Connect with us

Articles

ഉത്തരവാദബോധം നഷ്ടമായ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

Published

|

Last Updated

കേരളത്തിലെ ജനജീവിതവും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെട്ടതിനുള്ള അടിസ്ഥാന കാരണം സംസ്ഥാനത്തെ നിയമനിര്‍മാണ സഭകളില്‍ നിന്ന് ജനപക്ഷവും കലോചിതവുമായ നിയമങ്ങള്‍ നിര്‍മിക്കാന്‍ മുന്‍കാല നിയമസഭാ സാമാജികര്‍ ഏറെ താത്പര്യപ്പെട്ടിരുന്നു എന്നതാണ്. ഭൂപരിഷ്‌കരണ നിയമം മുതല്‍ ജനകീയാസൂത്രണം, സാക്ഷരതാ പദ്ധതി പൊതുജനാരോഗ്യ സംവിധാനങ്ങള്‍ മുതലായ ഒട്ടനേകം നിയമങ്ങള്‍ ജീവിത നിലവാരം ഇതര സംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് ഏറെ മെച്ചപ്പെടാന്‍ കാരണമായി. കേരള നിയമസഭയില്‍ വിവിധ മേഖലകളില്‍ പാണ്ഡിത്യവും അനുഭവസമ്പത്തുമുള്ളവര്‍ അംഗങ്ങളായ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ കാലോചിതമായ നിയമങ്ങളും പ്രാവര്‍ത്തികമാക്കിയിരുന്നു. എന്നാല്‍, അടുത്ത കാലങ്ങളിലായി നിയമസഭകളില്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ സമൂഹത്തിലെ ചെറുവിഭാഗമായ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം ഉപകരിക്കുന്ന തരത്തിലായി മാറിക്കൊണ്ടിരിക്കുകയാണ്.

നിയമസഭയിലേക്കുള്ള സ്ഥാനാര്‍ഥികള്‍ സാധാരണ ഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരോ ഉയര്‍ന്ന നേതാക്കളോ പ്രഗത്ഭരായ സാമൂഹിക ക്ഷേമ പ്രവര്‍ത്തകരോ വിശിഷ്ട വ്യക്തികളോ ആകാറാണ് പതിവ്. അവരെല്ലാം തന്നെ ഉയര്‍ന്ന ജനാധിപത്യ ബോധമുള്ളവരും, നാടിന്റെ പുരോഗതിക്കാവശ്യമായ നിയമനിര്‍മാണങ്ങളെ സംബന്ധിച്ച് ബോധമുള്ളവരും പൊതുജന വികാരങ്ങളും അവരുടെ ആവശ്യങ്ങളും നേരിട്ടറിയാവുന്നവരും സര്‍വോപരി സഭാ മര്യാദകളും പൊതുജനങ്ങളോടുള്ള പെരുമാറ്റ രീതികളും വ്യക്തമായി മനസ്സിലാക്കിയവരുമാന്നെന്നുമാണ് പൊതുവെ കരുതപ്പെടാറുള്ളത്.

സംസ്ഥാനത്ത് പൊതുവായി നടപ്പാക്കേണ്ടതായ ഒട്ടേറെ പദ്ധതികളും പരിഹരിക്കപ്പെടേണ്ടതായ അനേകം പ്രശ്‌നങ്ങളുമുണ്ടെന്നത് പോലെ തന്നെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും പരിഹാരം കാത്ത് കിടക്കുന്ന നിരവധി വിഷയങ്ങളും അടിയന്തിര പ്രധാന്യത്തോടെ നടപ്പാക്കേണ്ട നിരവധി പദ്ധതികളുമുണ്ടെന്നതിനെ കുറിച്ച് അറിയാത്തവരല്ല കേരളത്തിലെ നിയമസഭാ സാമാജികര്‍. എന്നിരിക്കെ തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനും നിയമസഭാ സമ്മേളന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ താത്പര്യമില്ലാത്ത വരായി സഭാംഗങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതായിട്ടാണ് സമീപകാലങ്ങളിലെ സമ്മേള നാനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവരുടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും ജനജീവിതം മെച്ചപ്പെടുത്താനാവശ്യമായ നടപടികളിലും നിരന്തരമായി ഇടപെടാന്‍ ബാധ്യസ്ഥരാണെന്നതിനാല്‍ അവരുടെയും കുടുംബത്തിന്റെയും ദൈനംദിന ചെലവുകള്‍ക്കാവശ്യമായ പണം മാസശമ്പളം എന്ന നിലയിലാണ് പൊതുഖജനാവില്‍ നിന്നു നല്‍കി കൊണ്ടിരിക്കുന്നത്. എന്നാല്‍, സര്‍ക്കാറില്‍ നിന്നും ശമ്പളം കൈപ്പറ്റി കൊണ്ട് പൊതുപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന നിയമസഭാംഗങ്ങള്‍ അവരുടെ വിശ്വാസ പ്രകാരമുള്ള പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് പൊതുജനങ്ങളോടെന്ന പോലെ പൊതുവായ വിഷയങ്ങളെയും സമീപിക്കാറുള്ളത്.

