേസില്‍ അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ കേസ് അന്വേഷണത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.