കേരളത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടത്തോട്

Posted on: March 7, 2018 6:13 am | Last updated: March 7, 2018 at 12:16 am
SHARE

കേരളത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടമാണ് സി പി എം. സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ അണിനിരന്ന പ്രസ്ഥാനമെന്നതിലുപരി അടിസ്ഥാന വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന സുസംഘടിതവും കെട്ടുറപ്പുള്ളതുമായ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടിയാണ് സി പി എം. അതിലണിനിരന്ന ജനലക്ഷങ്ങളും പുറമേയുള്ള വലിയവിഭാഗം ജനങ്ങളും വലിയ പ്രതീക്ഷകളും വിശ്വാസവുമാണ് ആ പാര്‍ട്ടിയില്‍ വെച്ചുപുലര്‍ത്തുന്നത്. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അത്രയൊന്നും ഉത്തരവാദിത്വബോധം ആ പാര്‍ട്ടിയെ നയിക്കുന്നവരിലോ അതിന്റെ അമരത്തിരിക്കുന്നവരിലോ പലപ്പോഴും കാണാനാകുന്നില്ല എന്നു പറയേണ്ടി വന്നിരിക്കുകയാണ്.

ഫാസിസ്റ്റ്കാലത്തെ പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കെ, ഇങ്ങു കേരളത്തില്‍ (എത്ര കുറവുകളുണ്ടെങ്കിലും) പാര്‍ട്ടിയെ ഒരത്താണിയായാണ് ജനം കണ്ടിരുന്നത്; പ്രത്യേകിച്ച് സംഘ്പരിവാര്‍ നോട്ടമിട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍. ഇവിടെ സി പി എം ഉണ്ടല്ലോ എന്ന് സമാധാനിച്ചിരുന്നവരിലേക്കാണ് ഒരു ഷോക്കായി ശുഐബ് വധം കടന്നുവന്നത്. പാര്‍ട്ടിക്ക് പങ്കില്ലാ എന്ന് പറയാനാകാത്ത വിധം സി പി എമ്മിന്റെ എല്ലാ നന്‍മകളേയും കളങ്കപ്പെടുത്തുന്ന ഒന്നായിപ്പോയി സംഭവം. ഒരുകൂട്ടം ക്രിമിനലുകളെ നിയന്ത്രിക്കാനെന്തേ കണ്ണൂരിലെ പാര്‍ട്ടിക്കാകാത്തത്? എവിടെയാണ് ആര്‍ക്കാണ് ചികിത്സ വേണ്ടത് എന്ന് ഒരിക്കല്‍കൂടി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ സെക്രട്ടറി കോടിയേരി രണ്ടുവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു. ഒരുപാടൊരുപാട് ചോദ്യങ്ങള്‍ക്കാണ് മട്ടന്നൂര്‍ സംഭവം ഉത്തരം തേടുന്നത്.
കേരളീയ പശ്ചാത്തലത്തിലെ ഇടതുപക്ഷ നന്‍മകളുണ്ടൊരുപാട്, ചരിത്രത്തിലുടനീളം പഠിക്കാനായിട്ട്. ജാതീയതയും ജന്‍മിത്വവും മലീമസമാക്കിയ സാമൂഹികാന്തരീക്ഷത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ വഹിച്ച പങ്ക് കേരളം എക്കാലവും ഓര്‍മിക്കുന്നവയാണ്. മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിയാത്തവര്‍ക്കെതിരെ ധീരമായി പോരാടിയ ചരിത്രമാണ് മലയാളമണ്ണിലെ ഇടതുപക്ഷ നേതാക്കള്‍ക്കുള്ളത്. പാടത്തു പണിയെടുത്തിരുന്ന പട്ടിണിപ്പാവങ്ങളെല്ലാം അവരുടെ കുടിലുകളിലെ ഉമ്മറത്തു തൂക്കിയിട്ടിരുന്നത് എ കെ ജിയുടേയും ഇ എം എസിന്റേയും ചിത്രങ്ങളായിരുന്നു എന്നു പറയുമ്പോള്‍ കൃത്യമാണ് അവര്‍ക്ക് ഇന്നാട്ടിലെ സാധാരണക്കാരന്റെ മനസ്സകങ്ങളിലുണ്ടായിരുന്ന സ്ഥാനമെന്താണെന്ന്. പാടവരമ്പിലെ കൊയ്ത്തു പാട്ടിന്റെ ഈണങ്ങളിലിടംപിടിച്ച കൊയ്ത്തരിവാളിനോടുണ്ടായിരുന്ന അതേ സ്‌നേഹമായിരുന്നു അരിവാളിന്റെ പാര്‍ട്ടിയോടും അവര്‍ക്കുണ്ടായിരുന്നത്.