കേരളത്തിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതിദിന ശരാശരി വരുമാനം 500 രൂപയാണ്. എന്നാല്‍, ഒരു നിയമസഭാംഗത്തിന് ലഭിക്കുന്ന പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയും അലവന്‍സായി എണ്‍പതിനായിരം രൂപയും. അതോടൊപ്പം സര്‍ക്കാര്‍ ശമ്പളത്തില്‍ രണ്ട് ജീവനക്കാരെയുമാണ് ലഭിക്കുന്നത്. നിയമസഭാ സമ്മേളനങ്ങള്‍ ചേരാന്‍ തുടങ്ങിയത് മുതല്‍ അവസാനിക്കുന്ന ദിവസം ഉള്‍െപ്പടെ ഓരോ ദിവസത്തേക്കും സഭാ അലവന്‍സ് എന്ന നിലയില്‍ രണ്ടായിരം രൂപ വേറെയും ലഭിക്കും. തലമുടി കറുപ്പിക്കാനുള്ള ചായം വാങ്ങുന്നത് മുതല്‍ ജലദോഷംപിടിപെട്ടാല്‍ പോലും അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ചികിത്സ തേടുന്നതിനുള്ള സാമ്പത്തിക ബാധ്യതകള്‍ പൂര്‍ണമായും വഹിക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്. മറ്റനേകം സൗജന്യങ്ങളും ലഭിച്ച് കൊണ്ടിരിക്കുന്നവരാണ് നിയമ സഭാംഗങ്ങള്‍. എന്നിരിക്കെ നിയമസഭ ചേരുന്നത് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ നടത്തുന്നതിനും പരസ്പരം ചെളി വാരി എറിയുന്നതിനുമായി മാറി കൊണ്ടിരിക്കുന്നു.
കേരള നിയമ സഭയില്‍ നിന്ന് നിരവധി നിയമങ്ങള്‍ നിര്‍മിക്കപ്പെടുകയും അവയെല്ലാം നിയമ പുസ്തകങ്ങളില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാലോചിതമായ തിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് സമയവും സന്ദര്‍ഭങ്ങളും ഒത്ത് വരാത്തതിനാല്‍ അവയില്‍ പലതും ജനോപകാരപ്രദമല്ലാതായിട്ടുണ്ടെന്നതാണ് യഥാര്‍ഥ്യം. നിയമസഭാംഗങ്ങള്‍ക്ക് നിയമനിര്‍മാണത്തിന് താത്പര്യമില്ലെങ്കിലും പൊതു ജനങ്ങള്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിലെന്നോണം രാജ്യത്തെ കോടതികളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യാറുള്ള സന്ദര്‍ഭങ്ങളിലെല്ലാം മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്ന് ഉത്തരവുകള്‍ ഇറക്കി കൊണ്ടിരിക്കാന്‍ മടി കാണിക്കാത്തവരാണ് കേരളത്തിലെ മന്ത്രിമാര്‍ എന്നത് അല്‍പം ആശ്വാസത്തിന് വക നല്‍കുന്നത് തന്നെയാണ്.
ജനങ്ങളെ ദോഷകരമായിബാധിക്കുന്ന പോലീസ് നടപടികളുണ്ടാവുമ്പോള്‍ സാരോപദേശമെന്ന നിലയില്‍ പോലീസ് മേധാവികളുടെ ഭാഗത്ത് നിന്നുണ്ടാവാറുള്ള ഉത്തരവുകളും പൊതുജനാരോഗ്യ രംഗത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും, നിയമ ലംഘനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാവാത്തവര്‍ക്കുമെതിരായി കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാറുള്ള ഉത്തരവുകളും, ജനജീവിതത്തിന് ഭീഷണിയാവുന്ന വിധത്തില്‍ ഗതാഗത ലംഘനങ്ങളുണ്ടാവാറുള്ള സന്ദര്‍ഭങ്ങളില്‍ നിയമ പാലകരോട് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്തരവ് നല്‍കാറുള്ള മോട്ടോര്‍ വാഹന വകുപ്പ് മേധാവികളുടെ ഉത്തരവുകളുമെല്ലാം തന്നെ സംസ്ഥാനത്തെ ജലരേഖകളായി മാറിയ ഉത്തരവുകളില്‍ ചിലത് മാത്രമാണ്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ഉത്തരവുകളും നിര്‍ദേശങ്ങളുമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതിനകം ഉണ്ടായിട്ടുള്ളത്. റോഡപകടങ്ങള്‍ക്ക് കാരണമാവുന്ന വിധത്തില്‍ പൊതു സ്ഥലങ്ങള്‍ കൈയടക്കി സ്വകാര്യ വ്യക്തികള്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ പൊതുതാത്പര്യ ഹരജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പെട്ടത് പ്രകാരം സര്‍ക്കാര്‍ പുതിയ പരസ്യ നയം രൂപീകരിച്ച് കോടതി മുമ്പാകെ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നുവെങ്കിലും (പരസ്യ നയം 2005)പ്രസ്തുത നയം നടപ്പിലാക്കുന്നതിനു യാതൊരു വിധ നടപടികളും നാളിതുവരെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കാണാവുന്നതാണ്. അതോടൊപ്പം തന്നെ നിയമം നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കോടതിയും തയ്യാറായിട്ടില്ലെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

