പിഎസ്ജിയെ മലര്‍ത്തിയടിച്ച് റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

Posted on: March 7, 2018 10:06 am | Last updated: March 7, 2018 at 1:10 pm

പാരീസ്: ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ കീഴടക്കി റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ആദ്യ പാദം 3-1ന് വിജയിച്ച റയല്‍ ഇരുപാദങ്ങളിലുമായി 5-2ന്റെ ജയമാണ് കുറിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കാസിമിറോയും റയലിനായി ലക്ഷ്യം കണ്ടപ്പോള്‍ കവാനി പിഎസ്ജിയുടെ ആശ്വാസ ഗോള്‍ നേടി. 66ാം മിനുട്ടില്‍ മാര്‍കോ വെറാറ്റി ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് പിഎസ്ജിക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 51ാം മിനുട്ടില്‍ ഗ്യാലറിയെ നിശബ്ദമാക്കി റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോള്‍ പിറന്നു. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ നിന്ന് താരം നേടുന്ന 15ാം ഗോളായിരുന്നു ഇത്. 71ാം മിനുട്ടില്‍ കവാനി ഗോള്‍ മടക്കി. എന്നാല്‍, 80ാം മിനുട്ടില്‍ തകര്‍പ്പന്‍ ഗോളിലൂടെ കാസിമിറോ റയലിന് ജയം സമ്മാനിച്ചു.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്‌സി പോര്‍ട്ടോയോട് ഗോള്‍രഹിത സമനില വഴങ്ങി. എന്നാല്‍, ആദ്യ പാദത്തില്‍ നേടിയ 5-0ന്റെ വമ്പന്‍ ജയത്തിന്റെ ആനുകൂല്യത്തില്‍ ലിവര്‍പൂള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. 2009ന് ശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.