കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതിയുടെ അനുമതി

Posted on: March 6, 2018 12:14 pm | Last updated: March 6, 2018 at 4:15 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയുടെ അനുമതി. അറസ്റ്റ് തടയാന്‍ ഇടക്കാല ഉത്തരവ് സമര്‍പ്പിക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി തള്ളി.

തനിക്ക് ഐഎന്‍എക്‌സ് മീഡിയ കേസുമായി ഒരു ബന്ധവുമില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്നും കാര്‍ത്തി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റിനെകുറിച്ച് ആശങ്കയുണ്ടെന്നും സിബിഐ കസ്റ്റഡി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇഡി കാര്‍ത്തിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമസ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാര്‍ത്തി ഇവരെ വഴിവിട്ടു സഹായിച്ചെന്നാണ് ആരോപണം.