ദുബൈ ഹോള്‍സെയില്‍ സിറ്റിയില്‍ ലുലുവിന് 30 കോടി ദിര്‍ഹമിന്റെ പദ്ധതി

Posted on: March 6, 2018 9:42 pm | Last updated: March 6, 2018 at 9:42 pm
ഹോള്‍സെയില്‍ സിറ്റി സി ഇ ഒ അബ്ദുല്ല ബെല്‍ഹൂലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയും ധാരണാപത്രം ഒപ്പുവെച്ചപ്പോള്‍. സഊദ് അബു അല്‍ ശവാരിബ്, എം എ സലീം സമീപം

ദുബൈ: മധ്യ പൗരസ്ത്യ ദേശത്തെ വലിയ വാണിജ്യ ഗ്രൂപ്പായ ലുലുവുമായി കരാറില്‍ ഏര്‍പെട്ടതായി ദുബൈ ഹോള്‍സെയില്‍ സിറ്റി സി ഇ ഒ അബ്ദുല്ല ബെല്‍ഹൂല്‍ അറിയിച്ചു. സെന്‍ട്രല്‍ ലോജിസ്റ്റിക് ഹബ്ബില്‍ 30 കോടി ദിര്‍ഹം മുതല്‍ മുടക്കാന്‍ ലുലു തയാറായിട്ടുണ്ട്. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 30 മാസം കൊണ്ടാണ് ലോജിസ്റ്റിക് ഹബ്ബ് പൂര്‍ത്തിയാവുക. ലുലു ഗ്രൂപ്പിന്റെ മികച്ച വിതരണ ശൃംഖല ഇവിടെ ഉണ്ടാകും. ലോകോത്തര അടിസ്ഥാന സൗകര്യമാണ് ഹോള്‍സെയില്‍ സിറ്റിയില്‍ ഒരുക്കുന്നത്. ഭക്ഷ്യോത്പന്ന വാണിജ്യത്തിനു ഏറ്റവും അനുയോജ്യമായ കേന്ദ്രമായിരിക്കും സിറ്റി. വാണിജ്യ രംഗത്തെ, പ്രാദേശികവും അന്താരാഷ്ട്രവുമായ ഗതിവിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന കേന്ദ്രമായിരിക്കുമിത്. ദുബൈ വ്യവസായ ഉദ്യാനം, ദുബൈ ഭക്ഷ്യ ഉദ്യാനം എന്നിങ്ങനെ സിറ്റിയെ വിഭജിച്ചിട്ടുണ്ട്.

ദുബൈയുടെ സാമ്പത്തിക വൈവിധ്യവത്കരണത്തില്‍ ശ്രദ്ധേയമായ പങ്ക് ഹോള്‍സെയില്‍ സിറ്റി വഹിക്കുമെന്നും അബ്ദുല്ല ബെല്‍ഹൂല്‍ പറഞ്ഞു. ലുലുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിലും ഹോള്‍സെയില്‍ സിറ്റി പ്രധാന പങ്കു വഹിക്കുമെന്ന് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. ദുബൈ ജബല്‍ അലിയില്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് ഹോള്‍സെയില്‍ സിറ്റി. കസ്റ്റംസ് ക്ലിയറന്‍സ്, ലൈസന്‍സിങ് അടക്കം സമഗ്ര സേവനമാണ് നടത്തുന്നത്.
മേഖലയില്‍ 144 ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഉള്ള ഗ്രൂപ്പാണ് ലുലു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന അമ്പത് സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ലുലുവുണ്ട്.

സെന്‍ട്രല്‍ ലോജിസ്റ്റിക്ക് ഹബ്ബില്‍ ലുലു നിക്ഷേപിക്കുക വഴി യു എ ഇ ചില്ലറ വില്‍പന മേഖലയുടെ വാര്‍ഷിക വളര്‍ച്ചയില്‍ 4.9 ശതമാനത്തിന്റെ കുതിപ്പ് ഉണ്ടാകും. 2021 ഓടെ 7100 കോടി ഡോളറിന്റെ മൂല്യം രേഖപ്പെടുത്തും. മൊത്തക്കച്ചവടക്കാര്‍ക്കു വേണ്ടി യു എ ഇ വൈസ് പ്രസിഡന്റും
പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്ത പദ്ധതിയാണ് ദുബൈ ഹോള്‍സെയില്‍ സിറ്റി. 5.5 കോടി ചതുരശ്രയടി വിസ്തൃതിയിലാണ് പദ്ധതി. 3000 കോടി ദിര്‍ഹം ചെലവില്‍ പത്തു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഓരോ രാജ്യത്തിനും ഇവിടെ പ്രത്യേകം പവലിയനുകളുണ്ടാകും. ഇതിനിടയില്‍ ഭക്ഷ്യോദ്യാനവും മറ്റു അടിസ്ഥാന സൗകര്യങ്ങളും യാഥാര്‍ഥ്യമായിട്ടുണ്ട്.
മലയാളികളുടെ ഉടമസ്ഥതയില്‍ ഉള്ള ജലീല്‍ ഹോള്‍ഡിങ്സ് പത്തു കോടി ചെലവില്‍ മൊത്ത വില്‍പന കേന്ദ്രം ആരംഭിക്കാന്‍ കരാറായിട്ടുണ്ട്.