റോഹിംഗ്യന്‍ അഭയാര്‍ഥികളെ പട്ടിണിക്കിടുന്നതായി യു എന്‍

Posted on: March 7, 2018 9:04 am | Last updated: March 7, 2018 at 10:09 am

ധാക്ക: റോഹിംഗ്യകള്‍ക്കെതിരായ വംശീയ ആക്രമണം മ്യാന്മര്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും അഭയാര്‍ഥികളായ റോഹിംഗ്യന്‍ മുസ്‌ലിംകളെ പട്ടിണിക്കിടുന്നതായും യു എന്‍ മനുഷ്യാവകാശ സമിതി മേധാവി. ബംഗ്ലാദേശിലെ കോക്‌സസ് ബസാറിലെത്തി അഭയാര്‍ഥികളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏഴ് ലക്ഷത്തോളം വരുന്ന റോഹിംഗ്യകള്‍ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ മ്യാന്മറിലെ റാഖിനെയില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും റാഖിനെയിലും മ്യാന്മറിലെ അഭയാര്‍ഥി ക്യാമ്പുകളിലും റോഹിംഗ്യന്‍ വംശഹത്യ നടക്കുകയാണെന്നാണ് മനുഷ്യാവകാശ സമിതി അസി. സെക്രട്ടറി ജനറല്‍ ആന്‍ഡ്രു ഗില്‍മോര്‍ വ്യക്തമാക്കിയത്. കോക്‌സസ് ബസാറില്‍ നിന്ന് കണ്ടതും കേട്ടതും വെച്ച് മറ്റൊരു രീതിയില്‍ റോഹിംഗ്യന്‍ പ്രശ്‌നത്തെ കുറിച്ച് പറഞ്ഞവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാഖിനെയില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് തമ്പടിച്ച റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് നേരെ സൈനിക നടപടിയുമായി മ്യാന്മര്‍ രംഗത്തെത്തിയിട്ടുണ്ട്.
ക്യാമ്പുകളില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞ് പോകണമെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിര്‍ത്തിക്ക് സമീപത്തെ സൈനിക നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ബംഗ്ലാദേശും രംഗത്തെത്തിയിട്ടുണ്ട്.