ആ പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും ഇത്രമേല്‍ ജനഹൃദയങ്ങളിലിടംപിടിച്ചത് അവര്‍ ജനങ്ങള്‍ക്കു വേണ്ടി നിലക്കൊണ്ടതിനാലാണ്. ജനങ്ങള്‍ക്കു വേണ്ടി, മനുഷ്യര്‍ക്കു വേണ്ടി, മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലക്കൊണ്ടുവെന്നതിനാലാണ്. അവരുടെ ആശയും ആശ്രയവും ആ നിഷ്‌കാമകര്‍മികളായ നേതാക്കളായി മാറിയപ്പോള്‍, അവരവരെ ബിംബങ്ങളായി മനസ്സില്‍ സൂക്ഷിച്ചു.
പഴയകാല കമ്യൂണിസ്റ്റുകള്‍ നാടിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ നിരവധിയാണ്. ക്രൂരമായ മര്‍ദനങ്ങളാണ് ജന്‍മിത്വത്തില്‍ നിന്നും നാടുവാഴികളില്‍ നിന്നുമേറ്റുവാങ്ങിയത്. നീതിയുടേയും നെറിയുടേയും മനുഷ്യത്വത്തിന്റേയും കാവലാളായി നിലക്കൊണ്ടതിനാലാണ് പഴയകാല നേതാക്കള്‍ ജനലക്ഷങ്ങളുടെ മനസ്സുകളിലിടം പിടിച്ചത്. അക്രമം നടത്തിയല്ല, അക്രമമേറ്റുവാങ്ങിയാണ് അവര്‍ കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യരായത്. അക്രമിയും അധര്‍മകാരിയും ഒരിക്കലും ജനഹൃദയങ്ങളില്‍ ഇടം നേടില്ല. മനുഷ്യ സ്‌നേഹിയാകുമ്പോഴേ ഒരു കമ്യൂണിസ്റ്റ് കമ്യൂണിസ്റ്റാകുന്നുള്ളൂ എന്നാണ് ഇ എം എസ് പറഞ്ഞത്. എ കെ ജിയെ കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ നെഞ്ചേറ്റിയത് മനുഷ്യരെ വെട്ടിനുറുക്കിയ കാരണത്താലല്ല, മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ത്യാഗങ്ങള്‍ സഹിച്ചതിനാലാണ്. പാവങ്ങള്‍ക്കായി ജന്മിമാരുടേയും തമ്പ്രാക്കന്‍മാരുടേയും ചവിട്ടും തൊഴിയുമേറ്റതിനാലാണ്. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ മുന്‍പന്തിയിലുണ്ടാകേണ്ടവനാണ് ഇടതുപക്ഷക്കാരന്‍. അവനെങ്ങനെയാണ് സംഹാരം നടത്താന്‍ കഴിയുക? സംഹാര രാഷ്ട്രീയം ഫാസിസത്തിന്റെ രീതിശാസ്ത്രമല്ലേ? അതെങ്ങനെയാണ് ഇടതുപക്ഷത്തിനു ചേരുക? ആശയപരമായ വലിയ ചോദ്യം കൂടിയാണ് കണ്ണൂരിലെ സംഭവവികാസങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോടു ചോദിക്കുന്നത്.
