Connect with us

Kerala

എം എം അക്ബറിന്റെ വിദേശ ബന്ധവും അന്വേഷിക്കുന്നു

Published

|

Last Updated

കൊച്ചി: എറണാകുളം പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ മത സ്പര്‍ധയുളവാക്കുന്ന പാഠ ഭാഗങ്ങള്‍ പഠിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സലഫി പ്രചാരകന്‍ എം എം അക്ബറിന്റെ വിദേശ ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നു. അക്ബര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കുറിച്ച് പഠിച്ച പോലീസ് അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.

അതിനിടെ, റിമാന്‍ഡില്‍ കഴിയുന്ന അക്ബര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നതാണെന്നും ഇതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും നിരീക്ഷിച്ചതിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എംഎം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മനഃപൂര്‍വം കുറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് അക്ബര്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചെങ്കിലും ഇത് മുഖവിലക്കെടുത്തില്ല. കേസിന്റെ പ്രാധാന്യം മാനിച്ച് ഇപ്പോള്‍ ജാമ്യം നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം. അന്വേഷണം നടന്നുകൊണ്ടിരിക്കെ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

പീസ് സ്‌കൂളില്‍ പഠിപ്പിക്കുന്ന പുസ്തകത്തിലെ ചില അധ്യായങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ അക്ബര്‍ രാജ്യം വിട്ടതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നതിനാല്‍ കേസ് ചെറിയ സംഭവമായി കാണരുതെന്ന് പോലീസ് നേരത്തെ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു. നിരോധിത സംഘടനകളുമായി അക്ബറിന് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ മാസം 25ന് ആസ്‌ത്രേലിയയില്‍ നിന്ന് ദോഹയിലേക്ക് കടക്കുന്നതിനിടെ ഹൈദരബാദ് വിമാനത്താവളത്തില്‍ വെച്ചാണ് അക്ബര്‍ പിടിയിലായത്.

പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്നും വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് അബദ്ധത്തിലാണെന്നും എറണാകുളം എ സി പി. കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനിടെ അക്ബര്‍ മൊഴി നല്‍കിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷം ഈ മാസം 12 വരെയാണ് റിമാന്‍ഡ് ചെയ്തത്.

മറ്റൊരു കേസില്‍ റിമാന്‍ഡ് ചെയ്തു
ഇരിങ്ങാലക്കുട: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കൊച്ചി പീസ് സ്‌കൂള്‍ എം ഡി. എം എം അക്ബറിനെ മറ്റൊരു കേസില്‍ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന അക്ബറിനെ മാര്‍ച്ച് 20 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇരിങ്ങാലക്കുട പടിയൂര്‍ പീസ് സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ കാട്ടൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസിലെ ആറാം പ്രതിയായ അക്ബറിനെ ഇന്നലെ വന്‍ പോലീസ് സന്നാഹത്തിലാണ് ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയത്. സ്‌കൂളിന്റെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ എന്‍ സി ഇ ആര്‍ ടി, സി ബി എസ് ഇ, എസ് ഇ ആര്‍ ടി എന്നിവ നിര്‍ദേശിക്കുന്ന പാഠ പുസ്തകങ്ങളല്ല സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. വിദ്യാര്‍ഥികളുടെ പുസ്തകങ്ങളില്‍ നിന്നും ദേശീയഗാനം അടങ്ങിയ പേജ് കീറിക്കളഞ്ഞതായും പരാതിയുണ്ട്. അതേസമയം, സ്‌കൂളിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും ചില രക്ഷിതാക്കളെ കൂട്ടുപിടിച്ച് വ്യാജ കേസുകള്‍ കെട്ടിച്ചമക്കുകയായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.