ആറായിരത്തിലേറെ സീറ്റുകളുടെ ഒഴിവ്;കേരളത്തിന്റെ വാദം കേന്ദ്രം തള്ളി

Posted on: March 7, 2018 7:21 am | Last updated: March 7, 2018 at 12:23 am

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സഊദി അറേബ്യ അനുവദിച്ച ക്വാട്ടയിലെ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ വാദം തള്ളി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സഊദി അനുവദിച്ച ക്വാട്ടയില്‍ 6244 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന വാദമാണ് കേരളം ഉന്നയിച്ചത്.

എന്നാല്‍, സഊദി അനുവദിച്ച ക്വാട്ടയില്‍ വിതരണം ചെയ്യാതെ 3677 സീറ്റുകള്‍ മാത്രമാണുള്ളത്. ഇവ കേരളത്തിന് മാത്രമായി നല്‍കാനാകില്ല. അധികമുള്ള സീറ്റുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു നല്‍കും. തുടര്‍ന്ന് അവ ജനസംഖ്യാനുപാതത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നും അഖിലേന്ത്യാതലത്തില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ 2,32,186 പേരാണ് ഉള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര നിലപാടിനെതിരെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രം പാര്‍ലിമെന്റില്‍ പറഞ്ഞ കണക്കും സുപ്രീം കോടതിയെ അറിയിച്ച കണക്കും വ്യത്യാസമുണ്ടെന്നും കേരളം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത് പ്രകാരമാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം പുതിയ കണക്ക് അവതരിപ്പിച്ചത്.