ആരായിരുന്നു മട്ടന്നൂര്‍ എടയന്നൂരിലെ ശുഐബ് ? എന്തിനായിരുന്നു ആ യുവാവ് അക്രമികളാല്‍ കൊല്ലപ്പെട്ടത്? അതിനുത്തരം തേടുമ്പോഴാണ് താത്വികമായി വിശദീകരിക്കാനാകാത്ത കുറേ ചോദ്യങ്ങള്‍ സി പി എം നേതൃത്വത്തിനു നേരെ ശരങ്ങളായി വന്നുപതിക്കുക. ശുഐബ് വധിക്കപ്പെടേണ്ടവനായിരുന്നോ? പാര്‍ട്ടിയിലെ കുലംകുത്തിയായിരുന്നോ? പാര്‍ട്ടി പ്രവര്‍ത്തകരെ വധിച്ചവനോ വധിക്കാന്‍ നിര്‍ദേശം കൊടുത്തവനോ ആയിരുന്നോ? പോകട്ടേ വര്‍ഗ ശത്രുവായിരുന്നോ അയാള്‍? അല്ല. ഇതൊന്നുമായിരുന്നില്ല ശുഐബ്. പിന്നെന്തിന് ശുഐബ് വെട്ടിനുറുക്കപ്പെട്ടു? അതാണു ചോദ്യം. പിടിക്കപ്പെട്ടവരെല്ലാം പാര്‍ട്ടിക്കാരോ പാര്‍ട്ടിയുമായി നല്ല ബന്ധമുള്ളവരോ ആണല്ലോ.

അധ്വാനിക്കുന്നവരും പാവങ്ങളുമാണല്ലോ അടിസ്ഥാന വര്‍ഗമായി പാര്‍ട്ടി കരുതുന്നത്. അന്നത്തിനു വകയില്ലാത്തവര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും അന്നാട്ടിലെ അത്താണിയായിരുന്നു ശുഐബ്. നിരാലംബരായ ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള അരിയും സാധനങ്ങളും എത്തിച്ചു കൊടുത്തതിന്റെ പിറ്റേ ദിവസമാണ് ആ ചെറുപ്പക്കാരന്‍ വധിക്കപ്പെടുന്നത്. ജീവകാരുണ്യ പ്രസ്ഥാനമായ ‘സാന്ത്വന’ത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ശുഐബ് എങ്ങനെയാണ് വര്‍ഗശത്രുവാകുക? ശുഐബ് പക്ഷേ സിപിഎം ആയിരുന്നില്ല എന്നുമാത്രം. സോഷ്യലിസ്റ്റ് മനസ്സുള്ള കോണ്‍ഗ്രസുകാരനായിരുന്നു അയാള്‍. കമ്യൂണിസ്റ്റുകള്‍ക്കേറെ ഇഷ്ടമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു നെഹ്‌റു. കാരണം നെഹ്‌റു കോണ്‍ഗ്രസാണെങ്കിലും ഒന്നാന്തരം സോഷ്യലിസ്റ്റുകൂടിയായിരുന്നു. ആ ഒരു ആനുകൂല്യം പോലും എടയന്നൂരിലെ പാര്‍ട്ടിക്കാര്‍ ആ ചെറുപ്പക്കാരനു വകവെച്ചു കൊടുത്തില്ലല്ലോ?

ശുഐബ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായതിന് അയാളെ ഇല്ലാതാക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. അതിലും വലിയ സാമൂഹിക സേവനം നടത്തി അവരെ തോല്‍പ്പിക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. നന്‍മകൊണ്ടുള്ള മത്സരം. അത് നാടിനും ജനത്തിനും ഗുണമാണ് വരുത്തുക. നന്‍മ കൊണ്ടാണു ജനപിന്തുണ നേടാന്‍ ശ്രമിക്കേണ്ടത്, അല്ലാതെ നന്‍മ ചെയ്യുന്നവരെ ഇല്ലായ്മ ചെയ്തുകൊണ്ടല്ല. എന്റെ പാര്‍ട്ടിയെ ജനം എങ്ങനെ ഇഷ്ടപ്പെടണമെന്നല്ലേ ഓരോരുത്തരും ചിന്തിക്കേണ്ടത്? എന്റെ പാര്‍ട്ടി വെറുക്കപ്പെടണമെന്നാരെങ്കിലും ചിന്തിക്കുമോ? അങ്ങനെ ചിന്തിക്കുന്നവന്‍ ആ പാര്‍ട്ടിയുടെ അന്തകനായിരിക്കും, സ്‌നേഹിക്കുന്നവനായിരിക്കില്ല. ഏതെങ്കിലും ഒരു കക്ഷിയോടു മാത്രമല്ലിതു പറയുന്നത്, കണ്ണൂരില്‍ ആയുധത്തിനു മൂര്‍ച്ച കൂട്ടുന്നവരാരൊക്കെയുണ്ടോ അവരോടെല്ലാമാണ്.
