ജനാധിപത്യത്തിനെതിരെ കൊടികുത്തല്‍

Posted on: March 7, 2018 6:17 am | Last updated: March 7, 2018 at 12:19 am
SHARE

തൊഴിലാളി സംഘടനാ രംഗത്തെ ദുഷ്പ്രവണതകളുടെയും പരിസ്ഥിതി മൗലികവാദത്തിന്റെയും തിക്തഫലങ്ങള്‍ ഏറെ അനുഭവിച്ച കേരളീയ സമൂഹത്തിന് ഏറെ ആശ്വാസകരമാണ് കൊടിനാട്ടല്‍ സമരത്തെയും നോക്കുകൂലിയും സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നിയമസഭയില്‍ നടത്തിയ പ്രസ്താവന. സംസ്ഥാനത്ത് പുതിയ സംരംഭവുമായി രംഗത്തുവരുന്നവരെ അനാവശ്യ സമരങ്ങള്‍ നടത്തി തടസ്സപ്പെടുത്തുന്ന പ്രവണതയും നോക്കുകൂലി സമ്പ്രദായവും ശക്തമായി നേരിടുമെന്നായിരുന്നു പുനലൂരിലെ പ്രവാസി സുഗതന്റെ ആത്മഹത്യയെക്കുറിച്ചു ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് മറുപടി പറയവെ മുഖ്യമന്ത്രിയുടെ പ്രതികരണം. കൊടി ഓരോ പ്രസ്ഥാനത്തിന്റെയും വിലപ്പെട്ട സ്വത്താണ്. അതെവിടെയെങ്കിലും പോയി നാട്ടാനുള്ളതല്ല. യന്ത്രങ്ങള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ജോലിക്ക് അത് നോക്കി നില്‍ക്കുന്നവരും ഇറക്കുകൂലി വാങ്ങുന്ന പ്രവണത സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഒരു തൊഴില്‍ സംഘടനയും ഇതിനെ അനുകൂലിക്കുന്നില്ല. ശക്തമായ നടപടികള്‍ ഇല്ലാത്തതാണ് സംസ്ഥാനത്തിന് ദുഷ്‌പേര് വരുത്തിവെക്കുന്ന ഇത്തരം മോശം പ്രവണതകള്‍ തുടരാന്‍ ഇടയാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പല സംസ്ഥാനങ്ങളും വ്യവസായ രംഗത്ത് വന്‍മുന്നേറ്റം നടത്തിയപ്പോള്‍ കേരളം ഏറെ പിറകിലായതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് സമരാഭാസങ്ങളാണ്. ഒരു വ്യവസായത്തിന് ശിലയിട്ടാല്‍ അവിടെ ആദ്യം ഉയരുന്നത് തൊഴില്‍ സംഘടനകളുടെ പതാകകളാണ്. പ്രദേശത്ത് ഒട്ടും സ്വാധീനമില്ലാത്ത പ്രസ്ഥാനങ്ങളുടെ പതാകകള്‍ വരെയുണ്ടാകും. ഇതു കാണുമ്പോള്‍ തന്നെ വ്യവസായ സംരംഭകര്‍ ഭീതിയിലായി. തുടര്‍ന്നു സമരങ്ങളുടെ വേലിയേറ്റമാണ്. അതോടെ സംരംഭം ഉപേക്ഷിച്ചു അവര്‍ വേറെ വഴി തേടുന്നു. സമരങ്ങളുടെ നാട് എന്ന പേരിലാണ് കേരളം അറിയപ്പെടുന്നത് തന്നെ. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആവേശത്തോടെ കടന്നു വന്ന പല വ്യവസായികളും നിരാശയോടെ മടങ്ങിപ്പോയ ഒട്ടെറെ ചരിത്രം കേരളത്തിന് പറയാനുണ്ട്. വ്യവസായങ്ങള്‍ സ്ഥാപിതമായെങ്കിലേ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയുള്ളൂവെന്നത് തൊഴില്‍ മേഖലയിലെ ബാലപാഠമാണെങ്കിലും തൊഴിലാളി സംഘടനകളൊന്നും അതേക്കുറിച്ചു ബോധവാന്മാരല്ല. വ്യാജ പരിസ്ഥിതിവാദത്തിന്റെ പേരിലും ഒരുപാട് വ്യവസായ സ്ഥാപനങ്ങള്‍ മുടങ്ങിയിട്ടുണ്ട്.

നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വസ്ഥമായി ജീവിതം നയിക്കാമെന്ന ആഗ്രഹവുമായാണ് പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതന്‍ പാട്ടത്തിനെടുത്ത ഇളമ്പലിലെ ഭൂമിയില്‍ വര്‍ക്ക് ഷാപ്പിനായി ഷെഡ് നിര്‍മിച്ചത്. എന്നാല്‍ അനധികൃതമായി മണ്ണിട്ടു നികത്തിയ ഭൂമിയായതിനാല്‍ ഇവിടെ വര്‍ക്ക് ഷാപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന വാദവുമായി സി പി ഐയുടെ യുവജന സംഘടന എ ഐ വൈ എഫ് രംഗത്ത് വരികയും അവിടെ കൊടിനാട്ടി സമരം പ്രഖ്യാപിക്കുകയുമായിരുന്നു. 13 വര്‍ഷം മുമ്പ് 2005 ലാണ് സ്ഥലം മണ്ണിട്ടു നികത്തിയത്.അക്കാലത്ത് അതിനെതിരെ ആരും രംഗത്ത് വന്നിട്ടില്ല. മാത്രമല്ല ഇതിന് സമീപം മണ്ണിട്ടു നികത്തിയ ഭൂമിയില്‍ തന്നെ ഓഡിറ്റോറിയം ഉള്‍പ്പെടെ പല കെട്ടിടങ്ങളും ഉയര്‍ന്നിട്ടുണ്ട്. അന്നും ഒരു യുവജന പ്രസ്ഥാനവും പ്രതികരിച്ചില്ല. സ്ഥലം നികത്തലിനോടുള്ള എതിര്‍പ്പായിരുന്നില്ല, സുഗതനില്‍ നിന്ന് പണം പറ്റാനുള്ള സി പി ഐ നേതാക്കളുടെ സമ്മര്‍ദ തന്ത്രമായിരുന്നു സമരമെന്നും സ്വര്‍ണം പണയം വെച്ചു സുഗതന്‍ നേതാക്കള്‍ക്ക് പണം നല്‍കിയെന്നുമാണ് കുടുംബം പറയുന്നത്. എന്നിട്ടും നേതാക്കളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ തുടര്‍ന്നപ്പോഴാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്നാണ് മകന്‍ സുനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
സംസ്ഥാനത്തിനും യുവജന സംഘടനകള്‍ക്കും ദുഷ്‌പേര് വരുത്തി വെച്ച സംഭവമാണ് സുഗതന്റെ ആത്മഹത്യയുടെ പശ്ചാത്തലമെന്നിരിക്കെ ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള എ ഐ വൈ എഫ് സമരത്തെ ന്യായീകരിക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന അവിവേകവും ചിന്താശൂന്യവുമായിപ്പോയി. അനധികൃതമായി വയല്‍ നികത്തിയ സ്ഥലത്ത് കൊടി നാട്ടാന്‍ സംഘടനക്ക് അവകാശമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എങ്കിലെന്തേ നേരത്തെ അവിടെ കെട്ടിടങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി കാണാത്ത ഭാവം നടിച്ചു? സ്ഥലം നികത്തിയത് സുഗതനല്ല, അദ്ദേഹം സ്ഥലം പാട്ടത്തിനെടുത്തതാണ്. അവിടെ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് നേരിടേണ്ടത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ്. നിയമം കൈയിലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ക്കോ, യുവജന സംഘടനകള്‍ക്കോ അവകാശമില്ല. കൈയൂക്കിന്റെ മാര്‍ഗം സ്വീകരിക്കുന്ന പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്തുന്നതിന് പകരം പ്രോത്സാഹനം നല്‍കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട വിചാരണയെയും സദാചാര പോലീസിംഗിനെയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുന്നവരാണ് സി പി ഐക്കാര്‍. അവര്‍ക്കെങ്ങനെയാണ് എ ഐ വൈ എഫിന്റെ ഗുണ്ടായിസത്തെ ന്യായീകരിക്കാനാകുക?

മുഖ്യമന്ത്രി ഇതുസംബന്ധിച്ചു നിയമ സഭയില്‍ നല്‍കിയ ഉറപ്പ് പ്രവൃത്തിപഥത്തില്‍ വരുത്തണം. പുതിയ വ്യവസായ സംരംഭങ്ങള്‍ക്കായി രംഗത്ത് വരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് പകരം മനംമടുപ്പിക്കുന്ന വിധം സമരാഭാസങ്ങള്‍ നടത്തുന്നവരെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here