ഓസ്‌ട്രേലിയന്‍ മത്തന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം

Posted on: March 6, 2018 10:10 pm | Last updated: March 6, 2018 at 10:10 pm

ദുബൈ: ഓസ്‌ട്രേലിയയില്‍ നിന്ന് എത്തുന്ന മധുര മത്തന്‍, റോക്ക് മെലണ്‍ യു എ ഇ വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. യു എ ഇ മന്ത്രിസഭ 433/2017ന്റെ ഭക്ഷ്യവസ്തുക്കള്‍ക്ക് മേലുള്ള ദ്രുത ജാഗ്രതാ വ്യവസ്ഥയുടെ ഭാഗമായാണ് ഉത്തരവെന്ന് മന്ത്രാലയം ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ റോക്ക് മെലണില്‍ ലിസ്റ്റെറിയ എന്നറിയപ്പെടുന്ന ബാക്ടീരിയയുടെ അംശം കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഭക്ഷ്യ സുരക്ഷാ ഡയറക്ടര്‍ മജ്ദ് അല്‍ ഹിര്‍ബാവി വ്യക്തമാക്കി.

അടുത്തിടെ ഈ ബാക്ടീരിയമൂലം ഓസ്‌ട്രേലിയയില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സംരക്ഷണവും ജനങ്ങളുടെ ആരോഗ്യത്തിന് വലിയ വിലയുമാണ് അധികൃതര്‍ നല്‍കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വിപണിയിലുള്ള മുഴുവന്‍ റോക്ക് മെലണുകളും നീക്കം ചെയ്യാന്‍ അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ നഗരസഭാ അധികൃതര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. വിപണിയില്‍ റോക്ക് മെലണ്‍ വില്‍പന നടത്തുന്നുണ്ടോയെന്നും അധികൃതര്‍ പരിശോധിക്കും.