കണ്ണൂരിനേയും കണ്ണൂരിലെ പാര്‍ട്ടികളേയും പറയുമ്പോള്‍ ഒരിക്കലും സാമാന്യവത്കരിച്ചല്ല പറയുന്നത്. 95 ശതമാനത്തിലധികം പേരും നല്ല അച്ചടക്കമുള്ള, നന്‍മ മാത്രം കൊതിക്കുന്ന അണികളാണ് എല്ലാ പാര്‍ട്ടിയിലുമുള്ളത്. ആതിഥ്യ മര്യാദകൊണ്ടും മനുഷ്യ സ്‌നേഹം കൊണ്ടും പുകള്‍പെറ്റതാണ് കണ്ണൂരിന്റെ ഗതകാല ചരിത്രം. ഹിംസയും അക്രമവും നയമായി കൊണ്ടു നടക്കുന്നത് വെറും ന്യൂനാല്‍ന്യൂനപക്ഷം മാത്രം. അവരാണു കണ്ണൂരെന്ന നാടിനെത്തന്നെ പറയിപ്പിക്കുന്നത്.
ആ കണ്ണൂരില്‍ നിന്നു തന്നെയാണിന്നു വെറുക്കപ്പെടുന്ന, ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കേള്‍ക്കേണ്ടിവരുന്നത്. എവിടെയാണ് എപ്പോഴാണ് അപചയം സംഭവിച്ചതെന്ന് കണ്ണൂരിലെ പാര്‍ട്ടിക്കാരോ അവരെ നിയന്ത്രിക്കുന്നവരോ കണ്ടെത്തേണ്ടിയിരിക്കുന്നു. എ കെ ജിയുടേയും ഇ എം എസിന്റേയും പാര്‍ട്ടി പാവപ്പെട്ടവര്‍ക്കു വേണ്ടി നിലക്കൊണ്ട ജനകീയ പാര്‍ട്ടിയായിരുന്നു. അതിനെ ചോരക്കൊതിയന്‍മാരുടെ പാര്‍ട്ടിയെന്നു തെറ്റിദ്ധരിപ്പിക്കുന്നവരെ ഇനിയും വെച്ചുപൊറുപ്പിക്കണോയെന്ന് ആ പാര്‍ട്ടിയുടെ അമരത്തിരിക്കുന്നവര്‍ക്ക് തീരുമാനിക്കാനുള്ള അവസരമാണിത്. ശുഐബ് വധക്കേസില്‍ പിടിക്കപ്പെട്ട ആ യുവാവ് പണ്ട് ടി പി വധവുമായി ബന്ധപ്പെട്ട് ‘എങ്കില്‍ വിഎസിനേയും ശരിപ്പെടുത്തും ഞങ്ങളെ’ന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ക്രിമിനല്‍ കൂടിയാണ്. അത്തരം മനോ വിഭ്രാന്തിയുള്ളവരെ വെച്ചു പൊറുപ്പിക്കണോ ഇനിയും പാര്‍ട്ടിയില്‍?

