ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ തിയാങ്‌ഗോങ്-1 ഒരാഴ്ചക്കകം ഭൂമിയില്‍ പതിക്കും

Posted on: March 6, 2018 7:24 pm | Last updated: March 6, 2018 at 7:24 pm
SHARE

ബെയ്ജിംഗ്: ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ തിയാങ്‌ഗോങ്-1 ഒരാഴ്ചക്കകം ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍ എവിടെയാണ് നിലയം പതിക്കുകയെന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയില്ല. നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

നിലയം പതിക്കാന്‍ സാധ്യത ഏറ്റവും കൂടിയ സ്ഥലങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുള്ളതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇഎസ്എ നേരത്തെ വ്യക്തമാക്കിയിരുന്നു.

2016ല്‍ തങ്ങള്‍ക്ക് തിയോങ്‌ഗോങ്-1 ന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും നിയന്ത്രണം പുന:സ്ഥാപിക്കാന്‍ സാധിക്കില്ലെന്നും ചൈന അറിയിച്ചിരുന്നു.

യുഎസിന്റെ എയ്‌റോ സ്‌പേസ് കോര്‍പ്പറേഷന്റെ നിഗമനമനുസരിച്ച് തിയാങ്‌ഗോങ്-1 ഏപ്രില്‍ ആദ്യം ഭൗമാന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കും. എന്നാല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രവചനപ്രകാരം മാര്‍ച്ച് 24നും ഏപ്രില്‍ 19നും ഇടയ്ക്ക് നിലയം താഴേക്കു പതിക്കും.

2011ലാണ് 8500 ടണ്‍ ഭാരമുള്ള തിയാങ്‌ഗോങ്-1 ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍(ഐഎസ്എസ്) ചൈന വികസിപ്പിച്ചതാണ് തിയാങ്‌ഗോങ്-1.

 

LEAVE A REPLY

Please enter your comment!
Please enter your name here