ശ്രീലങ്കയില്‍ ഇന്ത്യ കുടുങ്ങി

Posted on: March 7, 2018 7:25 am | Last updated: March 7, 2018 at 12:27 am

കൊളംബോ: സംഘര്‍ഷങ്ങള്‍ക്കും നിരോധനാജ്ഞക്കുമിടെ ശ്രീലങ്കയില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്ക് പരാജയം. നിതാഹാസ് ട്രോഫി ടി20 ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ പരാജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്റെ 90 റണ്‍സിന്റെ പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ആദ്യ ഓവറില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയെയും തൊട്ടടുത്ത ഓവറില്‍ സുരേഷ് റെയ്‌നയും പുറത്താക്കി തീരുമാനം ശരിയെന്ന് ഉറപ്പിക്കുന്നതായിരുന്നു ശ്രീലങ്കന്‍ പ്രകടനം. ഇന്ത്യ 9/2 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ നിലയില്‍ നിന്നാണ് 95 റണ്‍സ് കൂട്ടുകെട്ടുമായി ധവാനും മനീഷ് പാണ്ഡേയും ഇന്ത്യയെ മികച്ച നിലയിലേക്കെത്തിച്ചത്.
37 റണ്‍സ് നേടിയ മനീഷ് പാണ്ഡേ പുറത്തായെങ്കിലും ശിഖര്‍ ധവാന്‍ 49 പന്തില്‍ നിന്ന് ആറ് വീതം സിക്‌സും ബൗണ്ടറിയും നേടി 90 റണ്‍സ് തികച്ചു. 18ാം ഓവറിന്റെ അവസാന പന്തില്‍ ധനുഷ്‌ക ഗുണതിലകക്ക് വിക്കറ്റ് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ഋഷഭ് പന്ത് 23 റണ്‍സുമായി അവസാന പന്തില്‍ പുറത്തായി. ദിനേശ് കാര്‍ത്തിക് 13 റണ്‍സ് നേടി പുറത്താകാതെ നിന്നു. ശ്രീലങ്കക്ക് വേണ്ടി ദുഷ്മന്ത ചമീര രണ്ടും നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലക്ഷ്യം പിന്തുടരാനിറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ ധവാന്‍ ക്യാച്ചെടുത്ത് കുശാല്‍ മെന്‍ഡിസാണ് (11) പുറത്തായത്. എന്നാല്‍, ഗുണതിലകയും കുശാല്‍ പെരേരയും ചേര്‍ന്ന് നടത്തിയ ആക്രമണ ബാറ്റിംഗ് ശ്രീലങ്കന്‍ സ്‌കോറിന് വേഗം കൂട്ടി. മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ആതിഥേയരുടെ സ്‌കോര്‍ 40 കടന്നു. താക്കൂര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ മാത്രം ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയുമുള്‍പ്പെടെ പെരേര അടിച്ചെടുത്തത് 27 റണ്‍സ്. 2012ല്‍ സുരേഷ് റെയ്‌ന ദക്ഷിണാഫ്രിക്കക്കെതിരെ വഴങ്ങിയ 26 റണ്‍സാണ് ശര്‍ദുല്‍ താക്കൂര്‍ മറികടന്നത്. ടി20യില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ റെക്കോര്‍ഡ് ഇപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലാണ്. വിന്റീസിനെതിരെ ഒരു ഓവറില്‍ 32 റണ്‍സാണ് ബിന്നി വഴങ്ങിയത്.
എട്ടാം ഓവറിന്റെ ആദ്യ പന്തില്‍ സിംഗിള്‍ നേടി കുശല്‍ തന്റെ എട്ടാം ടി20 അര്‍ധശതകം പൂര്‍ത്തിയാക്കി. ഇന്ത്യക്കെതിരെ ടി20യില്‍ ഒരു ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. 22 പന്തില്‍ നിന്നാണ് കുശാല്‍ പെരേര 50 റണ്‍സ് തികച്ചത്. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമായിരുന്നു അപ്പോള്‍ പെരേരയുടെ സമ്പാദ്യം.

അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 272 നില്‍ക്കുമ്പോള്‍ ഗുണതിലക (19) പുറത്തായി. ഒമ്പതാം ഓവറില്‍ ചാഹലിന്റെ പന്തില്‍ ചാന്ദിമലും (14) പുറത്തായി. അപ്പോഴേക്കും ടീം സ്‌കോര്‍ നൂറ് പിന്നിട്ടിരുന്നു. ഒരുഘട്ടത്തിലും ശ്രീലങ്കയെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. 33 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന പെരേരയെ 13ാം ഓവറില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നാലെ തരംഗയും പുറത്തായിട്ടും ആതിഥേയര്‍ പ്രതിരോധത്തിലായില്ല. പതുക്കെ പതുക്കെ സ്‌കോര്‍ ഉയര്‍ത്താനായി പിന്നീട് അവരുടെ ശ്രമം. തിസാര പെരേരയും ശാനകയും ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. പത്ത് പന്തുകള്‍ മാത്രം നേരിട്ട പെരേര 22 റണ്‍സും ശാനക 18 പന്തുകളില്‍ നിന്ന് 15 റണ്‍സും എടുത്ത് 18.3ാം ഓവറില്‍ ശ്രീലങ്കന്‍ വിജയം ഉറപ്പിച്ചു. താക്കൂറിനെ ബൗണ്ടറി കടത്തി പെരേരയാണ് വിജയം ആഘോഷിച്ചു. ഇന്ത്യക്ക് വേണ്ടി സുന്ദറും ചാഹലും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഉനാട്കത് ഒരു വിക്കറ്റ് നേടി.
ടൂര്‍ണമെന്റില്‍ നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. വൈകുന്നേരം ഏഴിനാണ് കളിയാരംഭിക്കുക.