ഇറച്ചി വെട്ടുംപോലെ ഒരു ചെറുപ്പക്കാരനെ വെട്ടിനുറുക്കിയ രംഗങ്ങള്‍ മനുഷ്യത്വമുള്ള ആര്‍ക്കും ചിന്തിക്കാന്‍ പോലുംകഴിയുന്നില്ല. പണ്ടത്തെപ്പോലെയല്ല ഇന്ന്, ഓരോ സംഭവങ്ങളുടേയും തല്‍സമയ ദൃശ്യങ്ങള്‍ മിനുട്ടുകള്‍ക്കകം ഓരോരുത്തരുടേയും കണ്‍മുമ്പിലെത്തുകയാണ്. ജീവന്‍ പിടക്കുന്ന രംഗങ്ങള്‍ കാണുന്ന കേരളത്തിലെ അമ്മപെങ്ങന്‍മാര്‍ വിലയിരുത്തുമെന്ന് നേതാക്കള്‍ മനസ്സിലാക്കണം. എ കെ ജിയുടെ ജനകീയ പ്രസ്ഥാനത്തെ ഏതാനും ചില കുബുദ്ധികള്‍ക്ക് വേണ്ടി ചീത്തപ്പേരു കേള്‍പ്പിക്കണോയെന്ന് ഉത്തരവാദപ്പെട്ടവര്‍ ആലോചിക്കുക. പിണറായിയുടെ തരക്കേടില്ലാത്ത ഭരണത്തിന്റെ സല്‍പ്പേരും കോടിയേരിയെന്ന പാര്‍ട്ടിയിലെ പ്രിയങ്കരനായ സെക്രട്ടറിയുടെ ജനകീയ മുഖവുമെല്ലാം ചില ക്രിമിനലുകളുടെ വിഡ്ഢിത്വത്തിന് മുമ്പില്‍ ഇല്ലാതാകരുതെങ്കില്‍, പറ്റിയ കാറ്റുവീഴ്ച ചികില്‍സിച്ചേ മതിയാകൂ. ഒരു വലിയ ജനകീയ പ്രസ്ഥാനത്തിലെ അച്ചടക്കമുള്ള അണികളെ നാടിന്റെ നന്‍മക്കായി ഉപയോഗപ്പെടുത്തണം. സി പി എം ഭവനരഹിതര്‍ക്ക് രണ്ടായിരം വീടുകള്‍ വെച്ചു കൊടുക്കുന്നുവെന്ന വാര്‍ത്ത കേരളം ശ്രവിച്ചത് വലിയപ്രതീക്ഷയോടെയാണ്. ലക്ഷക്കണക്കിന് അണികളുള്ള പ്രസ്ഥാനം ജീവകാരുണ്യ രംഗത്തു സജീവമാകാന്‍ പോകുന്നത് ചെറിയ കാര്യമല്ല. അത്ഭുതങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ കഴിയും, തീര്‍ച്ച. എന്നാല്‍ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ശുഐബിനെ പറയത്തക്ക കാരണങ്ങളില്ലാതെ ഇല്ലാതാക്കിയ കുബുദ്ധികളെ മുഴുവന്‍ അകറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയാറാകുക തന്നെ വേണം. പാര്‍ട്ടി ബന്ധമുള്ള ആരെങ്കിലും പ്രതിപ്പട്ടികയിലുണ്ടെങ്കില്‍ അവരീ പാര്‍ട്ടിയില്‍ കാണില്ലെന്നുള്ള ജില്ലാ സെക്രട്ടറിയുടേയും സംസ്ഥാന സെക്രട്ടറിയുടേയും വാക്കുകള്‍ പാലിക്കപ്പെടണം. തൊലിപ്പുറത്തുള്ള ചികിത്സയല്ല ആവശ്യം. നയപരമായിത്തന്നെ നിലപാടു തിരുത്തപ്പെടണം. സി പി എമ്മില്‍ വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയ ജനവിഭാഗത്തിന് ആഴത്തിലുള്ള മുറിവുകളാണ് സംഭവിച്ചിരിക്കുന്നത്. ആ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കാതിരിക്കണമെങ്കില്‍ മുറിവുകളുണക്കപ്പെടണം. പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തിന് തിരുത്താനും നേരെയാക്കാനുമുള്ള ആര്‍ജവമുണ്ടാകുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.
‘നേതൃത്വത്തിന്റെ മികവ് നോ പറയാന്‍ കഴിയുന്നതിലാണ്. യെസ് എന്നു പറയാന്‍ വളരെ എളുപ്പമാണ് എന്ന് ടോണി ബ്ലയര്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here