അഭയാ കേസ്: വിടുതല്‍ ഹരജിയില്‍ ഇന്ന് വിധി

Posted on: March 7, 2018 9:36 am | Last updated: March 7, 2018 at 10:56 am
SHARE

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ മൂന്ന് പ്രതികള്‍ നല്‍കിയിരുന്ന വിടുതല്‍ ഹരജിയില്‍ സി ബി ഐ കോടതി ഇന്ന് വിധി പറയും. കേസില്‍ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്. സാഹചര്യത്തെളിവുകളുടേയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തത്.

ഒന്നര മാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസം കഴിഞ്ഞ് പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണ് കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് മൂവരും വിടുതല്‍ ഹരജി നല്‍കിയത്.

സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണെന്നും വിചാരണയിലേക്ക് കടന്ന് സാക്ഷിവിസ്താരം തുടങ്ങുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഹരജികളെ എതിര്‍ത്ത് സി ബി ഐ വാദിച്ചു. ഹരജികള്‍ കോടതി തള്ളിയാല്‍ അഭയാ കേസ് വിചാരണയിലേക്ക് കടക്കും. മറിച്ചാണെങ്കില്‍ മൂന്ന് പേരും പ്രതികളല്ലാതാവും.

LEAVE A REPLY

Please enter your comment!
Please enter your name here