സംസ്ഥാന ഭരണം ഏത് മുന്നണിയുടെ നേതൃത്വത്തിലായിരുന്നാലും ഭരിക്കുന്ന മുന്നണികളെല്ലാം തന്നെ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാറുള്ള അതിക്രമങ്ങളുടെ പേരില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളവരാണ്. സംസ്ഥാനത്തെ പോലീസ് സംവിധാനങ്ങള്‍ ജനകീയമാക്കി മാറ്റാനാവശ്യമായ നിരവധി നിര്‍ദേശങ്ങളും ഉത്തരവുകളുമാണ് മാറിവരുന്ന പോലീസ് മേധാവികളുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്. തങ്ങളുടെ പെരുമാറ്റ രീതികള്‍ നേരെയാക്കാന്‍ ഇറങ്ങി പുറപ്പെട്ട പോലീസ് മേധാവികളുടെ ഉത്തരവുകള്‍ തൃണവത്കരിച്ച് പരിചയമുള്ളവരാണ് പോലീസ് സേനയിലുള്ള തെന്നതിനാല്‍ തങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെയോര്‍ത്ത് പൊതുസമൂഹത്തിന് മുമ്പാകെ അപമാനിതരായി മാറാന്‍ വിധിക്കപ്പെട്ട പോലീസ് മേധാവികളെയാണ് ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കാറുള്ളത്.

നിയമനിര്‍മാണ സഭകള്‍ രാഷ്ട്രീയ ചര്‍ച്ചാവേദികളും അവിടെ സമ്മേളിക്കുന്ന സാമാജികര്‍ കവല പ്രാസംഗികരുമായി അധഃപതിക്കുകയും. ജനങ്ങളുടെ നിരന്തരമായ സമരങ്ങളുടെയും കോടതികളില്‍ നിന്നുള്ള വിമര്‍ശനങ്ങളുടെയും ഭാഗമായി സര്‍ക്കാറിന്റെയും വിവിധ വകുപ്പ് മേധാവികളുടെയും ഭാഗത്ത് നിന്നുണ്ടാവുന്ന ഉത്തരവുകള്‍ പാലിക്കപ്പെടാതെ പോവുകയും ചെയ്ത് കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് നിയമസഭകളുടെ പ്രസക്തിയെന്തെന്ന ചോദ്യമുയര്‍ന്നാല്‍ രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും ഉചിതമായ മറുപടി പോലും ഉണ്ടാവാനിടയില്ലെന്ന് കരുതാവുന്നതാണ്.